ഓര്‍മ്മകളില്‍ ഇന്നും എസ്പിബി എന്ന മാന്ത്രിക ശബ്ദം | S. P. Balasubrahmanyam

എസ് പി ബി എന്നത് സംഗീതപ്രേമികൾക്ക് മൂന്ന് അക്ഷരമായിരുന്നില്ല അതൊരു വികാരമായിരുന്നു. ആത്മാവിലേക്ക് ചേർത്തുവെച്ച അനേകം ഗാനങ്ങളായിരുന്നു. എസ് പി ബി ഒരുക്കിയ സംഗീത മാധുരി ലക്ഷകണക്കിന് ആരാധകരുടെ ദുഃഖത്തിലും ആനന്ദത്തിലും അലിഞ്ഞുചേർന്നു. നിത്യതയിലേക്ക് എസ്.പി. ബാലസുബ്രഹ്മണ്യം മറഞ്ഞു പോയിട്ട് ഇന്നേക്ക് രണ്ടു വർഷം. ഇന്ത്യൻ സംഗീത ഹൃദയം കീഴടക്കിയ മാന്ത്രിക ശബ്ദം…

എസ് പി ബി യാത്രയായപ്പോൾ അവശേഷിക്കുന്നത് സംഗീത പ്രേമികളുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ ‘39000’ഓളം ഗാനങ്ങൾ. എന്നാൽ ഗായകൻ എന്ന വിശേഷണത്തിൽ മാത്രം ഒതുക്കാവുന്ന വ്യക്തിത്വമല്ല എസ് പി ബിയുടേത്. സർവകലാവല്ലഭൻ എന്നു വരെ വിശേഷിപ്പിക്കാവുന്ന പ്രതിഭയാണ് എസ് പി ബി. സംഗീത സംവിധായകൻ, അഭിനേതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്, സീരിയൽ അഭിനേതാവ്, ടെലിവിഷൻ അവതാരകൻ, റിയാലിറ്റി ഷോ ജഡ്ജ് എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് എസ് പി ബി.

ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോക റെക്കോർഡ് എസ് പി ബിയുടെ പേരിലാണ്. 1946 ജൂൺ 4-ന് ആന്ധ്രയിലെ നെല്ലൂർ ജില്ലയിലെ കോനെട്ടമ്മപേട്ടയിൽ ജനനം. അവിടെ നിന്ന് അച്ഛന്റെ ഇഷ്ടപ്രകാരം ചെന്നൈയിൽ എൻജിനീയറിംഗ് പഠിക്കാനെത്തിയ ബാലസുബ്രഹ്മണ്യത്തെ കാത്തിരുന്നത് ഗാനചക്രവ‌ർത്തിയുടെ സിംഹാസനമായിരുന്നു.

പാടാൻ ആദ്യം അവസരം നൽകിയത് എം.എസ്. വിശ്വനാഥൻ ആണ്.എൽ.ആർ.ഈശ്വരിക്കൊപ്പം പാടിയ ഗാനം ചിത്രം റിലീസാകാത്തതുകാരണം അധികമാരും കേട്ടില്ല. അതിനുശേഷം ‘ശാന്തിനിലയം’ എന്ന ചിത്രത്തിൽ ‘ഇയർകൈ എന്നും ഇളയകന്നി…’ എന്ന ഒരു ഗാനം എം.എസ് കൊടുത്തു. പി.സുശീലയ്ക്കൊപ്പമുള്ള ഒരു യുഗ്മഗാനം. അന്ന് തമിഴ് സിനിമയിൽ മുടിചൂടാമന്നനായി നിൽക്കുന്ന എം.ജി.ആറിന് ശബ്ദം ഇഷ്ടപ്പെട്ടു.

