ആര്യാടന്‍റെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു | Aryadan Muhammed

ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു

പ്രമുഖ കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.ശ്രദ്ധേയനായ നിയമസഭാ സാമാജികൻ എന്ന നിലയിലും മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് മുൻപന്തിയിൽ നിന്ന വ്യക്തി എന്ന നിലയിലും അദ്ദേഹം വളരെയേറെ ശ്രദ്ധേയനായിരുന്നു.

ജനകീയനായ നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്.അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും, പാർട്ടി പ്രവർത്തകരുടേയും ദു:ഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.

ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ അനുശോചിച്ചു

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. 1964 മുതൽ തുടങ്ങിയ ആത്മബന്ധമാണ് എനിക്ക് ആര്യാടൻ മുഹമ്മദുമായി ഉള്ളത്. കറകളഞ്ഞ മതേതരവാദിയായ നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ രാഷ്ട്രീയ കേരളത്തിന് നഷ്ടമായിരിക്കുന്നത്.

കെ.പി.സി.സി ഭാരവാഹി, ട്രേഡ് യൂണിയൻ നേതാവ്, മന്ത്രി എന്നീ നിലകളിൽ സംഘടനാരംഗത്തും ഭരണരംഗത്തും മികവ് പുലർത്തിയിരുന്ന ആര്യാടൻ മുഹമ്മദിന്റെ വേർപാട് തീരാനഷ്ടമാണെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു.

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ്‌ (87) അന്തരിച്ചു. രാവിലെ 7.40 ന്‌ കോഴിക്കോടായിരുന്നു അന്ത്യം. ഒരാഴ്‌ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം തിങ്കൾ രാവിലെ 9 ന് നിലമ്പൂരിൽ നടക്കും.

1935 മേയ് 15 ന്‌ നിലമ്പൂരിലാണ്‌ ജനനം. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. കോൺഗ്രസ് അംഗമായി 1952-ലാണ്‌ രാഷ്ട്രീയപ്രവേശനം. 1958 മുതൽ കെപിസിസി അംഗമാണ്‌. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.

1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ കെ നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു.

ഒമ്പതാം നിയമസഭയിലെ എ കെ ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News