Rafael Nadal: കണ്ണീരോടെ റോജര്‍ ഫെഡറര്‍ കോര്‍ട്ടിനോട് വിടപറഞ്ഞപ്പോള്‍ വിതുമ്പലടക്കി നദാല്‍

24 വര്‍ഷം നീണ്ട ടെന്നീസ് കരിയര്‍ അവസാനിപ്പിച്ച് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ( Roger Federer ) കോര്‍ട്ടിനോട് കണ്ണീരോടെ വിട പറഞ്ഞപ്പോള്‍ വിതുമ്പലടക്കിയത് നദാല്‍. ചിരവൈരിയായ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന് ( Rafael Nadal ) ഒപ്പം ലോഡ് ലേവര്‍ കപ്പ് ( Laver Cup Tennis ) ഡബിള്‍സില്‍ കളിച്ചാണ് ഫെഡറര്‍ തന്റെ കരിയറിനു വിരാമമിട്ടത്. പക്ഷേ, ലോഡ് ലേവര്‍ കപ്പ് ഡബിള്‍സ് പോരാട്ടത്തില്‍ റോജര്‍ ഫെഡറര്‍ – റാഫേല്‍ നദാല്‍ സഖ്യത്തിനു പരാജയം രുചിക്കേണ്ടി വന്നു. ലോക സഖ്യമായ അമേരിക്കയുടെ ജാക് സോക്സ് – ഫ്രാന്‍സെസ് തിയാഫൊ കൂട്ടുകെട്ടാണ് റോജര്‍ ഫെഡറര്‍ – റാഫേല്‍ നദാല്‍ സഖ്യത്തെ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് നേടിയ ശേഷം ആയിരുന്നു ഇതിഹാസ താരങ്ങള്‍ തോല്‍വി വഴങ്ങിയത്.

24 വര്‍ഷവും 1500 ല്‍ അധികം മത്സരങ്ങളും കളിച്ച ശേഷം തോല്‍വിയോടെ കരിയര്‍ അവസാനിപ്പിക്കാനായിരുന്നു റോജര്‍ ഫെഡററിന്റെ വിധി. ശക്തമായ പോരാട്ടം കാഴ്ച വെച്ച ശേഷമായിരുന്നു റോജര്‍ ഫെഡറര്‍ – റാഫേല്‍ നദാല്‍ സഖ്യം തോല്‍വി വഴങ്ങിയത്. റാഫേല്‍ നദാല്‍ x റോജര്‍ ഫെഡറര്‍ പരസ്പര പോരാട്ടം ടെന്നീസ് ലോകത്തിലെ ഏറ്റവും ആകര്‍ഷമായ വമ്പന്‍ റൈവല്‍റി ആയിരുന്നു. 2004 മയാമി മാസ്റ്റേഴ്സില്‍ ആണ് റാഫേല്‍ നദാലും റോജര്‍ ഫെഡററും ആദ്യമായി ഏറ്റുമുട്ടിയത്. 40 മത്സരങ്ങള്‍ ഇരുവരും തമ്മില്‍ നടന്നു. 24 – 16 ന് റാഫേല്‍ നദാലാണ് ചിരവൈരി പോരാട്ടത്തില്‍ മുന്നില്‍. റോജര്‍ ഫെഡററും ( 20 ) റാഫേല്‍ നദാലും ( 22 ) ചേര്‍ന്ന് 42 ഗ്രാന്‍സ് ലാം സിംഗിള്‍സ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

മത്സര ശേഷം നടന്ന വിടവാങ്ങല്‍ സംസാരത്തിനിടെ റോജര്‍ ഫെഡററിന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി, വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി മുഴുമിപ്പിക്കാനാവാതെ വന്നു. സൈഡ് ബെഞ്ചില്‍ ഇരിക്കുകയായിരുന്ന റാഫേല്‍ നദാലിന്റെ കണ്ണുകളും നിറഞ്ഞ് ഒഴുകി. ഗാലറിയില്‍ നിറഞ്ഞ ആയിര കണക്കിന് ആരാധകര്‍ കരഘോഷം മുഴക്കി. റോജര്‍ ഫെഡററിന്റെ കുടുംബവും ആരാധകരും കണ്ണീര്‍ തൂകി. 2021 വിംബിള്‍ഡണ്‍ ( Wimbledon ) ക്വാര്‍ട്ടര്‍ ഫൈനല്‍ ആയിരുന്നു റോജര്‍ ഫെഡററിന്റെ അവസാന മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here