‘അടിമപ്പെൺ’ എന്ന ചിത്രത്തിനു വേണ്ടി കെ.വി. മഹാദേവന്റെ സംഗീത സംവിധാനത്തിൽ ബാലുവിനെക്കൊണ്ടു പാടിക്കാൻ തീരുമാനിച്ചത് എം.ജി.ആർ. ‘അടിമപ്പെണ്ണി’നുവേണ്ടി ബാലു പാടിയ ‘ആയിരം നിലവേ വാ…..’ വൻ ഹിറ്റായതോടെ ബാലു തമിഴരുടെ സ്വന്തം പാട്ടുകാരനായി.’ശങ്കരാഭരണ’ത്തിലെ ഗാനങ്ങളിലൂടെ എസ്.പി.ബി ദക്ഷിണേന്ത്യയാകെ ഇളക്കിമറിച്ചു. കെ.വിശ്വനാഥ് സംവിധാനം ചെയ്ത്, കെ.വി. മഹാദേവൻ സംഗീതം നൽകിയ ആ ചിത്രത്തിലെ പത്തു പാട്ടുകളിൽ ഒൻപതിലും എസ്.പി.ബിയുടെ ശബ്ദമായിരുന്നു. 1981ൽ കെ. ബാലചന്ദർ സംവിധാനംചെയ്ത ‘ഏക് ദുജേ കേലിയേ’ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലുമെത്തി.

1990ൽ ‘കേളടി കൺമണി’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത്. കടൽപ്പാലം എന്ന ചിത്രത്തിലെ ‘ഈ കടലും മറുകടലും…’ ആണ് എസ്.പി.ബി പാടിയ ആദ്യ മലയാളഗാനം. തുടർന്ന് വ്യത്യസ്ത അനുഭൂതികൾ പകർന്ന അനേകം ഗാനങ്ങൾ മലയാളികൾക്ക് മാത്രമായി അദ്ദേഹം പകർന്നു തന്നു.

നാൽപ്പതിനായിരത്തോളം പാട്ടുകൾ പല ഭാഷകളിലായി അമ്പത് വർഷക്കാലം കൊണ്ട് പാടിത്തീർത്ത എസ്.പി.ബി എന്ന കലാകാരനിലേക്ക് നോക്കുമ്പോൾ ആ കലയിൽ പ്രവർത്തിച്ചിരുന്ന ‘കലാതത്വം’ ഏറ്റവും ലളിതമായിരുന്നു. ജീവിതം എത്ര ഹ്രസ്വം’ എന്ന് കൂടെക്കൂടെ പറയുമായിരുന്ന ആ കലാകാരനിലുണ്ടായിരുന്ന ‘കൊച്ചു കൊച്ചു കാര്യങ്ങൾ ആസ്വദിക്കുക’ എന്ന ജീവിതതത്വമായിരുന്നിരിക്കണം അത്. പാടിയ പാട്ടുകളിലും, അഭിനയിച്ച മുഹൂർത്തങ്ങളിലും, സ്റ്റുഡിയോയിൽ ഡബ്ബിങ് ആർട്ടിസ്റ്റായി നിൽക്കുമ്പോഴും പ്രവർത്തിച്ചിരുന്നത് അതേ അടിസ്ഥാനതത്വമാവും.

രജനികാന്ത് മുഖ്യവേഷത്തിലെത്തിയ അണ്ണാത്തെ എന്ന ചിത്രത്തിലാണ് എസ് പി ബാലസുബ്രഹ്‌മണ്യം ആരാധകർക്കായുള്ള അവസാനം ഗാനം ആലപിച്ചത്. അപ്രതീക്ഷിതമായ ആ വേർപാടിന്റെ വേദന ഇപ്പോഴും വിട്ടുമാറിയിട്ടില്ല ആസ്വാദകർക്ക്. നാലു പതിറ്റാണ്ടുകൾ തുടർച്ചയായി ആലാപനരംഗത്ത് നിറഞ്ഞുനിൽക്കുക, മറ്റൊരു ഗായകനും കഴിയാത്തത്ര റെക്കാഡുകൾ സ്വന്തമാക്കുക, പാട്ടിനൊപ്പം മറ്റു മേഖലകളിലും കഴിവുതെളിയിക്കുക.. ഓർമ്മകളുടെ താരാപഥത്തിൽ എസ്.പി.ബിക്ക് നിത്യത്തിളക്കം…..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News