അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കും, താൻ മത്സരിക്കുന്നതില്‍ ഗാന്ധി കുടുംബത്തിന് പ്രശ്നമില്ല; ശശി തരൂര്‍ എം പി

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമറിയിച്ച് ശശി തരൂര്‍ എം.പി. രാഹുല്‍ ഗാന്ധിയെ കണ്ടത് ഈ വിഷയത്തിനല്ലെന്നും താന്‍ മത്സരിക്കുന്നതില്‍ ഗാന്ധി കുടുംബത്തിന് പ്രശ്‌നമില്ലെന്നും ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്ന് ഗാന്ധി കുടുംബം വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശശി തരൂര്‍ നേരത്തെ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക വാങ്ങിയിരുന്നു. തരൂരിന്റെ പ്രതിനിധി എത്തിയായിരുന്നു വാങ്ങിയത്. ഈ വരുന്ന 30ന് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തരൂരിന് പുറമെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള വിനോദ് സാത്തി, ഹിമാചല്‍ പ്രദേശില്‍ നിന്ന് ലക്ഷ്മികാന്ത് ശര്‍മ എന്നിവരും നാമനിര്‍ദേശ പത്രിക ഫോം വാങ്ങിയിട്ടുണ്ട്. വിമത സ്ഥാനാര്‍ഥിയായി ജി-23ല്‍ നിന്ന് മനീഷ് തിവാരിയും മത്സരിക്കുമെന്നാണ് സൂചന.

അതേസമയം, അശോക് ഗെഹ്‌ലോട്ടിനെ എ.ഐ.സി.സി അധ്യക്ഷനാക്കില്ലെന്നാണ് റിപ്പോര്‍ട്ടുകൾ. മുകുള്‍ വാസ്‌നിക്, ദിഗ്‌വിജയ് സിങ് എന്നിവരാണ് പരിഗണനയിലുള്ളത്. തെരഞ്ഞെടുപ്പ് നടത്തുമെങ്കിലും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി അശോക് ഗെഹ്‌ലോട്ടിനെ പരിഗണിക്കാന്‍ സാധ്യതയില്ല.

സച്ചിന്‍ പൈലറ്റ്- ഗെഹ്‌ലോട്ട് തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് എ.ഐ.സി.സിയുടെ പുതിയ നീക്കം. പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് ഗെഹ്‌ലോട്ട് എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം തന്റെ വിശ്വസ്തര്‍ക്ക് മാത്രമേ നല്‍കൂ എന്നാണ് ഗെഹ്‌ലോട്ടിന്റെ നിലപാട്.

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്നാണ് എം.എല്‍.എമാരുടെയും നിലപാട്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഗെഹ്‌ലോട്ടിന്റെ വിശ്വസ്തരായ 90ലധികം എം.എല്‍.എമാര്‍ രാജി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here