ഭിന്നശേഷി തൊഴില്‍ ശാക്തീകരണത്തിനായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ പുതിയ വേദികള്‍

ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസത്തിന് ഊന്നല്‍ നല്‍കുന്ന വിവിധ പദ്ധതികളുമായി യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്റര്‍ (യു.ഇ.സി) എന്ന പുതിയൊരു സംരംഭത്തിന് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്നു. ഭിന്നശേഷിക്കാര്‍ക്ക് ശാക്തീകരണത്തിലൂടെ തൊഴില്‍ നല്‍കുന്ന സെന്ററില്‍ കലാവതരണ വേദികള്‍, സൗജന്യ ഓട്ടിസം തെറാപ്പി സെന്ററുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി സെന്റര്‍, ഡിഫറന്റ് സ്‌പോര്‍ട്‌സ് സെന്റര്‍, ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ഈ പദ്ധതികളുടെ പ്രയോജനം സൗജന്യമായി ലഭിക്കും. തിരുവനന്തപുരത്തെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിൽ 5 ഏക്കറിലാണ് പദ്ധതികള്‍ ഒരുങ്ങുന്നത്. ഭിന്നശേഷിക്കുട്ടികളുടെ അമ്മമാര്‍ക്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും ഇതിനോടൊപ്പം ഒരുക്കുന്നുണ്ട്.

ഭിന്നശേഷിക്കുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുന്നതിനും ഇവരെ നമുക്കൊപ്പം ചേര്‍ത്തു നിര്‍ത്തുന്നതിനും അംഗീകാരങ്ങളും ബഹുമതികളും സ്വന്തമാക്കി തങ്ങള്‍ക്കും തുല്യമായ ഒരിടമുണ്ടെന്ന് ബോധ്യപ്പെടുത്തുവാനുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വരും വര്‍ഷങ്ങളില്‍ നടക്കുന്ന പാരാലിംപിക്‌സില്‍ സെന്ററിനെ പ്രതിനിധീകരിച്ച് കുട്ടികളെ പങ്കെടുപ്പിക്കുക എന്നതും ലക്ഷ്യമിടുന്നുണ്ട്.
പദ്ധതിയുടെ ആദ്യ 7 വേദികള്‍ ഒക്‌ടോബര്‍ മാസത്തില്‍ ഭിന്നശേഷി മേഖലയ്ക്ക് സമര്‍പ്പിക്കുകയാണ്. ഒക്‌ടോബര്‍ 1 രാവിലെ 11ന് നടക്കുന്ന 3 വേദികളുടെ ഉദ്ഘാടനം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിക്കും. കാഴ്ച-കേള്‍വി പരിമിതരുടെ വിസ്മയ പ്രകടനങ്ങള്‍ അവതരിപ്പിക്കുന്നതിനായി മാജിക് ഓഫ് സൈലന്‍സ്, മാജിക് ഓഫ് ഡാര്‍ക്‌നെസ്സ്, ഭിന്നശേഷി മേഖലയില്‍ അത്യപൂര്‍വ സവിശേഷതകള്‍ അവതരിപ്പിക്കുന്ന കുട്ടികള്‍ക്കായി മാജിക് ഓഫ് മിറക്കിള്‍ എന്നീ വേദികള്‍ തെന്നിന്ത്യന്‍ അഭിനേത്രിയും കേള്‍വി പരിമിതയുമായ അഭിനയ ആനന്ദ്, കാഴ്ചപരിമിതയും ജ്യോതിര്‍ഗമയ ഫൗണ്ടേഷന്റെ സ്ഥാപകയും സോഷ്യല്‍ വര്‍ക്കറുമായ തിഫാനി ബ്രാര്‍, ഇന്ത്യയിലെ ആദ്യ ടെസ്റ്റ് റ്റിയൂബ് ബേബിയും മാന്ത്രികയുമായ കൃതി പരേഖ് എന്നിവര്‍ ഭിന്നശേഷി മേഖലയ്ക്കായി സമര്‍പ്പിക്കും.

