Hospital: സർക്കാർ ആസ്പത്രി അടിമുടി മാറിയതൊന്നും പലരെപ്പോലെ അവരും അറിഞ്ഞിരിക്കില്ല: രാധാകൃഷ്ണൻ പട്ടാനൂർ എഴുതിയ അനുഭവക്കുറിപ്പ്

കണ്ണൂർ ജില്ലാ ആശുപത്രിയിലെ(kannur district hospital) ആധുനിക ചികിത്സാ സംവിധാനങ്ങൾ ജീവിതത്തിൽ വളരെയേറെ ഉപകാരപ്രദമായ ആവസരത്തെപ്പറ്റി കുറിക്കുകയാണ് മാതൃഭൂമി സീനിയർ കറസ്പോണ്ടന്റായ രാധാകൃഷ്ണൻ പട്ടാനൂർ. അമ്മയ്ക്ക് സുഖമില്ലാതാവുകയും സ്വകാര്യ ആശുപത്രിയിൽ തനിക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നിട്ടും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനെക്കുറിച്ചുള്ള കരണത്തെപ്പറ്റിയും ഫേസ്ബുക്കിൽ(facebook) കുറിക്കുകയാണ് രാധാകൃഷ്ണൻ.

അടുത്ത കാലത്ത് ജില്ലാ ആശുപത്രിയിൽ തുടങ്ങിയ കാത്ത് ലാബിനെക്കുറിച്ചും അവിടെയുള്ള ഏറ്റവും ആധുനിക സംവിധാനത്തെക്കുറിച്ചും തനിക്ക് അറിയാവുന്നത് കൊണ്ടാണ് ധൈര്യപൂർവ്വം അവിടേക്ക് അമ്മയെ വിട്ടതെന്ന് രാധാകൃഷ്‍ണൻ കുറിച്ചു. സർക്കാർ ആശുപത്രി അടിമുടി മാറിയത് പലരും ഇനിയും അറിഞ്ഞിട്ടില്ലായെന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറഞ്ഞ ചെലവിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ലാബ് സജ്ജമാക്കിയത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

വെള്ളിയാഴ്ച്ച രാവിലെ ഓഫീസിൽ എത്തിയതേ ഉള്ളൂ. വീട്ടിൽ നിന്ന് ഭാര്യ വിളിക്കുന്നു. അമ്മക്ക് പെട്ടെന്ന് ക്ഷീണമായി കിടക്കുന്നു.നെഞ്ച് വേദനയുണ്ടെന്ന് പറയുന്നു…
പെട്ടെന്ന് ഷോക്കേറ്റത് പോലെയായി…
ഞാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ 78വയസ്സുള്ള അമ്മ പതിവ് പോലെ എന്തൊക്കെയോ ജോലി ചെയ്യുന്നുണ്ടായിരുന്നു.
വീട്ടിനടുത്തു തന്നെ താമസിക്കുന്ന ഫയർ സർവീസിലുള്ള മരുമകൻ വീട്ടിലുണ്ടായിരുന്നു. അവരെല്ലാം ചേർന്ന് അമ്മയെ നമ്മുടെ കുടുംബ ഡോക്ടറായ മയ്യിലെ ജുനൈദിന്റെ ഹോസ്പിറ്റലിൽ എത്തിച്ചു.
ഡോ. ജുനൈദ് എന്നെ വിളിച്ച് അറിയിച്ചു ‘ അമ്മക്ക് ഹാർട്ടിന് ചെറിയ പ്രശ്നമുള്ളതായി തോന്നുന്നു. ഇ. സി. ജി. യിൽ വേരിയേഷൻ കാണുന്നുണ്ട്.. എവിടേക്ക് റെഫർ ചെയ്യണം…?’
ഏത് സ്വകാര്യ ആസ്പത്രിയിൽ ചികിൽസിച്ചാലും എനിക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്. എന്നിട്ടും
വേറെ ഒന്നും അധികമാ ലോചിക്കാതെ പറഞ്ഞു, നേരെ ജില്ലാ ആസ്പത്രിയിലേക്ക് വരട്ടെ.

അടുത്ത കാലത്ത് ജില്ലാ ആസ്പത്രിയിൽ തുടങ്ങിയ കാത്ത് ലാബിനെക്കുറിച്ചും അവിടെയുള്ള ഏറ്റവും ആധുനിക സംവിധാനത്തെക്കുറിച്ചും എനിക്ക് അറിയാവുന്നത് കൊണ്ടാണ് ധൈര്യപൂർവ്വം അവിടേക്ക് വിടാൻ പറഞ്ഞത്.
ആസ്പത്രി സൂപ്രണ്ട് ഡോ. രാജീവൻ സാറിനെ ഞാൻ വിവരം അറിയിച്ചു.പ്രധാന
കാർഡിയോളജിസ്റ് ഡോ. രാജേഷ് തിയേറ്ററിലാണെന്നും ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ സേവനം കിട്ടുമെന്നും ധൈര്യമായി വരൂ എന്നും അദ്ദേഹവും പറഞ്ഞു.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി. പി. ദിവ്യയെയും വിവരം അറിയിച്ചു.ജില്ലാ പഞ്ചായത്തിന് കീഴിലാണല്ലോ ജില്ലാ ആസ്പത്രി.അവരും ഡോക്ടറെ വിളിച്ചിട്ടുണ്ടാവും.
ഒരു മണിക്കൂറിനുള്ളിൽ അമ്മയെ ആൻജിയോഗ്രാമിന് വിധേയമാക്കി. ഹൃദയത്തിന്റെ ഒരു ധമനിയിൽ ചെറിയ ബ്ലോക്ക് ഉണ്ടെന്നും അത് മരുന്ന് കൊണ്ട് മാറുമെന്നും ആൻജിയോപ്ലാസ്റ്റി ആവശ്യമില്ലെന്നും ഡോക്ടർ പറഞ്ഞു.

മൂന്ന് ദിവസത്തിന് ശേഷം അമ്മ ആസ്പത്രി വിട്ടു.
ഏതെങ്കിലും സ്വകാര്യ ആസ്പത്രിയിലാണ് പോയതെങ്കിൽ ആൻജിയോ പ്ലാസ്റ്റിചെയ്ത് രണ്ടര ലക്ഷത്തിന്റെ ബില്ലും തരുമായിരുന്നു.
ജില്ലാ ആസ്പത്രിയിൽ പുതുതായി തുടങ്ങിയ കാത്ത്ലാബിന്റെയും വാർഡിന്റെയും സൗകര്യവും സംവിധാനവും കണ്ട് കൂടെ വന്ന സഹോദരിമാർ അമ്പരന്ന് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
പൊട്ടിയൊഴുകുന്ന കക്കൂസുകളും ചോർന്നൊലിക്കുന്ന മേൽക്കൂരയു മുള്ള പഴയ ജില്ലാ ആസ്പത്രിയാണ് അവരുടെ മനസ്സിൽ.
സർക്കാർ ആസ്പത്രി അടിമുടി മാറിയതൊന്നും പലരെപ്പോലെ അവരും അറിഞ്ഞിരിക്കില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News