ഹര്‍ത്താല്‍ അക്രമം: വടകരയിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പ്രവര്‍ത്തകര്‍കൂടി അറസ്റ്റിൽ

പി എഫ് ഐ ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് വടകരയിൽ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍. കഴിഞ്ഞ ദിവസം നടന്ന ഹർത്താലിൽ അടക്കാതെരുവിൽ ലോറിയുടെ ഗ്ലാസ് എറിഞ്ഞുതകർത്ത കേസിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പേരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

എസ്ഡിപി ഐ ഏരിയാ കമ്മിറ്റി അംഗം നടക്കുതാഴ കുറുമ്പയിൽ ചെമ്പോത്ത്, ബൈത്തുൽ നൂറിൽ ഷൗക്കത്ത്(38), എസ്ഡിപിഐ ഏരിയാ കമ്മിറ്റി സെക്രട്ടറി വടകര ബീച്ച് പള്ളിക്കലകത്ത് നഫ്‌നാസ്(30), പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി അടക്കാത്തെരു തായാടത്തിൽ അക്കം വീട്ടിൽ നിസാമുദീൻ(40) എന്നിവരാണ് അറസ്റ്റിലായത്. വടകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഹർത്താൽ ദിനത്തിൽ അടക്കാത്തെരു ജംഗഷനിൽ വെച്ച് ലോറിയുടെ ഗ്ലാസ് എറിഞ്ഞ് തകർത്ത സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.

നേരത്തെ കോഴിക്കോട് നല്ലളത്ത് കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലെറിഞ്ഞ കേസിലും രണ്ടു പി.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു‍. അരക്കിണര്‍ സ്വദേശികളായ മുഹമ്മദ് ഹാതീം, അബ്ദുള്‍ ജാഫര്‍ എന്നിവരാണ് നല്ലളം പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഹര്‍ത്താല്‍ ദിനം രാവിലെ തൃശൂരില്‍ നിന്നു കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസിന് നേരെ,ബൈക്കിലെത്തിയ ഇവര്‍ കല്ലെറിയുകയായിരുന്നു.

ഡ്രൈവര്‍ തൃശൂര്‍ സ്വദേശി സിജിക്ക് കണ്ണിനു പരുക്കേറ്റിരുന്നു. പന്നിയങ്കര സ്റ്റേഷന്‍ പരിധിയിലും ഈ യുവാക്കള്‍ ഹര്‍ത്താല്‍ ദിനത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ആക്രമിച്ചിരുന്നു. ആ സിസിടിവി ദൃശ്യങ്ങളും നല്ലളത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള വിവരം പൊലിസിന് ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News