Aryadan Muhammed | മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവാണ് ആര്യാടൻ : എംവി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി.

മത നിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവാണ് അദ്ദേഹമെന്നും കുടുംബത്തിന്‍റെയും കോണ്‍ഗ്രസ് നേതാക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അനുശോചിച്ചു

മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അനുശോചിച്ചു. ആര്യാടന്റെ വേർപാടിലൂടെ കേരള രാഷ്ട്രീയത്തിലെ ഒരു യുഗം ആണ് അവസാനിക്കുന്നത്. നിലപാടുകളിലെ കാർക്കശ്യം അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തി. മത നിരപേക്ഷ നിലപാടുകളിൽ അടിയുറച്ചു നിന്ന നേതാവായിരുന്നു ആര്യാടൻ.

വൈദ്യുതി, ഗതാഗത മന്ത്രി തുടങ്ങിയ നിലകളിൽ സംസ്ഥാനത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നേതാവാണ് ആര്യാടൻ മുഹമ്മദ് എന്നും മന്ത്രി റോഷി അഗസ്റ്റിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനത്ത് ഇരുന്നു കൊണ്ട് ആര്യാടൻ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരം ആണെന്നും മന്ത്രി പറഞ്ഞു. ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കു ചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ആര്യാടൻ മുഹമ്മദ്‌ അന്തരിച്ചു

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ്‌ (87) അന്തരിച്ചു. രാവിലെ 7.40 ന്‌ കോഴിക്കോടായിരുന്നു അന്ത്യം. ഒരാഴ്‌ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം തിങ്കൾ രാവിലെ 9 ന് നിലമ്പൂരിൽ.

1935 മേയ് 15 ന്‌ നിലമ്പൂരിലാണ്‌ ജനനം. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. കോൺഗ്രസ് അംഗമായി 1952-ലാണ്‌ രാഷ്ട്രീയപ്രവേശനം. 1958 മുതൽ കെപിസിസി അംഗമാണ്‌. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.

1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ കെ നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു.

ഒമ്പതാം നിയമസഭയിലെ എ കെ ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News