ആര്‍ത്തവദിനങ്ങളിലെ അമിത രക്തസ്രാവം;കാരണം ഇതാവാം

ചിലരില്‍ ആര്‍ത്തവദിവസങ്ങളില്‍ അമിതമായ രക്തസ്രാവം ഉണ്ടാകാറുണ്ട്. ഒരു ദിവസം എത്ര തവണ പാഡ് മാറ്റേണ്ടി വരുന്നുവെന്ന് കണക്കാക്കുന്നതിലൂടെ അമിത രക്തസ്രാവം ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയും. അമിത ആര്‍ത്തവ രക്തസ്രാവമുള്ളവര്‍ക്ക് പെട്ടെന്നുതന്നെ, അതായത് ഒന്നു രണ്ടു മണിക്കൂറിനുള്ളില്‍ പാഡ് മാറ്റേണ്ടതായി വരും.

കൂടാതെ ഇവരില്‍ ഒരാഴ്ച മുഴുവന്‍ രക്തസ്രാവം നീണ്ടുനില്‍ക്കുകയും ചെയ്യും. അമിതമായ രക്തം പോക്ക് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനുമിടയാക്കും. ഗര്‍ഭനിരോധന മാര്‍ഗം (ഐയുഡി) ഗര്‍ഭധാരണം തടയുന്നതിനുള്ള ഉപകരണം ഗര്‍ഭപാത്രത്തിനുള്ളില്‍ കടത്തി വയ്ക്കുന്നത് ആര്‍ത്തവ സമയത്ത് രക്തസ്രാവം അമിതമാവാന്‍ കാരണമാകാറുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ ഉടന്‍ തന്നെ ഐയുഡി മാറ്റി മറ്റേതെങ്കിലും മാര്‍ഗം സ്വീകരിക്കുക.

ലക്ഷണങ്ങള്‍

ഓരോ മണിക്കൂറിലും അല്ലെങ്കില്‍ അടുത്തടുത്ത ഇടവേളകളില്‍ പാഡ് മാറ്റേണ്ടിവരിക, രക്തസ്രാവം അമിതമാകുന്നതു മൂലം രണ്ട് പാഡുകള്‍ ഉപയോഗിക്കേണ്ടിവരിക, രക്തസ്രാവം ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുക രാത്രി കാലങ്ങളില്‍പ്പോലും ഇടയ്ക്കിടെ പാഡ്മാറ്റേണ്ടിവരിക, ക്ഷീണവും തലവേദനയുമുണ്ടാവുക, അമിത രക്തസ്രാവം മൂലം ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുക, ആര്‍ത്തവരക്തത്തിനൊപ്പം വലിയ രക്തക്കട്ടകള്‍ പുറന്തള്ളുക തുടങ്ങിയവയാണ് അമിതരക്തസ്രാവത്തിന്റെ ലക്ഷണങ്ങള്‍.

കാരണങ്ങള്‍ പലത്

ഗര്‍ഭനിരോധനോപാധികള്‍ ഗര്‍ഭാശയത്തിനുള്ളില്‍ നിക്ഷേപിക്കുക, ഗര്‍ഭാശയ വീക്കം, പ്രസവശേഷം ഗര്‍ഭാശയം ചുരുങ്ങാതിരിക്കുക തുടങ്ങി അമിത രക്തസ്രാവത്തിന് പലവിധ കാരണങ്ങളുണ്ട്. ഗര്‍ഭാശയമുഴകള്‍, ചില ഗര്‍ഭനിരോധനോപാധികള്‍ എന്നിവയും കാരണമാകാം. ആര്‍ത്തവ വിരാമ കാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് സാധാരണയായി അമിത രക്തസ്രാവത്തിന് കാരണമാവുക. ആദ്യ ആര്‍ത്തവത്തിന് ശേഷവും ആര്‍ത്തവ വിരാമത്തിന് തൊട്ട് മുമ്പുള്ള കാലയളവിലും ഹോര്‍മോണിന്റെ അളവില്‍ വ്യത്യാസമുണ്ടാകുന്നത് രക്തസ്രാവം അമിതമാകുന്നതിന് കാരണമാകാറുണ്ട്.

ഗര്‍ഭാശയ മുഴകളും ഹോര്‍മോണ്‍ തകരാറും

ഗര്‍ഭപാത്രത്തില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ മുഴകളാണ് ഫൈബ്രോയിഡുകള്‍. ഈ ഫൈബ്രോയിഡുകള്‍ അമിത ആര്‍ത്തവ രക്തസ്രാവത്തിന് കാരണമാകാം. ആര്‍ത്തവ സമയത്ത് കൃത്യമായി അണ്ഡവിസര്‍ജനം നടക്കാത്തവരില്‍ ഹോര്‍മോണ്‍ ഉല്‍പാദനവും ശരിയായ രീതിയില്‍ നടക്കുകയില്ല. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാവുകയും അമിതരക്തസ്രാവത്തിന് കാരണമാവുകയും ചെയ്യുന്നു. ശരീരത്തില്‍ രക്തം ശരിയായി കട്ടപിടിക്കാതിരിക്കുന്ന തരത്തിലുള്ള തകരാറുകള്‍ പാരമ്പര്യമായി ഉള്ളവരിലും ആര്‍ത്തവകാലത്ത് അമിത രക്തസ്രാവം ഉണ്ടാകാം. ഗര്‍ഭാശയമുഖ കാന്‍സര്‍ പോലുള്ള രോഗങ്ങളും ഇതിന് കാരണമാണ്. അണ്ഡാശയം, ഗര്‍ഭപാത്രം, ഗര്‍ഭാശയമുഖം എന്നീ ഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകള്‍ അമിതരക്തസ്രാവത്തിന് കാരണമായേക്കാം.

ഗര്‍ഭാശയ പോളിപ്പുകള്‍ മറ്റൊരു കാരണമാണ്. ഗര്‍ഭപാത്രത്തിന്റെ അകത്തെ പാളിയില്‍ ഉണ്ടാകുന്ന അപകടകരമല്ലാത്ത വളര്‍ച്ചകളാണ് പോളിപ്പുകള്‍. ഇതു കാരണം ആര്‍ത്തവസമയത്ത് നീണ്ടുനില്‍ക്കുന്ന രക്തസ്രാവമോ അമിത രക്തസ്രാവമോ ഉണ്ടായേക്കാം. തൈറോയ്ഡ് പ്രശ്നങ്ങള്‍, വൃക്ക, കരള്‍ എന്നിവയുടെ തകരാറുകള്‍ എന്നിവയെത്തുടര്‍ന്നും അമിത രക്തസ്രാവം ഉണ്ടാകാറുണ്ട്..

ചികിത്സ വേണം

ആര്‍ത്തവരക്തസ്രാവത്തില്‍ അസ്വഭാവികതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഗൈനക്കോളജിസ്റ്റിനെ കാണുകയും ആവശ്യമെങ്കില്‍ പരിശോനകള്‍ നത്തേണ്ടതുമാണ്. കാരണം അമിതരക്തസ്രാവം ഉള്‍പ്പെടെയുള്ള ആര്‍ത്തവ തകരാറുകള്‍ നേരത്തെ ചികിത്സിച്ച് ഭേദമാക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഭാവിയില്‍ ഗ ര്‍ഭധാരണത്തെ ഉള്‍പ്പെടെ ബാധിക്കാന്‍ സാധ്യതയുണ്ട്.

കടപ്പാട്:
ഡോ. ദിവ്യ
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്,
കൊച്ചി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel