World News Day: ഇന്ന് ലോക വാര്‍ത്താ ദിനം

ഇന്ന് ലോക വാര്‍ത്താ ദിനം. മാധ്യമസ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തനവും കൂടുതല്‍ ഇടുങ്ങിയ കാലഘട്ടത്തിലാണ് ലോകവാര്‍ത്താ ദിനത്തിന്റെ ആചരണം. കനേഡിയന്‍ ജേണലിസം ഫൗണ്ടേഷന്റെയും വേള്‍ഡ് എഡിറ്റേഴ്‌സ് ഫോറത്തിന്റെയും നേതൃത്വത്തില്‍ ആചരിക്കുന്ന ലോക വാര്‍ത്താ ദിനത്തിന്റെ ഇത്തവണത്തെ മുദ്രാവാക്യം വസ്തുതാ പൂര്‍ണമായ മാധ്യമപ്രവര്‍ത്തനം ഉയര്‍ത്തിപ്പിടിക്കുക എന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 500 ഓളം അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ മുദ്രാവാക്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ്.

എന്നും കഴുത്തിറുക്കപ്പെട്ട ചരിത്രമാണ് മാധ്യമസ്വാതന്ത്ര്യത്തിനുള്ളത്. നിരോധിക്കപ്പെട്ടപ്പോഴൊക്കെ പത്രത്തിന്റെ പേരുമാറ്റി പുതുക്കി ഇറക്കിയ കാറല്‍ മാര്‍ക്‌സും പ്രിയപ്പെട്ട രാജ്യത്തിലെ ആദ്യപത്രം പുറത്തിറക്കി നിരോധനം ഏറ്റുവാങ്ങിയ ജെയിംസ് അഗസ്റ്റസ് ഹിക്കിയും ദിവാനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി സ്വന്തം പത്രം കണ്ടുകെട്ടിയിട്ടും എഡിറ്റര്‍ രാമകൃഷ്ണപിള്ളയ്‌ക്കൊപ്പം നിന്ന സ്വദേശാഭിമാനി വക്കം മൗലവിയുമെല്ലാം മാധ്യമങ്ങള്‍ക്കെതിരെ കൊടുങ്കാറ്റ് ആഞ്ഞടിച്ച കാലത്ത് അതിനെതിരെ തോണി തുഴഞ്ഞ പോരാളികളായി മാറുന്നു.

പ്രസ്സ് ഫ്രീഡം ഇന്‍ഡക്‌സില്‍ 2016ലെ 133ആം റാങ്കില്‍ നിന്ന് 150ലേക്ക് ഇടിഞ്ഞുവീഴുന്ന മോദികാലത്തിലാണ് ഇന്ത്യന്‍ മാധ്യമസ്വാതന്ത്ര്യം. ഭരണകൂടം നിഷ്‌കരുണം ജനാധിപത്യത്തെ അടിച്ചുതകര്‍ക്കുമ്പോള്‍ അത്തരമൊരു കാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ജനങ്ങളുടെ നാവായി മാറേണ്ട മാധ്യമങ്ങള്‍ പൂര്‍ണ്ണമായും അധികാര കേന്ദ്രങ്ങള്‍ക്ക് കീഴടങ്ങും എന്നുള്ളതാണ്. സ്വാതന്ത്ര്യസമരകാലത്ത് ഉടലെടുത്ത ജൂട്ട് പ്രസ് ഉയര്‍ത്തിയ നീതികേട് നൂറ്റാണ്ട് 21ല്‍ എന്‍ഡിടിവിയുടെ ഉടമസ്ഥത തട്ടിയെടുക്കുന്ന അദാനിമാരായി തുടരുകയാണ്.

ഉടമയുടെ ശിങ്കിടിമാരാകുന്ന മാധ്യമ പ്രവര്‍ത്തകരാല്‍ നുണയുടെയും അനീതിയുടെയും കറ പിടിച്ച് തുടങ്ങുകയാണ് ലോകം മുഴുവന്‍. ഭരണകൂടമര്‍ദ്ദനത്തിനെയും മൂലധന ലോജിക്കിനെയും ഭയക്കാതെ മുഷ്ടിയുയര്‍ത്തിപ്പിടിക്കുന്നവര്‍ പുതുചരിത്രം രചിക്കുക തന്നെ ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News