VPN: വിപിഎന്‍ കമ്പനികള്‍ ഇന്ത്യ വിടുന്നു!

കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതിന് പിന്നാലെ വിപിഎന്‍ കമ്പനികള്‍(VPN Companies) വീണ്ടും ഇന്ത്യ വിടുകയാണ്. ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇത് വലിയൊരു ഷോക്കാണ്. വിപിഎന്‍ അഥവാ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് സ്വകാര്യത പങ്കുവെയ്ക്കാതെ തന്നെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ്. വിപിഎന്‍ അടിസ്ഥാനപരമായി നെറ്റ്വര്‍ക്ക് ട്രാഫിക് എന്‍ക്രിപ്റ്റ് ചെയ്യുകയും പൊതു ഇന്റര്‍നെറ്റ് കണക്ഷനുകള്‍ സുരക്ഷിതമാക്കുകയും ചെയ്യുന്നു. ഓണ്‍ലൈനില്‍ ഒരു പരിധിവരെ ഇത് സ്വകാര്യത ഉറപ്പാക്കുന്നു. മികച്ച ഓണ്‍ലൈന്‍ സ്വകാര്യതയ്ക്കും ഇന്റര്‍നെറ്റ് സുരക്ഷയ്ക്കുമാണ് ലോകമെമ്പാടുമുള്ളവര്‍ വിപിഎന്‍ ആശ്രയിക്കുന്നത്.

എക്‌സ്പ്രസ്, സര്‍ഫ്ഷാര്‍ക് വിപിഎന്‍ കമ്പനികള്‍ക്ക് പിന്നാലെയാണ് പ്രോട്ടോണ്‍ വിപിഎന്നും ഇപ്പോഴിതാ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നത്. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പുതിയ നിബന്ധന അനുസരിക്കില്ല എന്നതാണ് രാജ്യം വിടാനുള്ള കാരണം. വെര്‍ച്വല്‍ – പ്രൈവറ്റ്- നെറ്റ്വര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ പേരു കേട്ട കമ്പനിയാണ് പ്രോട്ടോണ്‍. ആഗോളതലത്തിലെ തന്നെ പ്രധാന വിപിഎന്‍ സേവനദാതാക്കളിലൊരാളാണ് പ്രോട്ടോണ്‍. നിലവില്‍ സേവനം നിര്‍ത്തിയാലും ഇന്ത്യയിലെ ഉപഭോക്താക്കള്ക്ക് തുടര്‍ന്നും പ്രോട്ടോണ്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. ഇതിന് വേണ്ടി ഇന്ത്യന്‍ ഐപി അഡ്രസ് നല്‍കുന്നതിനായി ‘സ്മാര്‍ട് റൂട്ടിങ് സെര്‍വറുകള്‍’ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു.

വിപിഎന്‍ ചട്ടങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ സൈബര്‍ സുരക്ഷാ മാര്‍ഗരേഖ നടപ്പാക്കാന്‍ വിപിഎന്‍ ദാതാക്കള്‍ക്ക് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചിരുന്നു. ഇതിന് മടിച്ച കമ്പനികളാണ് രാജ്യം ഇപ്പോള്‍ വിടുന്നത്. പുതിയ വിപിഎന്‍ നെറ്റ്വര്‍ക്കുകള്‍, ക്ലൗഡ് സ്റ്റോറേജ് സേവനങ്ങള്‍ ഉപയോഗിക്കരുതെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍േദശം നല്കിയിരുന്നു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും (എന്‍.ഐ.സി.), ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുമാണ് (സിഇആര്‍ടി-ഇന്‍) ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യമെമ്പാടും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
രാജ്യത്തിന്റെ പുതിയ വിപിഎന്‍ നയം പ്രഖ്യാപിച്ചതിന് പിന്നാലെ നോര്‍ഡ്വിപിഎന്‍ (NordVPN), എക്‌സ്പ്രസ്വിപിഎന്‍ (ExpressVPN) തുടങ്ങിയ ജനപ്രിയ വിപിഎന്‍ (VPN) സേവന ദാതാക്കള്‍ ഇന്ത്യയില്‍ നിന്ന് നെറ്റ്വര്‍ക്കുകള്‍ നീക്കം ചെയ്യുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.

ഉപയോക്താക്കളുടെ വിവരങ്ങള്‍ അഞ്ചു വര്‍ഷം സൂക്ഷിക്കണമെന്ന് വിപിഎന്‍ സേവനദാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശമുണ്ട്. എക്സ്പ്രസ്, സര്‍ഫ്ഷാര്‍ക് എന്നീ വിപിഎന്‍ കമ്പനികള്‍ സ്വകാര്യതയില്‍ വീട്ടുവീഴ്ച നടത്തില്ലെന്ന് അറിയിച്ചതിനൊപ്പം ഇന്ത്യയിലെ സെര്‍വറുകള്‍ നേരത്തെ നിര്‍ത്തിവെയ്ക്കുകയായിരുന്നു. വിപിഎന്‍ സേവനങ്ങളുടെ അടിസ്ഥാന തത്വത്തിന് വീപരിതമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണം. പല പാശ്ചാത്യ രാജ്യങ്ങളിലും വിപിഎന്‍ ഉപയോഗം നിയമവിധേയമാണ്. ഇനി ഇന്ത്യയില്‍, പുതിയ നിയമത്തിനെതിരെ ആരെങ്കിലും കോടതിയെ സമീപിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here