ഈ ഭക്ഷണങ്ങൾ ശീലമാക്കൂ; ഹൃദയാരോഗ്യം സംരക്ഷിക്കാൻ അഞ്ച് വഴികള്‍

ഇന്ത്യയില്‍ ഹൃദയ (Heart) സംബന്ധമായ രോഗങ്ങൾ മൂലമുള്ള മരണനിരക്ക് കൂടുതലാണെന്ന് പഠനം. ഒരു ലക്ഷം ആളുകളിൽ 272 എന്ന രീതിയിലാണ് ഹൃദ്രോഗം മൂലമുള്ള മരണമെന്ന് പഠനത്തില്‍ പറയുന്നു. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് (global burden of disease) എന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആഗോള ശരാശരിയായ 235 നേക്കാള്‍ ഇത് വളരെ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളുമായി (NCD) ബന്ധപ്പെട്ട മരണങ്ങളില്‍ അഞ്ചിലൊന്ന് ഇന്ത്യയിലാണ് (india). ഈ മരണങ്ങളില്‍ ഭൂരിഭാഗവും യുവാക്കളുടേതാണ്. ഈ കണക്കുകള്‍ ഞെട്ടിക്കുന്നതായതു കൊണ്ടുതന്നെ നാം മികച്ച ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും നമ്മുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വ്യായാമത്തിന് പുറമേ, നമ്മുടെ ഭക്ഷണക്രമവും ആരോഗ്യ സംരക്ഷണത്തിന് ഗുണം ചെയ്യും. ഹൃദയത്തിന് ആരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

Heart.com റിപ്പോർട്ട് അനുസരിച്ച്, ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി നിങ്ങളുടെ ഭക്ഷണത്തില്‍ പൂരിത കൊഴുപ്പ്, ട്രാന്‍സ് ഫാറ്റ്, സോഡിയം എന്നിവ കുറവുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം. ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ നിങ്ങളുടെ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും കൊറോണറി ആര്‍ട്ടറി രോഗത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യണം. രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുമെന്ന് മയോ ക്ലിനിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ആതിറോസെലറോസിസ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

രക്തസമ്മര്‍ദ്ദവും ഹൃദയാരോഗ്യവും നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന നാരുകളുടെയും മറ്റ് പോഷകങ്ങളുടെയും മികച്ച സ്രോതസ്സുകളാണ് ധാന്യങ്ങള്‍. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി, റിഫൈൻഡ് ധാന്യ ഉല്‍പ്പന്നങ്ങള്‍ക്ക് പകരമായി മുഴുധാന്യങ്ങള്‍ ധാരാളമായി ഉപയോഗിക്കുക. റാഗി, ചോളം, തിന പോലുള്ള ധാന്യങ്ങള്‍ പരമാവധി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പുള്ള മത്സ്യങ്ങളും ആഴ്ചയില്‍ രണ്ടു തവണയെങ്കിലും കഴിക്കുക. നട്ട്‌സ്, പയറുവര്‍ഗ്ഗങ്ങള്‍, സീഡുകള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മാംസം ഒഴിവാക്കാനും ശ്രമിക്കുക. മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച്, പച്ചക്കറികളും പഴങ്ങളും വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച സ്രോതസ്സുകളാണ്. മാത്രമല്ല കലോറി കുറവുള്ളതും നാരുകളാല്‍ സമ്പുഷ്ടവുമാണ്. ഇത് ഹൃദ്രോഗം തടയാന്‍ സഹായിക്കും.

കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളും കോഴിയിറച്ചിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. റെഡ് മീറ്റ് കഴിക്കുന്നത് ഒഴിവാക്കുക. ഇതുകൂടാതെ, പഞ്ചസാര ചേര്‍ത്ത പാനീയങ്ങളുടെ ഉപയോഗം കുറച്ചും നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാനാകും.

നിലക്കടല എണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇത് മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളാല്‍ സമ്പന്നമാണ്. അപൂരിത കൊഴുപ്പുകള്‍ കഴിക്കുന്നത് ഹൃദ്രോഗവുമായി ബന്ധപ്പെട്ട ചില അപകട സാധ്യത കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News