Rupee; റെക്കോഡ് താഴ്ച; രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

ആഗോള വിപണിയിൽ വീണ്ടും ചരിത്ര തകർച്ച നേരിട്ട് ഇന്ത്യൻ രൂപ. നിലവിൽ ഒരു ഡോളറിന് 81.52 എന്നതാണ് വിനിമയ നിരക്ക്. തകർച്ച തടയാൻ ആർബിഐ രംഗത്തിറങ്ങിയാലും എളുപ്പമായിരിക്കില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

പണപ്പെരുപ്പം തടയാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നടത്തിയ ഇടപെടലാണ് വലിയ തകര്‍ച്ചയിലേക്ക് രൂപയെ കൂപ്പുകുത്തിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി രൂപ നേരിട്ടുകൊണ്ടിരിക്കുന്ന വിലയിടിവ് കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റായ പരിഷ്കാരങ്ങളെ തുടര്‍ന്നാണെന്നാണ് ഉയരുന്ന വിമര്‍ശനം. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ 2014 മെയിലെ 59.44 എന്ന നിലയിൽ നിന്നാണ് വൻ വിലയിടിവ്. 2008ലെ ആഗോള മാന്ദ്യത്തിലും 2013ലും നേരിട്ട തകർച്ചയെക്കാൾ ഇത്തവണ കാഠിന്യം കടുക്കാന്‍ സാധ്യതയേറെയാണ്.

ലോകസാമ്പത്തികരംഗത്ത് ഇപ്പോ‍ഴും പിടിച്ചുനില്‍ക്കുന്നത് ഇന്ത്യന്‍ രൂപയാണെന്നായിരുന്നു ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ വാദം. നിലവിലെ സാഹചര്യത്തെ ധനമന്ത്രാലയവും റിസര്‍വ് ബാങ്കും നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍, തകർച്ച തടയാൻ ആർബിഐ രംഗത്തിറങ്ങിയാലും എളുപ്പമായിരിക്കില്ലെന്നാണ് നിരീക്ഷകരുടെ പക്ഷം. വെള്ളിയാ‍ഴ്ച അവതരിപ്പിക്കുന്ന ആര്‍ബിഐയുടെ പുതിയ പണവായ്പാനയത്തില്‍ അരശതമാനത്തോളം വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. രൂപ ക്ഷയിക്കുന്നത് ഇന്ത്യൻ സമ്പദ് മേഖലയ്ക്കും വിദേശ നിക്ഷേപത്തിനും തിരിച്ചടി സൃഷ്ടിക്കും. വിലക്കയറ്റവും ഓഹരിവിപണി തകർച്ചയും രൂക്ഷമാക്കും.

എട്ട് വർഷത്തെ എൻഡിഎ ഭരണത്തിൽ 22 രൂപയോളമാണ് വിലയിടിഞ്ഞത്. 1945ൽ ഐഎംഎഫ് രൂപീകരിക്കുമ്പോൾ സ്ഥാപക അംഗമായ ഇന്ത്യയുടെ കറൻസിക്ക് മൂന്ന് രൂപ മുപ്പത് പൈസയായിരുന്നു ഡോളറിനോടുള്ള വിനിമയ മൂല്യം. പല കാലങ്ങളിലായി തകർന്ന് തകർന്ന് തരിപ്പണമാകുകയാണ് ഇന്ത്യൻ രൂപ.

രൂപയുടെ മൂല്യത്തോടൊപ്പം മറ്റ് ഏഷ്യന്‍ കറന്‍സികളും സമ്മര്‍ദത്തിലാണ്. ദക്ഷിണ കൊറിയയുടെ വോണ്‍ 1.4ശതമാനവും തായ് വാന്‍ ഡോളര്‍ 0.6ശതമാനവും തായ് ബട്ട് 0.59ശതമാനവും ഫിലിപ്പീന്‍സ് പെസോ 0.57ശതമാനവും ഇന്ത്യനേഷ്യന്‍ റുപ്യ 0.53ശതമാനവും ചൈനീസ് റെന്‍മിന്‍ബി 0.53ശതമാനവും ജപ്പാനീസ് യെന്‍ 0.47ശതമാനവും മലേഷ്യന്‍ റിങ്കിറ്റ് 0.44ശതമാനവും സിങ്കപുര്‍ ഡോളര്‍ 0.3ശതമാനവും ഇടിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News