കിടിലൻ ഫോമിൽ സൂര്യ; ടി-20 റാങ്കിംഗിൽ രണ്ടാമത്

ഇന്ത്യൻ മധ്യനിര ബാറ്റർ സൂര്യകുമാർ യാദവ് ഐസിസി ടി-20 റാങ്കിംഗിൽ രണ്ടാമത്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി-20യിൽ നേടിയ അർധസെഞ്ചുറിയാണ് പാകിസ്താൻ സൂപ്പർ താരം ബാബർ അസമിനെ മറികടന്ന് സൂര്യയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. 801 ആണ് സൂര്യയുടെ റേറ്റിംഗ്. 861 റേറ്റിംഗോടെ പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഐസിസി റാങ്കിംഗിലെ നേട്ടത്തിനൊപ്പം ഒരു കലണ്ടർ വർഷം ഏറ്റവുമധികം ടി-20 റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സൂര്യ സ്വന്തമാക്കി. ഈ വർഷം ഇതുവരെ ടി-20യിൽ 732 റൺസാണ് സൂര്യകുമാർ അടിച്ചെടുത്തത്. 21 ഇന്നിംഗ്സുകൾ കളിച്ച താരം അഞ്ച് അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും ഈ വർഷം നേടി. 40.66 ശരാശരിയും 180 സ്ട്രൈക്ക് റേറ്റും സൂക്ഷിച്ചാണ് സൂര്യയുടെ ഈ ജൈത്രയാത്ര. 2018ൽ ധവാൻ കുറിച്ച റെക്കോർഡാണ് സൂര്യ ഈ വർഷം പഴങ്കഥയാക്കിയത്. അക്കൊല്ലം 18 മത്സരങ്ങൾ കളിച്ച ധവാൻ 40.52 ശരാശരിയും 147 ശരാശരിയും സൂക്ഷിച്ച് 689 റൺസാണ് ധവാൻ നേടിയത്. 2016ൽ കോലി നേടിയ 641 റൺസ്, 2018ൽ രോഹിത് നേടിയ 590 റൺസ് എന്നീ പ്രകടനങ്ങൾ മൂന്ന്, നാല് സ്ഥാനങ്ങളിലാണ്.

അതേസമയം, രാജ്യാന്തര താരങ്ങളെ പരിഗണിക്കുമ്പോൾ സൂര്യ നാലാമതാണ്. 2021ൽ 1321 റൺസ് നേടിയ മുഹമ്മദ് റിസ്വാനാണ് ഒന്നാമത്. അതേ വർഷം തന്നെ 939 റൺസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം, 2019ൽ 748 റൺസ് കണ്ടെത്തിയ അയർലൻഡ് താരം പോൾ സ്റ്റിർലിങ് എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. ടി-20 ലോകകപ്പും ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടി-20 കളും ലോകകപ്പിനു ശേഷം ന്യൂസീലൻഡിനെതിരായ പരമ്പരയും ഉൾപ്പെടെ മത്സരങ്ങൾ അവശേഷിക്കെ പരുക്കുകൾ വലച്ചില്ലെങ്കിൽ ഈ പട്ടികയിൽ ഏറെ മുന്നേറാൻ സൂര്യയ്ക്ക് സാധിച്ചേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News