Thallumala: ‘ലോല ലോല ലോലാ’; തല്ലുമാലയിലെ തല്ലുപാട്ട് പുറത്തുവിട്ടു

ഈയടുത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ വലിയ വിജയങ്ങളില്‍ ഒന്നാണ് തല്ലുമാല(Thallumala). ടൊവിനോ തോമസിനെ(Tovino Thomas) നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം പേര് സൂചിപ്പിക്കുന്നതുപോലെ ആക്ഷന്‍ സീക്വന്‍സുകള്‍ ഒന്നിനുപിന്നാലെ ഒന്നെന്ന രീതിയില്‍ കോര്‍ത്ത ഒന്നായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ട്രെന്‍ഡ് സൃഷ്ടിച്ച ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ലോല ലോല ലോലാ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുഹ്‌സിന്‍ പരാരിയാണ്. വിഷ്ണു വിജയ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹൃതിക് ജയകൃഷ്, നേഹ ഗിരീഷ്, ഇഷാന്‍ സനില്‍, തേജസ് കൃഷ്ണ എന്നിവര്‍ക്കൊപ്പം വിഷ്ണു വിജയ്‌യും ചേര്‍ന്നാണ്.

ട്രീറ്റ്‌മെന്റിലെ പുതുമ കൊണ്ടും ദൃശ്യഭംഗി കൊണ്ടും യുവപ്രേക്ഷകരില്‍ തരംഗം തീര്‍ത്ത ചിത്രമാണ് തല്ലുമാല. തിയറ്റര്‍ വിജയത്തിനു പിന്നാലെ ഒടിടി റിലീസ് ആയി നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയപ്പോഴും ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചത്. ഓഗസ്റ്റ് 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത് 71.36 കോടിയാണ്. കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഓഗസ്റ്റ് 12 നാണ് ചിത്രം റിലീസ് ആയത്. യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസ് ആയിരുന്നു തല്ലുമാലയ്ക്ക്. ഇന്ത്യന്‍ റിലീസില്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും മികച്ച സ്‌ക്രീന്‍ കൌണ്ട് ഉണ്ടായിരുന്നു. റിലീസ് ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് ഇത്. ആദ്യ നാല് ദിനങ്ങളിലെ ആഗോള ഗ്രോസ് 31 കോടി വരുമെന്നായിരുന്നു അനൗദ്യോഗിക കണക്കുകള്‍.

ചിത്രത്തിന്റെ രചന മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്റെ പേര്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News