Madhyapradesh; മുഷിഞ്ഞ യൂണിഫോം ധരിച്ച് വിദ്യാർത്ഥിനി എത്തി; ക്ലാസ് മുറിയിൽ വസ്ത്രം അഴിപ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

പത്ത് വയസുകാരിയെ ക്ലാസിലെ മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ച് നിര്‍ബന്ധപൂര്‍വം യൂണിഫോം അഴിപ്പിച്ച അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മുഷിഞ്ഞ യൂണിഫോം ധരിച്ചെത്തിയതിനാലാണ് ഗോത്രവിഭാഗക്കാരിയായ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയോട് യൂണിഫോം അഴിച്ചുമാറ്റാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടത്.

ശഹ്‌ഡോല്‍ ജില്ലയില്‍ ഗോത്രകാര്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി സ്‌കൂളില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച പെണ്‍കുട്ടി തന്റെ വസ്ത്രങ്ങള്‍ കഴുകുന്നതും സമീപത്ത് അധ്യാപകനായ ശ്രാവണ്‍ കുമാര്‍ ത്രിപാഠിയും സഹപാഠികളും നില്‍ക്കുന്നതുമായ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വസ്ത്രങ്ങള്‍ ഉണങ്ങുന്നതുവരെ വിദ്യാര്‍ഥിനിയ്ക്ക് അതേ നിലയില്‍ ക്ലാസിലിരിക്കേണ്ടി വന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

സംഭവത്തിന്റെ ചിത്രങ്ങള്‍ ഗോത്രകാര്യ വകുപ്പിന്റേയും മറ്റും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അധ്യാപകന്‍ തന്നെ ഷെയര്‍ ചെയ്തു. ‘സ്വച്ഛ മിത്ര’ ( വ്യത്തിയുടെ സന്നദ്ധസേവകന്‍) എന്ന് സ്വയം വിശേഷിപ്പിച്ചായിരുന്നു അധ്യാപകന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ചെളിപുരണ്ട യൂണിഫോം മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ച് അഴിച്ചുമാറ്റാനും അലക്കിയിടാനും അധ്യാപകന്‍ നിര്‍ബന്ധിച്ചതായും അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായും മധ്യപ്രദേശ് ട്രൈബല്‍ വെല്‍ഫെയര്‍ ഡിപാര്‍ട്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ആനന്ദ് റായ് സിന്‍ഹ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News