CPIM: കേരളത്തിലെ ജനങ്ങൾ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ല; സിപിഐഎം പിബി

ജെ പി നദ്ദയ്ക്ക് മറുപടിയുമായി സി പിഐ എം(CPIM) പോളിറ്റ് ബ്യൂറോ. സംസ്ഥാനത്ത് സാമുദായിക സമാധാനം തകർക്കാനും വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും കേരളത്തിലെ ജനങ്ങൾ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും പി ബി പ്രസ്താവനയില്‍ പറഞ്ഞു.

നിരോധിക്കുകയാണെങ്കിൽ ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെയാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണം. കേരളം ഭീകര പ്രവർത്തനങ്ങളുടെ ഹോട്സ്പോട്ടായി മാറിയെന്ന ജെപി നദ്ദയുടെ ആരോപണത്തിന് സി പി ഐ എം പോളിറ്റ് ബ്യുറോ പ്രസ്താവനയിലൂടെ മറുപടി നല്‍കി.

ആർഎസ്എസും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും നടത്തുന്ന കൊലപാതകങ്ങളിലൂടെയും പ്രതികാര കൊലപാതകങ്ങളിലൂടെയും കേരളത്തിൽ രാഷ്ട്രീയ അക്രമങ്ങൾ നിലനിൽക്കുന്നുവെന്ന വസ്തുത മൂടിവയ്ക്കാൻ നദ്ദയുടെ വ്യാജ ആരോപണത്തിന് കഴിയില്ല. ഈ വർഷം തന്നെ ആലപ്പുഴ, പാലക്കാട് ജില്ലകളിലായി ഈ രണ്ട് സംഘടനകളിലെയും പ്രവർത്തകർ നടത്തിയ കൊലപാതകങ്ങളിലും പ്രതികാര കൊലപാതകങ്ങളിലും നാല് മരണങ്ങളാണ് ഉണ്ടായത്.

സംസ്ഥാനത്ത് സാമുദായിക സമാധാനം തകർക്കാനും വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണിത്. ഇത്തരം പ്രകോപനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ആർഎസ്എസിനോട് ബിജെപി അധ്യക്ഷൻ ഉപദേശിക്കുന്നതാണ് നല്ലത്. എല്ലാ തീവ്രവാദ സംഘടനകളുടെയും അക്രമ പ്രവർത്തനങ്ങൾക്കെതിരെ എൽഡിഎഫ് സർക്കാർ ശക്തമായ നടപടി സ്വീകരിച്ചുവെന്നും കേരളത്തിലെ ജനങ്ങൾ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും പി ബി പ്രസ്താവനയില്‍ പറഞ്ഞു.

ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതാണ് നദ്ദയുടെ പ്രസ്താവനയെന്നും കേരളം സമാധാനത്തിന്‍റെയും പുരോഗതിയുടെയും കാര്യത്തിൽ ഒന്നാമതാണെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പ്രതികരിച്ചു. നിരോധനം കൊണ്ട് വർഗീയതയെ തടയാൻ ക‍ഴിയില്ലെന്ന് പ്രതികരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നിരോധിക്കുകയാണെങ്കിൽ ആദ്യം നിരോധിക്കേണ്ട സംഘടന ആർഎസ്എസ് ആണെന്നും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here