25 ലക്ഷം പേര്‍ക്ക് ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് നടത്തി : മന്ത്രി വീണാ ജോര്‍ജ് | Veena George

ഹൃദ്രോഗം ഉൾപ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 25 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

ആകെ 25,27,33 പേരെ സ്‌ക്രീനിംഗ് നടത്തിയതിൽ 18.42 ശതമാനം പേർ (4,65,722) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടർ ഗ്രൂപ്പിൽ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 10.63 ശതമാനം പേർക്ക് (2,68,751) രക്താതിമർദ്ദവും, 8.52 ശതമാനം പേർക്ക് (2,15,450) പ്രമേഹവും, 3.82 ശതമാനം പേർക്ക് (96,682) ഇവ രണ്ടും സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

എല്ലാ വർഷവും സെപ്റ്റംബർ 29-ാം തീയതിയാണ് ലോക ഹൃദയ ദിനമായി ആചരിക്കപ്പെടുന്നത്. ‘എല്ലാ ഹൃദയങ്ങൾക്കു വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക’ (Use Heart for every heart) എന്നതാണ് ഈ വർഷത്തെ സന്ദേശം. പ്രായഭേദമന്യേ എല്ലാ സാമ്പത്തിക ശ്രേണിയിലു ള്ളവർക്കും എല്ലാ പ്രദേശങ്ങളിലുള്ളവർക്കും ഹൃദയാരോഗ്യം പ്രദാനം ചെയ്യാനായി എല്ലാവരും മുന്നിട്ടിറങ്ങുക എന്നതാണ് ഈ ആഹ്വാനം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

ഏറെ ചെലവേറിയ ഹൃദയാരോഗ്യ ചികിത്സ എല്ലാവർക്കും പ്രാപ്യമാകും വിധമാണ് സംസ്ഥാന ആരോഗ്യവകുപ്പ് പ്രവർത്തിച്ച് വരുന്നത്. സ്വകാര്യമേഖലയിലും മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികളിലും മാത്രം ലഭിച്ചികൊണ്ടിരുന്ന ഹൃദയ രോഗ ചികിത്സ ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ, ജനറൽ ആശുപത്രികളിൽ നൽകുന്നതിനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ച് വരുന്നത്.

പ്രാഥമിക തലത്തിൽ തന്നെ ഹൃദ്രോഗം കണ്ടെത്തുന്നതിന് ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തിവരുന്നു. ദ്വിതീയ തലത്തിൽ ഹൃദയാഘാതം നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കുന്നതിന് താലൂക്ക് ആശുപത്രികളിൽ ട്രോപ്പ് ടി അനലൈസർ വാങ്ങി നൽകിയിട്ടുണ്ട്. 13 ജില്ലകളിൽ കാത്ത് ലാബ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിൽ 3 ജില്ലകളിൽ ഉടൻതന്നെ പ്രവർത്തനമാരംഭിക്കുന്നതാണ്. ഇതുകൂടാതെ മെഡിക്കൽ കോളേജുകളിലും കാത്ത് ലാബ് ചികിത്സ ലഭ്യമാണ്.

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി ശിശുഹൃദയ വിഭാഗം സംഘടിപ്പിക്കുന്ന ലോക ഹൃദയ ദിനാഘോഷ പരിപാടി സെപ്റ്റംബർ 29ന് രാവിലെ 9 മണിക്ക് മെഡിക്കൽ കോളേജ് സി.ഡി.സി. ആഡിറ്റോറിയത്തിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗവും കേരള ഹാർട്ട് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ലോക ഹൃദയ ദിനാചരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പാളയം മഹാത്മാ അയ്യൻകാളി ഹാളിൽ വച്ച് സെപ്റ്റംബർ 29ന് രാവിലെ 10 മണിക്ക് മന്ത്രി വീണാ ജോർജ് നിർവഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here