ഒക്‌ടോബര്‍ 10ന് രാവിലെ 11ന് നടക്കുന്ന തെറാപ്പി സെന്ററുകളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. ഡോ.എം.കെ മുനീര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെറിബ്രല്‍ പാള്‍സി ബാധിതനും സെന്‍ട്രല്‍ യൂണിവേഴ്‌സി ഓഫ് കേരളയുടെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ശ്യാം പ്രസാദ് തെറാപ്പി സെന്ററുകള്‍ ഭിന്നശേഷി മേഖലയ്ക്കായി സമര്‍പ്പിക്കും. വിര്‍ച്വല്‍ റിയാലിറ്റി, സ്പീച്ച് ആന്റ് ഓഡിയോ, ഫിസിയോ തെറാപ്പി, ദന്തല്‍ തെറാപ്പി, ഒക്കുപേഷണല്‍ തെറാപ്പി, സെന്‍സറി തെറാപ്പി എന്നിങ്ങനെ 6 സെന്ററുകളാണ് അന്താരാഷ്ട്ര നിലവാരത്തില്‍ ഒരുക്കിയിരിക്കുന്നത്.

ഒക്‌ടോബര്‍ 16ന് രാവിലെ 11ന് സിംഫോണിയ, ആര്‍ട്ടീരിയ എന്നീ വേദികള്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, പ്രശസ്ത ശില്‍പ്പി എന്‍.എന്‍ റിംസന്‍ എന്നിവര്‍ ഈ വേദികള്‍ ഭിന്നശേഷി മേഖലയ്ക്കായി സമര്‍പ്പിക്കും.
ഒക്‌ടോബര്‍ 31ന് ലോകമാന്ത്രിക ദിനത്തില്‍ രാവിലെ 11ന് പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ നിര്‍മാതാവ് ഗോകുലം ഗോപാലൻ, സംവിധായകൻ വിനയൻ, സിനിമാം ടീം അംഗങ്ങൾ എന്നിവർ ചേര്‍ന്ന് എ ജേര്‍ണി ടു 19 സെഞ്ച്വറി എന്ന വിഭാഗം ഭിന്നശേഷിക്കാര്‍ക്കായി തുറന്നുകൊടുക്കും. നിരവധി വിസ്മയങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന ആസ്വാദന മേഖലയാണിത്.

യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്റര്‍ വിശദാംശങ്ങള്‍:

ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കുട്ടികള്‍ക്ക് അവരവര്‍ക്കിഷ്ടപ്പെട്ട കലാ മേഖല തിരഞ്ഞെടുത്ത് വിദഗ്ദ്ധ പരിശീലനം നേടി കാണികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുവാന്‍ കഴിയും. ഇതിനായി അന്താരാഷ്ട്ര നിലവാരമുള്ള നിരവധി തിയേറ്ററുകള്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. ഗവേഷണ കുതുകികളായ കുട്ടികള്‍ക്ക് സയന്‍ഷ്യ എന്ന പേരില്‍ അതിവിപുലവും വിശാലവുമായ ഗവേഷണ കേന്ദ്രവും സെന്ററിലുണ്ട്. ഭിന്നശേഷിക്കുട്ടികളുടെ സൈക്കോ മോട്ടോര്‍ തലങ്ങളെ സ്പര്‍ശിക്കുന്ന ആധുനിക രീതിയിലുള്ള ശാസ്ത്രീയ ഉപകരണങ്ങളുമായി ലോകോത്തര നിലവാരത്തിലുള്ള തെറാപ്പി സെന്ററുകളും യു.ഇ.സിയുടെ മറ്റൊരു സവിശേഷതയാണ്. കായിക വികാസത്തിനായി ഡിഫറന്റ് സ്‌പോര്‍ട്‌സ് സെന്ററും സെന്ററിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. അത്‌ലറ്റിക്‌സ്, ഇന്‍ഡോര്‍ ഗെയിമുകള്‍ എന്നിവകളില്‍ പ്രാവീണ്യം നേടുന്നതിന് അതിവിശാലമായ പ്ലേഗ്രൗണ്ടുകളും ടര്‍ഫുകളും സജ്ജമാക്കുന്നുണ്ട്. കാര്‍ഷികപരിപാലനത്തിലൂടെ കുട്ടികളില്‍ മാറ്റം വരുത്തുന്നതിന് വിശാലമായ ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പി സെന്ററും യു.ഇ.സിയുടെ ഭാഗമാണ്.
2019ല്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി ആരംഭിച്ച ഡിഫറന്റ് ആര്‍ട് സെന്ററിന്റെ തുടര്‍ച്ചയെന്നോണമാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഓട്ടിസം, സെറിബ്രല്‍ പള്‍സി, വിഷാദരോഗം, ഹൈപ്പര്‍ ആക്ടിവിറ്റി, എം.ആര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്ന ഇരുന്നൂറോളം കുട്ടികളാണ് വിവിധ കലകളില്‍ പരിശീലനം നേടി വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here