NASA; ചുഴലിക്കാറ്റ് ഭീഷണി; ആര്‍ട്ടെമിസ് 1 വിക്ഷേപണം വീണ്ടും മാറ്റി

ചുഴലിക്കാറ്റ് സാധ്യത പരിഗണിച്ച് നാസ ചൊവ്വാഴ്ച നടത്താനിരുന്ന ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് 1ന്റെ വിക്ഷേപണം മാറ്റി. അപ്പോളോ ദൗത്യത്തിന്റെ തുടര്‍ച്ചയായ ആര്‍ട്ടിമിസ് പദ്ധതിയുടെ വിക്ഷപണം ഇത് മൂന്നാം തവണയാണ് തടസ്സപ്പെടുന്നത്. ഹൈഡ്രജന്‍ ഇന്ധന ചോര്‍ച്ചയും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും കാരണമാണ് കഴിഞ്ഞ രണ്ടു തവണയും വിക്ഷേപണം മുടങ്ങിയത്. നിലവില്‍ ഈ രണ്ടു അപാകതകളും പരിഹരിച്ചിരുന്നു.

കരീബിയന്‍ തീരത്ത് വീശിയടിക്കുന്ന ഉഷ്ണ മേഖല കൊടുങ്കാറ്റ് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നും വ്യാഴാഴ്ച ഫ്‌ളോറിഡ തീരത്ത് ആഞ്ഞടിക്കുമെന്നും പ്രവചനങ്ങള്‍ വന്നു. ഇതോടെയാണ് വിക്ഷേപണം വീണ്ടും മാറ്റിയത്. ചൊവ്വാഴ്ചത്തെ വിക്ഷേപണ ശ്രമം ഉപേക്ഷിക്കാനും മുകളില്‍ ഓറിയോണ്‍ കാപ്‌സ്യൂള്‍ ഉളള ബഹിരാകാശ വിക്ഷപണ സംവിധാനം ലോഞ്ച് പാഡില്‍ നിന്ന് നീക്കാനും വെഹിക്കിള്‍ അസംബ്ലി ബില്‍ഡിങ്ങിലേക്ക് തിരികെ എത്തിക്കാനും നാസ ശനിയാഴ്ച തീരുമാനിച്ചു.

വിക്ഷേപണത്തറയില്‍ തുടര്‍ന്നാല്‍ നാസക്ക് ഒക്ടോബര്‍ രണ്ടിന് വിക്ഷപണത്തിന് ശ്രമിക്കാം. എന്നാല്‍ തിരികെ എത്തിച്ചാല്‍ നവംബറിലേക്ക് നീണ്ടേക്കാം. ഇക്കാര്യത്തില്‍ ഞായറാഴ്ച അന്തിമ തീരുമാനം എടുക്കും. നാസയുടെ എസ്എല്‍എസ് റോക്കറ്റിലാണ് ആര്‍ട്ടെമിസ് എന്ന ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുളള ആര്‍ട്ടെമിസ് 1 ന്റെ ആദ്യ വിക്ഷേപണം നടത്തുക.

2024 ല്‍ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുന്നതിന് മുന്നോടിയായാണ് നാസ പരീക്ഷണാര്‍ത്ഥം ആര്‍ട്ടെമിസ് 1 വിക്ഷേപിക്കുന്നത്. പരീക്ഷണ യാത്രയായതിനാല്‍ മനുഷ്യര്‍ യാത്രക്കാരായിരിക്കില്ല. ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിക്കാനാണ് ആദ്യ ദൗത്യം ലക്ഷ്യമിടുന്നത്. ബഹിരാകാശ യാത്രയിലേക്ക് സ്വകാര്യ പങ്കാളിത്തമെത്തിക്കുക എന്ന കാരണത്താല്‍ ചരിത്രപരമായും ഏറെ പ്രാധാന്യമുളള പദ്ധതിയാണ് ആര്‍ട്ടെമിസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News