ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ അവസാന അങ്കം ഇന്ന് | India vs Australia

ഇന്ത്യ-ഓസ്ട്രേലിയ ട്വൻറി-20 പരമ്പരയുടെ ഫൈനൽ ഇന്ന് നടക്കും. രാത്രി 7 മണിക്ക് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം.ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് നിൽക്കുന്നതിനാൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാകും.

ആദ്യ മത്സരത്തിൽ ഇന്ത്യയെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയപ്പോൾ രണ്ടാം ടി20യിൽ തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തുകയായിരുന്നു.ഇന്ത്യയെ സംബന്ധിച്ചടുത്തോളം ബൗളിംഗ് നിരയാണ് പ്രധാനമായും പ്രശ്നമുണ്ടാക്കുന്നത്. ഹർഷൽ പട്ടേലും യുസ്‌വേന്ദ്ര ചാഹലുമാണ് ബൗളിംഗിൽ ഇന്ത്യയെ പ്രധാനമായും അലട്ടുന്നത്.

സീനിയർ ബൗള‍ർ ഭുവനേശ്വർ കുമാറിൻറെ കാര്യത്തിലും അവസ്ഥ സമാനമാണ്. പരിക്ക് മാറി തിരിച്ചെത്തിയ ജസ്പ്രീത് ബുംറയും അക്സർ പട്ടേലുമാണ് നിലവിൽ വലിയ ആശ്വാസം പകരുന്നത്. അക്സർ ആദ്യ മത്സരത്തിൽ മൂന്നും രണ്ടാം മത്സരത്തിൽ രണ്ടും വിക്കറ്റെടുത്തിരുന്നു.

രണ്ടാം മത്സരം എട്ട് ഓവറാക്കി ചുരുക്കിയതിനാൽ നാല് സ്പെഷലിസ്റ്റ് ബൗളർമാരെയും ഹർദ്ദിക് പാണ്ഡ്യയെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഭുവനേശ്വർ കുമാറിന് പകരം റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. വിക്കറ്റ് കീപ്പറായെങ്കിലും ബാറ്റിംഗിന് പന്തിന് ഇറങ്ങേണ്ടിവന്നിരുന്നില്ല. രണ്ട് പന്തിൽ 10 റൺസുമായി അവസാന ഓവറിൽ മത്സരം ഫിനിഷ് ചെയ്ത ദിനേശ് കാർത്തിക് ടീമിൽ തുടരാനാണ് സാധ്യത.

ഭുവനേശ്വർ കുമാർ ടീമിൽ തിരിച്ചെത്തിയാൽ റിഷഭ് പന്ത് പുറത്തിരിക്കേണ്ടി വരും. ഹർദ്ദിക് പാണ്ഡ്യക്കും ഇതുവരെ ബൗളിംഗിൽ ഫോമിലേക്ക് ഉയരാനായിട്ടില്ല. യുസ്‌വേന്ദ്ര ചാഹലിന് പകരം മൂന്നാം മത്സരത്തിൽ ആർ അശ്വിനെ കളിപ്പിക്കാനാണ് സാധ്യത.

ഹർഷലിന് താളം കണ്ടെത്താൻ ഇന്നത്തെ മത്സരത്തിൽ അവസരം നൽകാൻ തീരുമാനിച്ചാൽ ഭുവനേശ്വറും ബുമ്രയും ഹർഷലുമാകും പേസ് നിരയിലുണ്ടാകുക.മറുവശത്ത് ഓസ്ട്രേലിയൻ ടീമിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

ബാറ്റിംഗ് നിരയിൽ കാമറൂൺ ഗ്രീൻ ആദ്യ മത്സരത്തിൽ തിളങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ നിരാശപ്പെടുത്തി. ബൗളിംഗിൽ ആദം സാംബയാണ് ഓസ്ട്രേലിയൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. ടെസ്റ്റ് നായകൻ പാറ്റ് കമ്മിൻസും ജോസ് ഹെയ്സൽവുഡും ഒഴികെയുള്ളവർ അന്തിമ ഇലവനിൽ ഇടം കണ്ടെത്തുമോയെന്ന് കണ്ടറിയണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News