Hair fall: കൊവിഡിന് ശേഷം മുടി കൊഴിച്ചില്‍ സത്യമോ?

കൊവിഡ്(Covid) ബാധിക്കപ്പെടുമ്പോഴുള്ള ബുദ്ധിമുട്ടിനെക്കാളേറെ, കൊവിഡിന് ശേഷം ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് ഇന്ന് മിക്കവരെയും വലയ്ക്കുന്നത്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, ക്ഷീണം തുടങ്ങി പല ബുദ്ധിമുട്ടുകളും കൊവിഡിന് ശേഷം നീണ്ടുനില്‍ക്കാം. ഇതിനെ ലോംഗ് കൊവിഡ് എന്നാണ് വിളിക്കപ്പെടുന്നത്.

ചിലര്‍ ലോംഗ് കൊവിഡിന്റെ ഭാഗമായി മുടി കൊഴിച്ചില്‍(Hair fall) നേരിടുന്നതായി പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാണോയെന്ന് ഇപ്പോഴും അറിയാത്തവരുണ്ട്. സംഗതി യഥാര്‍ത്ഥമായ പ്രശ്‌നം തന്നെയാണ്. ഇപ്പോള്‍ യുകെയില്‍ നിന്ന് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം കൊവിഡ് ബാധിക്കുന്നവരില്‍ ഏതാണ്ട് 60 ശതമാനം പേര്‍ക്കും ഇതിനോടനുബന്ധമായി മുടി കൊഴിച്ചിലുണ്ടാകുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ശരീരം ശക്തിയേറിയ വൈറസുമായി പോരാടി നില്‍ക്കുമ്പോള്‍ മുടിയുടെ വളര്‍ച്ചയ്‌ക്കോ ആരോഗ്യത്തിനോ വേണ്ടി അതിന് കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയാതെ വരുന്നതാണത്രേ കൂടുതലും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത്. മുടിയുടെ വളര്‍ച്ച മുതല്‍ അത് കൊഴിയുന്നത് വരെയുള്ള കാലയളവ് മൂന്ന് ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാകുന്നത്.

ആദ്യഘട്ടത്തില്‍ മുടിയുടെ വളര്‍ച്ച മാത്രമാണുണ്ടാകുന്നത് ഇത് മൂന്ന് മുതല്‍ ആറ് വര്‍ഷം വരെയാണ് ഉണ്ടാവുക. രണ്ടാം ഘട്ടത്തില്‍ ഒരു വിശ്രമസമയം പോലെയാണ്. ഇത് രണ്ട് മുതല്‍ നാല് ആഴ്ച വരെയെല്ലാമാണ് നീണ്ടുനില്‍ക്കുക. ഇതിന് ശേഷമുള്ള മൂന്നാം ഘട്ടം (ടെലോജെന്‍) കടക്കുമ്പോഴാണ് മുടി കൊഴിയുന്നത്. ഇത് രണ്ട് മുതല്‍ നാല് മാസം വരെയാണ് നീണ്ടുനില്‍ക്കുക.

നമ്മുടെ തലയിലെ ഓരോ പറ്റം മുടിയും ഇതിലേതെങ്കിലും ഘട്ടങ്ങളിലായിരിക്കും ഉണ്ടാവുക. എന്തായാലും പത്ത് ശതമാനം മുടിയോളം ടെലോജെന്‍ ഘട്ടത്തിലായിരിക്കും. അതായത് കൊഴിയാനൊരുങ്ങിയിരിക്കുന്ന അവസ്ഥ. എന്നാല്‍ കൊവിഡ് പിടിപെടുമ്പോള്‍ കൂടുതല്‍ മുടി ഈ ഘട്ടത്തിലേക്ക് നീങ്ങുകയാണത്രേ ചെയ്യുന്നത്. അങ്ങനെ മുടി കൊഴിച്ചില്‍ കൂടുന്നു.

സാധാരണഗതിയില്‍ മുടി കൊഴിച്ചിലിനൊപ്പം തലയില്‍ താരന്‍, സ്‌കാല്‍പില്‍ നിറവ്യത്യാസം, ചൊറിച്ചില്‍ പോലെ പല പ്രശ്‌നങ്ങളും കണ്ടുവരാം. എന്നാല്‍ കൊവിഡ് അനുബന്ധ മുടി കൊഴിച്ചിലില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും കണ്ടേക്കില്ലെന്നതും ശ്രദ്ധേയമാണ്.

സ്‌ട്രെസ് അഥവാ ടെന്‍ഷന്‍ പരിപൂര്‍ണമായി അകറ്റുക, ആരോഗ്യകരമായ ഭക്ഷണം – പ്രത്യേകിച്ച് വൈറ്റമിനുകളും മറ്റ് പോഷകങ്ങളും ഉറപ്പുവരുത്തുന്നവ കഴിക്കുക, ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്റ്‌സ് എടുക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, നന്നായി ഉറങ്ങുക എന്നിവയെല്ലാം കൊവിഡ് അനുബന്ധ മുടി കൊഴിച്ചില്‍ തടയുന്നതിന് ഉപകരിക്കുന്ന കാര്യങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel