BJP: ബിജെപിക്കെതിരെ മുഖ്യമുന്നണി; ഫത്തേഹാബാദില്‍ മഹാറാലി

കേന്ദ്രത്തിലെ ബിജെപിയുടെ(BJP) ദുര്‍ഭരണം 2024ഓടെ അവസാനിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ മുഖ്യമുന്നണി രൂപീകരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫത്തേഹാബാദില്‍(Fatehabad) മഹാറാലി. മുന്‍ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ 109–ാം ജന്മവാര്‍ഷികം മുന്‍നിര്‍ത്തി ഐഎന്‍എല്‍ഡി സംഘടിപ്പിച്ച റാലി പ്രതിപക്ഷ നേതാക്കളുടെ ഐക്യപ്രഖ്യാപനവേദിയായി.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദല്‍, ഐഎന്‍എല്‍ഡി നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗട്ടാല തുടങ്ങിയവര്‍ അണിനിരന്നു.

ഫത്തേഹാബാദില്‍ തുടക്കം കുറിക്കുന്നത് മൂന്നാം മുന്നണിക്കല്ല ബിജെപിക്കെതിരായ മുഖ്യമുന്നണിക്കാണെന്ന് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അടക്കം മുന്നണിയുടെ ഭാഗമാകണം. ജനാധിപത്യത്തെ ചവിട്ടിമെതിച്ചുള്ള ബിജെപിയുടെ ദുര്‍ഭരണം അവസാനിപ്പിക്കുക മാത്രമാണ് ലക്ഷ്യം- നിതീഷ് നയം വ്യക്തമാക്കി. ബിജെപിയുടെ അക്കൗണ്ട് പൂട്ടിയ കേരളത്തിന്റെ മാതൃക എല്ലാ സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. വര്‍ഗീയശക്തികളെ ദുര്‍ബലപ്പെടുത്താനുള്ള ഏത് പോരാട്ടത്തിലും ചെങ്കൊടി ഒപ്പമുണ്ടാകും- യെച്ചൂരി പറഞ്ഞു. 2024ല്‍ ബിജെപിയെ പുറത്താക്കുമെന്ന് തേജസ്വി യാദവ് പറഞ്ഞു. ബിജെപിക്കെതിരായി കൂടുതല്‍ പാര്‍ടികള്‍ കൈകോര്‍ക്കണമെന്ന് ശരദ് പവാര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here