ഓരോ രോഗിയും ഓരോ പാഠങ്ങളാണ്; എന്റെ ചിന്തകളെ മാറ്റി മറിച്ച ഒരുപാട് രോഗികൾ വന്നിട്ടുണ്ട്; ഡോ വി പി ഗംഗാധരൻ

കാൻസർ രോഗികളുടെ ആദ്യത്തെയും അവസാനത്തെയും വാക്കാണ് ഡോ വിപി ഗംഗാധരൻ. പലപ്പോഴും പല രോഗികൾക്കും ഇപ്പോഴും ആശ്രയമായ ഒരു ദൈവ ദൂതൻ. അത്തരത്തിൽ എന്നും അർബുദരോഗികൾക്ക് താങ്ങും തണലുമായി ഗംഗാധരൻ എന്നും കൂടെനിന്നിട്ടുമുണ്ട്. പല ആളുകളും കൈവിട്ടു വെന്ന് കരുതിയ ജീവിതം തിരികെ നൽകിയ ഡോക്ടർ.

രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം ഒരിക്കലും ഒരു ചികിത്സയിലൂടെ തീരുന്നതല്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് വി പി ഗംഗാധരന്റെ ജീവിതം. അതിന് വ്യക്തമായ കാരണങ്ങളും അദ്ദേഹത്തിനുണ്ട്.

മരണത്തിന്റെയും ജീവിതത്തിന്റെയും പാലത്തിലൂടെ കടന്നു പോകുന്നവരെ തോളത്ത് ഇരുത്തി കടത്തികൊണ്ടുപോകുന്ന ഒരു ഡോക്ടറാണ് താൻ എന്നാണ് ഡോ വിപി ഗംഗാധരൻ കൈരളി ടിവി പ്രത്യേക പരിപാടിയായ ജെ ബി ജങ്ഷനിൽ പറഞ്ഞത്. ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നവർ ഒട്ടേറെയാണ്. അവരെല്ലാം പുതിയ പ്രതീക്ഷയുമായി പലജോലികളിൽ ഏർപ്പെട്ടതാണ് ഒരുഡോക്ടർ എന്നനിലയിൽ ഏറ്റവും സന്തോഷം നൽകുന്നത്. അർബുദം ബാധിക്കുന്നത് നിർഭാഗ്യകരമെങ്കിലും പ്രതീക്ഷ നഷ്ടപ്പെടാതിരിക്കുകയാണ് വേണ്ടത് അദ്ദേഹം പറഞ്ഞു .

ഓരോ രോഗിയും ഓരോ പാഠങ്ങളാണ് തന്നെ പഠിപ്പിക്കുന്നത്… ധാരാളം കാര്യങ്ങൾ അവരിൽ നിന്നും പഠിക്കാനുണ്ട്… തനിക്കുണ്ടായ ചില അബദ്ധ ധാരണകൾ വരെ ഓരോ രോഗികളും തിരുത്തി കുറിച്ചിട്ടുണ്ട്… ഡോ ഗംഗാധരൻ പറയുന്നു…

മെഡിസിൻ വിഭാഗം തെരഞ്ഞെടുത്ത താൻ വളരെ ആക്സമികമായാണ് റേഡിയോ തെറാപ്പിയിലേക്ക് തിരിയുന്നത്. താൻ പഠിച്ച ശാസ്ത്രം വേണ്ടവിധത്തിൽ പ്രയോഗിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത് ഒരു അമാനുഷിക കഴിവ് തനിക്കില്ല പക്ഷെ തനിക്ക് പറ്റും വിധമെല്ലാം രോഗികൾക്കായി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നതിനായി ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രോഗം വന്നുവെന്നറിയുമ്പോൾതന്നെ മരണത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങും, അർബുദത്തെക്കുറിച്ചുള്ള വ്യാകുലതയും മാനസികപ്രയാസവുമാണ് ഒരാൾക്ക് ശരീരത്തിലേക്ക് എളുപ്പം രോഗം പടർന്നുപിടിക്കാനുള്ള ഒരുകാരണം. താൻ ചികിത്സ നൽകിയ ആയിരക്കണക്കിനാളുകൾ ഉന്നതജോലികളിലുണ്ട്, അവർ ഇടയ്ക്കെല്ലാം വിളിക്കുകയും കാണാൻവരികയും ചെയ്യാറുണ്ട് വളരെ അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു.

അതേസമയം, അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ കാന്‍സര്‍ ചികിത്സകനാണ് ഡോ. വി. പി ഗംഗാധരന്‍. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ ഓങ്കോളജി വിഭാഗം ആര്‍സിസിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് ഡോ. ഗംഗാധരന്റെ നേതൃത്വത്തിലാണ്. കേരളത്തില്‍ ആദ്യമായി രക്തകോശ സെല്‍ മാറ്റിവയ്ക്കപ്പെട്ടപ്പോള്‍ അതിനു നേതൃത്വം നല്‍കിയതും അദ്ദേഹമാണ്. കൂടാതെ, സ്വകാര്യ സര്‍ക്കാര്‍ മേഖലകളില്‍ ആദ്യത്തെ സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് ആരംഭിച്ചു. കേരളത്തില്‍ ആദ്യമായി മൊബൈല്‍ തെര്‍മോ മാമോഗ്രാം യൂണിറ്റ്, മൊബൈല്‍ റേഡിയോ മാമോഗ്രാം യൂണിറ്റ്, അള്‍ട്രാ സോണോഗ്രഫി യൂണിറ്റ് ഇവ തുടങ്ങി. കാന്‍സര്‍ രോഗികള്‍ക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായ സഹായം നല്‍കുന്ന കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ സ്ഥാപകനാണ്. നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ താമസ, ഭക്ഷണ, ചികിത്സാ സൗകര്യങ്ങള്‍ സൊസൈറ്റി നല്‍കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News