ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം | Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബൗളർമാരാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ തകർത്തത്. 41 റൺസെടുത്ത കേശവ് മഹാരാജാണ് ടീമിന്റെ ടോപ്‌സ്‌കോറർ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ കാത്തിരുന്നത് വമ്പൻ തകർച്ചയാണ്. വെറും ഒൻപത് റൺസെടുക്കുന്നതിനിടെ അഞ്ച് മുൻനിര വിക്കറ്റുകൾ നിലംപൊത്തി. ബുംറയ്ക്കും ഭുവനേശ്വറിനും പകരം ടീമിലിടം നേടിയ അർഷ്ദീപ് സിങ്ങും ദീപക് ചാഹറും ചേർന്ന് ദക്ഷിണാഫ്രിക്കയെ പിച്ചിച്ചീന്തി.

ആദ്യ ഓവറിലെ അവസാന പന്തിൽ ഓപ്പണറും നായകനുമായ തെംബ ബവൂമയെ പുറത്താക്കി ദീപക് ചാഹറാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അക്കൗണ്ട് തുറക്കുംമുൻപേ ബവൂമയെ ദീപക് ചാഹർ ക്ലീൻ ബൗൾഡാക്കി. നാല് പന്ത് നേരിട്ട ബവൂമ നിരാശപ്പെടുത്തി.

പിന്നീട് അർഷ്ദീപിന്റെ ഊഴമായിരുന്നു. രണ്ടാം ഓവറിൽ അർഷ്ദീപ് മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്.രണ്ടാം ഓവറിലെ രണ്ടാം പന്തിൽ അർഷ്ദീപ് അപകടകാരിയായ ക്വിന്റൺ ഡി കോക്കിന്റെ വിക്കറ്റ് പിഴുതു. നാലുപന്തിൽ നിന്ന് ഒരു റൺ മാത്രമെടുത്ത ഡി കോക്കിന്റെ ബാറ്റിലുരസിയാണ് പന്ത് വിക്കറ്റിലേക്ക് തിരിഞ്ഞത്. പിന്നാലെ വന്ന റിലീ റോസ്സോയെ നിലയുറപ്പിക്കും മുൻപ് അർഷ്ദീപ് പറഞ്ഞയച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ റോസ്സോ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.

റോസ്സോയ്ക്ക് പകരമെത്തിയത് അപകടകാരിയായ ഡേവിഡ് മില്ലറാണ്. എന്നാൽ മില്ലറെ അതിമനോഹരമായ ഇൻസ്വിങ്ങറിലൂടെ അർഷ്ദീപ് വീഴ്ത്തി. നേരിട്ട ആദ്യ പന്തിൽ തന്നെ മില്ലർ ക്ലീൻ ബൗൾഡായി പുറത്തായി. ദക്ഷിണാഫ്രിക്കയുടെ വിശ്വസ്തതാരം തലതാഴ്ത്തി ക്രീസ് വിട്ടു. ആ ഓവറിൽ വെറും ഏഴ് റൺസ് മാത്രം വഴങ്ങിയ അർഷ്ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ അഭിമാനമായി മാറി.

തൊട്ടടുത്ത ഓവറിൽ ചാഹർ വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് ഭീഷണിയുയർത്തി. മൂന്നാം ഓവറിലെ മൂന്നാം പന്തിൽ വമ്പനടിയ്ക്ക് പേരുകേട്ട യുവതാരം ട്രിസ്റ്റൻ സ്റ്റബ്‌സിനെ മടക്കി ചാഹർ ദക്ഷിണാഫ്രിക്കയുടെ അഞ്ചാം വിക്കറ്റ് പിഴുതു. നേരിട്ട ആദ്യ പന്തിൽ തന്നെ സ്റ്റബ്‌സ് അർഷ്ദീപ് സിങ്ങിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്ക വെറും ഒൻപത് റൺസിന് അഞ്ചുവിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. പിന്നീട് ക്രീസിലൊന്നിച്ച എയ്ഡൻ മാർക്രവും ഓൾറൗണ്ടർ വെയ്ൻ പാർനെലും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.

മികച്ച ഷോട്ടുകളുമായി കളിച്ച മാർക്രം ടീം സ്‌കോർ ഉയർത്താൻ ശ്രമിച്ചു. പാർനെൽ പിന്തുണ നൽകി. ഇരുവരും ടീം സ്‌കോർ 40 കടത്തി. എന്നാൽ എട്ടാം ഓവറിൽ മാർക്രത്തെ മടക്കി ഹർഷൽ പട്ടേൽ വീണ്ടും ദക്ഷിണാഫ്രിക്കയെ തകർച്ചയിലേക്ക് തള്ളിയിച്ചു. 24 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 25 റൺസെടുത്ത മാർക്രത്തെ ഹർഷൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്ക 42 ന് ആറ് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

മാർക്രം മടങ്ങിയതോടെ വെയൻ പാർനെൽ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. കേശവ് മഹാരാജ് താരത്തിന് പിന്തുണ നൽകി. ഇരുവരും ചേർന്ന് ടീം സ്‌കോർ 68-ൽ എത്തിച്ചെങ്കിലും അക്ഷർ പട്ടേൽ ഈ കൂട്ടുകെട്ട് പൊളിച്ചു. 37 പന്തുകളിൽ നിന്ന് ഓരോ സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 24 റൺസെടുത്ത പാർനെലിനെ അക്ഷർ സൂര്യകുമാർ യാദവിന്റെ കൈയ്യിലെത്തിച്ചു.

പാർനെൽ മടങ്ങുമ്പോൾ 16-ാം ഓവറിലേക്ക് കളിയെത്തിയിരുന്നു. അവസാന ഓവറുകളിൽ കേശവ് മഹാരാജ് നടത്തിയ ചെറുത്തുനിൽപ്പ് ടീമിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചു. കേശവിന്റെ ബാറ്റിങ് മികവിൽ ടീം സ്‌കോർ 100 കടന്നു. 19 ഓവറിലാണ് ടീം മൂന്നക്കം കണ്ടത്. എന്നാൽ അവസാന ഓവറിൽ താരത്തെ ഹർഷൽ പട്ടേൽ ക്ലീൻ ബൗൾഡാക്കി. 35 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 41 റൺസെടുത്താണ് കേശവ് ക്രീസ് വിട്ടത്. റബാദയും (7) ആന്റിച്ച് നോർക്യെയും (2) പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിങ്ങ് നാലോവറിൽ 32 റൺസ് വഴങ്ങി മൂന്നുവിക്കറ്റെടുത്തു. ഹർഷൽ പട്ടേലും ദീപക് ചാഹറും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ അക്ഷർ പട്ടേൽ ഒരു വിക്കറ്റ് സ്വന്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News