Aryadan muhammad | മതനിരപേക്ഷ നിലപാടുകളിലൂടെ കോണ്‍ഗ്രസിലെ വേറിട്ട ശബ്ദം : ആര്യാടന്‍ മുഹമ്മദ്

മതനിരപേക്ഷ നിലപാടുകളിലൂടെ കോണ്‍ഗ്രസിലെ വേറിട്ട ശബ്ദമായിരുന്നു ആര്യാടന്‍ മുഹമ്മദ്. മലപ്പുറത്ത് നിന്നുകൊണ്ട് ലീഗിനോടും വര്‍ഗീയ നീക്കങ്ങളില്‍ സ്വന്തം നേതൃത്വത്തോടും നിരന്തരം കലഹിച്ചതാണ് പാരമ്പര്യം. നിലമ്പൂരില്‍ നിന്നുള്ള നീണ്ട കാലത്തെ നിയമസഭാ സാമാജികത്വവും ആര്യാടന്‍റെ രാഷ്ട്രീയജീവിതത്തിലെ പ്രധാന ഏടായി മാറുന്നു.

മലബാറിലെ തൊ‍ഴിലാളികളെ നയിച്ചും ഐഎന്‍ടിയുസിയെ സംഘടിപ്പിച്ചുമാണ് ആര്യാടന്‍ മുഹമ്മദ് നിലമ്പൂരില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലേക്കുള്ള പടവ് കയറിയത്. സി കെ ഗോവിന്ദന്‍ നായരുടെ ഗുരുസ്ഥാനം ലീഗ് വിരുദ്ധത ആര്യാടന്‍റെ കൊടിക്കൂറയില്‍ ഉറപ്പിച്ചു. ലീഗിന്‍റെ അപ്രമാദിത്വം കൊണ്ട് അപ്രസക്തമായ മലപ്പുറം കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ലീഗിനെതിരെ നിരന്തരം പൊരുതി. നിലമ്പൂരില്‍ സ്വന്തം ടീമില്‍ കളിക്കുന്ന ലീഗിനെ പോലും പന്തുതട്ടാന്‍ അനുവദിക്കാതെ മുന്‍ സ്കൂള്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കരുത്ത് കാട്ടി. വര്‍ഗീയ പ്രീണനനീക്കങ്ങളില്‍ സ്വന്തം പാര്‍ട്ടി നേതൃത്വത്തിനെതിരെയും ഉടവാളെടുത്തു.

1977 മുതല്‍ എട്ട് തവണ എംഎല്‍എയായ ആര്യാടന്‍ മുഹമ്മദ് ആദ്യം മന്ത്രിയായത് ഇടതുപക്ഷത്തിനൊപ്പം 1980ലാണ്. തൊ‍ഴില്‍ മന്ത്രിയായി കര്‍ഷക തൊ‍ഴിലാളി പെന്‍ഷന്‍ ആരംഭിക്കാനുള്ള നായനാര്‍ സര്‍ക്കാരിന്‍റെ വിപ്ലവ നടപടിക്കൊപ്പം നിന്നു. പിന്നീട് 2001 മുതലുള്ള അഞ്ച് വര്‍ഷം എകെ ആന്‍റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍. 2011ല്‍ രണ്ടാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി മലയോരങ്ങളില്‍ വൈദ്യുതിയെത്തിച്ചു. പാര്‍ട്ടിക്കുള്ളില്‍ കോ‍ഴിക്കോടും മലപ്പുറത്തും കോണ്‍ഗ്രസിന്‍റെ നേതൃത്വമായി. കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

ആര്യാടന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ കരിനി‍ഴല്‍ വീ‍ഴ്ത്തിയ സംഭവങ്ങളും ചെറുതല്ല. ആര്‍ക്കും വിട്ടുകൊടുക്കാതെ ആര്യാടന്‍ കുടുംബത്തിന്‍റെ സ്വത്താക്കി നിലമ്പൂര്‍ മണ്ഡലത്തെ കൈയടക്കി വച്ചതും മകന്‍റെ രാഷ്ട്രീയ പ്രവേശത്തിന് നിലമ്പൂരില്‍ തന്നെ കസേരയിട്ടതും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് വിമര്‍ശനത്തിന്‍റെ മുറുമുറുപ്പായി ഉയര്‍ന്നു. നിലമ്പൂരിലെ സിപിഐഎം നേതാവും എംഎല്‍എയുമായിരുന്ന കെ കുഞ്ഞാലിയെ വെടിവെച്ചുകൊന്ന കേസില്‍ ഒന്നാം പ്രതിയായി. ഒമ്പത് മാസത്തോളം കാലം വിചാരണാത്തടവുകാരനായി ജയിലില്‍ ക‍ഴിഞ്ഞു. പിന്നീട് കോടതി വെറുതേവിടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here