Kolavayal: ലഹരി മാഫിയക്കെതിരെ കൊളവയൽ ഗ്രമത്തിന്റെ വിജയഗാഥ

സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്നടക്കമുള്ള ലഹരി(drugs)വസ്‌തുക്കളുടെ ഉപയോഗത്തെപ്പറ്റി ഏറെ ചർച്ചചെയ്യുന്ന കാലഘട്ടമാണിത്‌. ഇവയ്‌ക്കെതിരെ നടപടികളും ബോധവൽക്കരണവും ശക്തമായി തുടരുകയാണ്‌. നിതാന്ത ജാഗ്രതയും സാമൂഹ്യ ഇടപെടലും അനിവാര്യമായ വിഷയമാണിത്‌.

ഈ ഒരു സന്ദർഭത്തിൽ ലഹരി മാഫിയക്കെതിരായ പോരാട്ടത്തിൽ വിജയഗാഥ തുടരുന്ന ഒരു ഗ്രാമമുണ്ട് നമ്മുടെ കേരളത്തിൽ. കാസർകോട്ടെ കൊളവയൽ(kolavayal) ഗ്രാമം. ജനങ്ങൾ ഒറ്റക്കെട്ടായി കൈകോർത്ത് മൂന്ന് മാസം നീണ്ട പോരാട്ടത്തിലൂടെ നാടിനെ ലഹരിമുക്തമാക്കി മാറ്റി. ലഹരിക്കടിമയായ നിരവധി യുവാക്കളാണ് നാട്ടുകാരുടെയും പൊലീസിന്റെയും ഇടപെടലിലൂടെ ലഹരി പൂർണമായി ഉപേക്ഷിച്ചത്. കൊളവയലിനെ സമ്പൂർണ്ണ ലഹരി മുക്ത ഗ്രാമമായി ഉടൻ പ്രഖ്യാപിക്കും.

ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് തുടർച്ചയായി കൊളവയൽ സ്വദേശികൾ പിടിയിലായതോടെയാണ് അജാനൂർ പഞ്ചായത്തിലുൾപ്പെട്ട നാട് ജാഗരൂകരായത്. യുവാക്കളിൽ പലരും ലഹരിയുടെ വലയിലകപ്പെട്ടതായി തിരിച്ചറിഞ്ഞു. ലഹരിയുടെ കണ്ണികൾ പൊട്ടിച്ചെറിയാൻ നാടൊന്നാകെ പൊലീസിനൊപ്പം കൈകോർത്തു. ജാഗ്രതാ സമിതി രൂപീകരിച്ചു. ആദ്യ ഘട്ടത്തിൽ ലഹരി ഉപയോഗിക്കുന്നവരുടെയും കച്ചവടം നടത്തുന്നവരുടെയും പട്ടിക തയ്യാറാക്കി.

വീടുകളിലെത്തി നേരിട്ട് സംസാരിച്ച് ലഹരി ഉപേക്ഷിക്കാൻ സമയം നൽകി. ലഹരി വലയിൽ നിന്ന് പുറത്തുകടന്നവർക്ക് ജോലി തരപ്പെടുത്തി നൽകി. ചിലർ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിൽ ചികിത്സ തേടി. പിൻമാറാൻ തയ്യാറാവാത്തവർക്കെതിരെ കർശനമായി നിയമ നടപടിയെടുത്തു. രാഷ്ട്രീയ പാർട്ടികളും, യുവജന സംഘടനകളും, ക്ലബുകളും, ക്ഷേത്ര കമ്മറ്റിയും പള്ളി കമ്മറ്റിയുമെല്ലാം പോരാട്ടത്തിൽ ഒരേ മനസ്സാേടെ നിന്നു. 2000 ത്തിലേറെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.

മൂന്ന് മാസത്തിനിടെ 20 പതിലേറെ ബോധവത്ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. ഓപ്പറേഷൻ ക്ലീൻ കാസർകോഡിന്റെ ഭാഗമായി കൊളവയലിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരാണ് നേതൃത്വം നൽകിയത്. നാട് മയങ്ങിപ്പോവാതിരിക്കാൻ ലഹരി വിരുദ്ധ പോരാട്ടം തുടർച്ചയായി ഏറ്റെടുക്കാനാണ് ഈ നാടിന്റെ തീരുമാനം. സമ്പൂർണ്ണ ലഹരിമുക്ത ഗ്രാമമായി കൊളവയലിനെ ഉടൻ പ്രഖ്യാപിക്കും. ഒരു നാടൊന്നാകെ ലഹരിയോട് നോ പറയുകയാണ്….. ഓരോ നാടിനും അനുകരിക്കാവുന്ന ഉത്തമ മാതൃക…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News