
കലൂരില്‍(Kaloor) ഗാനമേളയ്ക്കിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കൊച്ചി(Kochi) പനയപ്പിള്ളി അമ്മന്‍കോവില്‍പറമ്പില്‍ ചെല്ലമ്മ വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ എം ആര്‍ രാജേഷാണ് (27) മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. കൊലപാതകശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനുമുന്നിലാണ് നഗരത്തെ നടുക്കിയ കൊലപാതകം. സ്വകാര്യ പരിപാടിയുടെ ഭാഗമായി രാത്രി വൈകി ലേസര്‍ഷോയും ഗാനമേളയും സംഘടിപ്പിച്ചിരുന്നു. പരിപാടിക്കിടെ ഒരാള്‍ മദ്യപിച്ചെത്തി ബഹളംവച്ചു. ഇയാളെ സംഘാടകരും പരിപാടി കാണാനെത്തിയ മറ്റുള്ളവരും ചേര്‍ന്ന് പറഞ്ഞുവിട്ടു. ഗാനമേള കഴിയുന്നസമയത്ത് ഇയാള്‍ മടങ്ങിയെത്തി സംഘാടകരെ തിരക്കി. സംഘാടകരും സ്ഥലത്തുണ്ടായ മറ്റുള്ളവരുമായി സംസാരിക്കുന്നതിനിടയില്‍ കൈയിലിരുന്ന കത്തിപോലുള്ള മൂര്‍ച്ചയേറിയ ആയുധംകൊണ്ട് രാജേഷിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാജേഷിനെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു.
കാസര്‍കോട് സ്വദേശി മുഹമ്മദ് ഹുസൈനാണ് കൊലപാതകിയെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിക്കുന്നു. ഇരുവര്‍ക്കുമായി തിരച്ചില്‍ ആരംഭിച്ചു. രാജേഷ് കുറച്ചുകാലമായി തൃപ്പൂണിത്തുറയിലാണ് താമസം. ഗാനമേള കേള്‍ക്കാനാണ് സ്ഥലത്തെത്തിയത്. തര്‍ക്കത്തില്‍ ഇടപെട്ടെങ്കിലും പരിപാടിയുടെ സംഘാടകനായിരുന്നില്ലെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here