നിയമങ്ങള്‍ ഉപയോഗിച്ച് കര്‍ശനമായി നേരിടുകയാണ് വേണ്ടത്; നിരോധനം പ്രശ്നപരിഹാര മാര്‍ഗമല്ല: സിപിഐഎംപിബി

തീവ്രവാദ സ്വഭാവമുള്ള ഭൂരിപക്ഷ, ന്യൂനപക്ഷ സംഘടനകളെ രാജ്യത്തെ സ്ഥിരം നിയമങ്ങള്‍ ഉപയോഗിച്ച് കര്‍ശനമായി നേരിടുകയും ഭരണപരമായ ഉറച്ച നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യേണ്ടതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ) തീവ്രവാദ കാഴ്ചപ്പാട് പുലര്‍ത്തുകയും അവരുടെ ശത്രുക്കളെന്ന് കരുതുന്നവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്ന സംഘടനയാണ്. ഇവരുടെ തീവ്രവാദ വീക്ഷണത്തെ സിപിഐ എം ശക്തിയായി എതിര്‍ക്കുന്നു. ഇവരുടെ അക്രമസാക്തമായപ്രവര്‍ത്തനങ്ങളെ  പാര്‍ടി എപ്പോഴും അപലപിച്ചിട്ടുണ്ട്.

എന്നാല്‍ യുഎപിഎ പ്രകാരം നിരോധിത സംഘടനയായി പിഎഫ്ഐയെ പ്രഖ്യാപിച്ചത് ഈ പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗമല്ല. ആര്‍എസ്എസും മാവോയിസ്റ്റുകളും പോലുള്ള സംഘടനകള്‍ക്ക് മുന്‍കാലങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം ഫലപ്രദമായിരുന്നില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. നിയമവിരുദ്ധ, അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പിഎഫ്ഐയ്ക്കെതിരെ രാജ്യത്തെ നിയമപ്രകാരം ഉറച്ച ഭരണപരമായ നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. അവരുടെ വര്‍ഗീയ, വിഭാഗീയ ആശയങ്ങളെ തുറന്നുകാട്ടുകയും രാഷ്ട്രീയമായി നേരിടുകയും ചെയ്യണം.

വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അന്തരീക്ഷം മോശമാക്കാന്‍ പിഎഫ്ഐയും ആര്‍എസ്എസും കേരളത്തിലും കര്‍ണാടകത്തിന്റെ തീരഭാഗങ്ങളിലും കൊലപാതകങ്ങളും പ്രത്യാക്രമണ കൊലപാതകങ്ങളും നടത്തുന്നു. പ്രമുഖ മതനിരപേക്ഷ എഴുത്തുകാരുടെയും ധൈഷണികരുടെയും കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ട സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി പോലുള്ള തീവ്രവാദ സംഘടനകളുമുണ്ട്. ഇവരെയെല്ലാം രാജ്യത്തെ സ്ഥിരം നിയമങ്ങള്‍ ഉപയോഗിച്ച് നേരിടുകയാണ് ചെയ്യേണ്ടത്.

ഇത്തരം ശക്തികളെ നേരിടാന്‍ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ, ജനാധിപത്യ സ്വഭാവം നിലനിര്‍ത്തുകയെന്നത് ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരം വിനിയോഗിക്കുന്നവരുടെ പരമപ്രധാനമായ കര്‍ത്തവ്യമാണ്–പിബി വ്യക്തമാക്കി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here