36-ാമത് ദേശീയ ഗെയിംസിന് ഇന്ന് ഗുജറാത്തിൽ തിരിതെളിയും | National Games

36 -ാമത് ദേശീയ ഗെയിംസിന് ഇന്ന് ഗുജറാത്തിൽ തിരിതെളിയും. ഔദ്യോഗിക ഉദ്ഘാടനം അഹമ്മദാബാദിൽ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങാണ് ഒരുക്കിയിട്ടുള്ളത്.

കൂടുതൽ വേഗത്തില്‍ കൂടുതൽ ഉയരത്തില്‍ കൂടുതൽ കരുത്തോടെ-”ഒരുമിച്ച്” എന്ന മുദ്രാവാക്യവുമായി ഇന്ത്യയുടെ ഒളിംപിക്‌സിന് ഇന്ന് തിരിതെളിയും.അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് നടൻമാരായ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, രൺബീർ കപൂർ, അജയ് ദേവ്ഗൺ, അനുപം ഖേർ, നടിമാരായ കങ്കണ റണാവത്ത്, മാധുരി ദീക്ഷിത് തുടങ്ങി സെലിബ്രിറ്റികളുടെ വൻ നിര തന്നെ പങ്കെടുക്കും.

ഗുജറാത്തിലെ ആറ് നഗരങ്ങളിലായാണ് ദേശീയ ഗെയിംസ് നടക്കുക. ഫുട്ബോൾ , വോളിബോൾ, ടെന്നീസ്, ടേബിൾ ടെന്നീസ്, ജൂഡോ , കബഡി, യോഗ തുടങ്ങി 36 ഇനങ്ങളിലായി ഏഴായിരത്തിലധികം കായിക താരങ്ങൾ ഗെയിംസിൽ മാറ്റുരക്കും.യോഗാസനം ഇതാദ്യമായി ദേശീയ ഗെയിംസിൽ കായിക ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ജേതാക്കൾക്കിടയിലെ ജേതാക്കൾ എന്ന വിളിപ്പേരുള്ള സർവീസസാണ് നിലവിലെ ചാമ്പ്യന്മാർ. ഹരിയാനയുടെ 19 കാരി അത്ലറ്റ് സമ്മി കാളിരവനാണ് സർവീസസ് നിരയിലെ ശ്രദ്ധാകേന്ദ്രം. ഒളിമ്പ്യന്മാരടക്കം പ്രമുഖ താരങ്ങളുടെ നീണ്ട നിര തന്നെ ഗെയിംസിൽ മത്സരിക്കുന്നുണ്ട്. നീരജ് ചോപ്ര, പി.വി സിന്ധു, സൈന നേവാൾ, എൽദോസ് പോൾ, അബ്ദുല്ല അബൂബക്കർ എന്നിവർ പങ്കെടുക്കുന്നില്ല.

ഒളിമ്പ്യൻ എം ശ്രീ ശങ്കർ ഉദ്ഘാടന ചടങ്ങിൽ കേരളത്തിന്റെ പതാകയേന്തും. 6 സ്വർണവും 2 വെള്ളിയും അടക്കം 2015 ലെ ദേശീയ ഗെയിംസിൽ ആകെ 8 മെഡലുകൾ നേടിയ നീന്തൽ താരം സാജൻ പ്രകാശ് ഇക്കുറിയും ഇറങ്ങും പ്രണോയ്, ട്രീസ ജോളി അടക്കമുള്ള രാജ്യാന്തര താരങ്ങളും കേരളത്തിന്റെ ബാഡ്മിന്റൺ ടീമിലുണ്ട്..

26 ഇനങ്ങളിൽ മത്സരിക്കുന്ന കേരള ടീമിൽ 436 താരങ്ങളാണുളളത്. ഈ മാസം 30 മുതൽ ഒക്ടോബർ 4 വരെ ഗാന്ധിനഗറിലാണ് ദേശീയ ഗെയിംസിലെ ഗ്ലാമർ ഇനമായ അത്ലറ്റിക്സ് അരങ്ങേറുക. ഒക്ടോബർ 10 ന് സൂറത്തിൽ ദേശീയ ഗെയിംസിന് കൊടിയിറങ്ങും. ഏതായാലും ചരിത്രത്തിലാദ്യമായി ആതിഥ്യമരുളുന്ന ദേശീയ ഗെയിംസ് സ്വപ്ന തുല്യമാക്കാനുള്ള ഒരുക്കങ്ങൾ ഗുജറാത്തിൽ പൂർത്തിയായിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News