Utharam: പാസ്റ്റര്‍ പ്രകാശനായി ജാഫര്‍ ഇടുക്കി. ‘ഇനി ഉത്തരം’ ഒക്ടോബര്‍ ഏഴിന്

ജാഫര്‍ ഇടുക്കി മലയാള സിനിമയില്‍ അഭിനേതാവായി എത്തിയിട്ട് പതിനേഴ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. അഭിനേതാവ് എന്ന നിലയില്‍ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെയെല്ലാം തന്നെ കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്നതില്‍ താരം മിടുക്ക് കാട്ടാറുണ്ട്. മിമിക്രി കലാകാരനായാണ് ജാഫര്‍ കലാരംഗത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് നിരവധി വേദികളില്‍ തിളങ്ങിയ അദ്ദേഹം സിനിമയിലേക്ക് എത്തുകയായിരുന്നു. തന്റെ അഭിനയ മികവു കൊണ്ട് മികച്ച നടനുള്ള സംസ്ഥാന ദേശീയ പുരസ്‌ക്കാരങ്ങള്‍ വൈകാതെ അദ്ദേഹത്തെ തേടിയെത്തുമെന്ന് കരുതാം. അത്രയും അനായാസമായാണ് തനിക്ക് ലഭിക്കുന്ന ഓരോ കഥാപത്രങ്ങളെയും അവതരിപ്പിക്കുന്നത്.

ഇതിനോടകം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട ജാഫര്‍ ആദ്യമായി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയത് രഞ്ജിത്തിന്റെ കയ്യൊപ്പ് എന്ന ചിത്രത്തിലെ ലോഡ്ജിലെ ജീവനക്കാരന്‍ ബാബു എന്ന കഥാപാത്രമായിട്ടായിരുന്നു. പിന്നീട് അതെ വര്‍ഷം തന്നെ ഇറങ്ങിയ ബിഗ്ബി എന്ന ചിത്രത്തിലെ ഡോഗ് ഷംസു എന്ന കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് കോമഡിവേഷങ്ങളില്‍ ഒതുങ്ങിപ്പോയ താരത്തിന് ഒരു റീബര്‍ത്ത് കൊടുത്തതാവട്ടെ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ കുഞ്ഞുമോന്‍ കഥാപാത്രമായിരുന്നു. പിന്നീട് അങ്ങോട്ട് വന്ന ഏതാണ്ട് എല്ലാ ചിത്രങ്ങളിലും ജാഫര്‍ ഇടുക്കി എന്ന താരത്തിന് സഹനടനായി ചിത്രങ്ങളിലെ നിര്‍ണ്ണായക കഥാപാത്രങ്ങളായി വേഷം ലഭിച്ചു തുടങ്ങി.

ജെല്ലിക്കെട്ട്, കെട്ട്യോളാണെന്റെ മാലാഖ, ഇഷ്‌ക്, അഞ്ചാം പാതിരാ, ചുരുളി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളെ എടുത്തു പറയുക തന്നെ വേണം. അത്തരത്തില്‍ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുവാന്‍ പോകുന്ന കഥാപാത്രമാണ് ‘ഇനി ഉത്തരം’ എന്ന റിലീസിന് ഒരുങ്ങുന്ന ചിത്രത്തിലും ജാഫര്‍ ചെയ്യുന്ന കഥാപാത്രം എന്നാണ് അറിയുന്നത് . പാസ്റ്റര്‍ പ്രകാശന്‍ എന്നാണ് കഥാത്രത്തിന്റെ പേര്. സുധീഷ് രാമചന്ദ്രന്‍ അപര്‍ണ്ണ ബാലമുരളിയെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇനി ഉത്തരം’.

എ&വി എന്റര്‍ടെയിന്റ്‌മെന്റിന്റെ ബാനറില്‍ സഹോദരന്മാരായ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒക്ടോബറില്‍ ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും. ഹരീഷ് ഉത്തമന്‍, ചന്തുനാഥ്, സിദ്ധാര്‍ഥ് മേനോന്‍, സിദ്ദീഖ്, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍, ഷാജുശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രഞ്ജിത്ത്- ഉണ്ണി എന്നിവര്‍ രചന നിര്‍വ്വഹിച്ച ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകന്‍ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റര്‍-ജിതിന്‍ ഡി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, വിനോഷ് കൈമള്‍. കല അരുണ്‍ മോഹനന്‍. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍. സ്റ്റില്‍സ് ജെഫിന്‍ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News