ഹൈദരാബാദിൽ വിജയസൂര്യൻ ഉദിച്ചു; ഓസീസിനെ വീഴ്ത്തി ഇന്ത്യയ്ക്ക് പരമ്പര നേട്ടം

ഹൈദരാബാദിൽ വിജയസൂര്യൻ ഉദിച്ചു. ക്രീസിൽ വെടിക്കെട്ടു നടത്തിയ സൂര്യകുമാർ യാദവിന്റെ സുന്ദര ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയെ ആറ്‌ വിക്കറ്റിന്‌ വീഴ്‌ത്തി ഇന്ത്യ മൂന്ന്‌ മത്സര ട്വന്റി–-20 ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി (2–-1). സൂര്യകുമാർ നേടിയത്‌ 36 പന്തിൽ 69 റൺ. അഞ്ചുവീതം സിക്‌സറും ഫോറും അകമ്പടിയായി. വിരാട്‌ കോഹ്‌ലി (48 പന്തിൽ 63) പിന്തുണ നൽകി.  സ്‌കോർ: ഓസീസ്‌ 7–-186, ഇന്ത്യ 4–-187 (19.5). ആദ്യ കളി തോറ്റശേഷമാണ്‌ രോഹിത്‌ ശർമയുടെയും കൂട്ടരുടെയും തിരിച്ചുവരവ്‌.

ഏഷ്യാ കപ്പിലെ നിരാശ മായ്‌ക്കുന്നതായി ലോകചാമ്പ്യൻമാർക്കെതിരായ  പരമ്പര വിജയം. ഒക്‌ടോബറിൽ അരങ്ങേറുന്ന ലോകകപ്പാണ്‌ ലക്ഷ്യം. അതിനുമുമ്പ്‌ ദക്ഷിണാഫ്രിക്കയുമായും കളിയുണ്ട്‌. അവസാന ഓവറിൽ 11 റൺ വേണമായിരുന്നു ഇന്ത്യക്ക്‌ ജയിക്കാൻ. ഡാനിയേൽ സാംസിന്റെ ആദ്യ പന്തിൽ സിക്‌സർ പറത്തിയ കോഹ്‌ലി രണ്ടാംപന്തിൽ പുറത്തായി. മൂന്നാം പന്തിൽ ദിനേശ്‌ കാർത്തിക്‌ ഒരു റൺ നേടി. പിന്നീട്‌ ഹാർദിക്‌ പാണ്ഡ്യ (16 പന്തിൽ 25*). ആ പന്തിൽ റണ്ണൊന്നും നേടിയില്ല. ഇന്ത്യക്ക്‌ രണ്ട്‌ പന്തിൽ 4 റൺ. അഞ്ചാം പന്തിൽ ഫോർ പായിച്ച്‌ പാണ്ഡ്യ ജയം സമ്മാനിച്ചു.

ഓപ്പണർമാരായ ക്യാപ്‌റ്റൻ രോഹിതും (17) ലോകേഷ്‌ രാഹുലും (1) തുടക്കമേ മടങ്ങിയെങ്കിലും സൂര്യകുമാറും കോഹ്‌ലിയും  ജയത്തിന്‌ അടിത്തറയിട്ടു. നാലാം ഓവറിൽ ഒത്തുചേർന്ന ഇരുവരും 10 ഓവർ ക്രീസ്‌ പങ്കിട്ടു. ആ 62 പന്തിൽ പിറന്നത്‌ 102 റൺ. ഓസീസ്‌ ബൗളർമാർക്ക്‌ ഒരുപഴുതും നൽകാതെയാണ്‌ സൂര്യകുമാർ ബാറ്റേന്തിയത്‌.

മനോഹരമായ ഷോട്ടുകളാൽ സമ്പന്നമായിരുന്നു  ഇന്നിങ്‌സ്‌. ജോഷ്‌ ഹാസെൽവുഡിന്റെ പന്തിൽ ആരോൺ ഫിഞ്ച്‌ പിടിച്ചായിരുന്നു മടങ്ങിയത്‌. എങ്കിലും ഇന്ത്യ തളർന്നില്ല. കോഹ്‌ലിയും ഹാർദിക്‌ പാണ്ഡ്യയും  ചേർന്ന്‌ നയിച്ചു. കോഹ്‌ലി നാല്‌ സിക്‌സറും മൂന്ന്‌ ഫോറും നേടി.

തുടക്കം കാമറൂൺ ഗ്രീനിന്റെയും (21 പന്തിൽ 52) ഒടുക്കം ടിം ഡേവിഡിന്റെയും (27 പന്തിൽ 54) ബാറ്റിലാണ്‌ ഓസീസ്‌ മുന്നേറിയത്‌. ഇരുവർക്കുമിടയിൽ എത്തിയവരെല്ലാം നിരാശപ്പെടുത്തി. ക്യാപ്‌റ്റൻ ഫിഞ്ച്‌ (7), സ്‌റ്റീവ്‌ സ്‌മിത്ത്‌ (9), ഗ്ലെൻ മാക്‌സ്‌വെൽ (6), ജോൺ ഇംഗ്‌ലിസ്‌ (24) എന്നിവർക്ക്‌ കാര്യമായൊന്നും ചെയ്യാനായില്ല. ആദ്യ രണ്ടുകളിയിലും ബാറ്റിൽ ഓസീസിനെ ഉയർത്തിയ വിക്കറ്റ്‌ കീപ്പർ മാത്യു വെയ്‌ഡ്‌ ഒറ്റ റണ്ണിന്‌ പുറത്തായി. അക്‌സർ പട്ടേൽ  ഇടംകൈയനെ സ്വന്തംബൗളിങ്ങിൽ പിടികൂടി.

ഓപ്പണറായെത്തി കളംവാണു ഗ്രീൻ. ഇന്ത്യൻ പേസർമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. മൂന്ന്‌ സിക്‌സറുകളുടെയും ഏഴ്‌ ബൗണ്ടറിയുടെയും അകമ്പടികളോടെയാണ്‌ അരസെഞ്ചുറിയിൽ എത്തിയത്‌. ആറാമനായി ക്രീസിൽ എത്തിയ ഡേവിഡിന്റെ പ്രഹരമാണ്‌ റൺനിരക്കുയർത്തിയത്‌. നാല്‌ സിക്‌സറും രണ്ട്‌ ഫോറും ഡേവിഡ്‌ പായിച്ചു.

ഡാനിയേൽ സാംസിനെ (20 പന്തിൽ 28) കൂട്ടുനിർത്തിയായിരുന്നു പ്രകടനം. ഏഴാം വിക്കറ്റിൽ ഇരുവരും 34 പന്തിൽ 68 റൺ ചേർത്തു. അവസാന ഓവറുകളിൽ ഭുവനേശ്വർ കുമാറും ജസ്‌പ്രീത്‌ ബുമ്രയും നിരാശപ്പെടുത്തി. 18–-ാം ഓവറിൽ ഭുവി വിട്ടുനൽകിയത്‌ 21 റൺ. ബുമ്രയാകട്ടെ തൊട്ടടുത്ത ഓവറിൽ 18 റണ്ണും.  ഇന്ത്യക്കായി അക്‌സർ മൂന്ന്‌ വിക്കറ്റ്‌ നേടി. യുശ്-വേന്ദ്ര ചഹാൽ ഒരു വിക്കറ്റ് സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here