Jasprit Bumrah: ഇന്ത്യക്ക് തിരിച്ചടി; ലോകകപ്പില്‍ ജസ്പ്രീത് ബൂംറ

ട്വന്റി-20 ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി. പേസര്‍ ജസ്പ്രീത് ബൂംറ നടുവേദനയെ തുടര്‍ന്ന് ലോകകപ്പ് ടീമില്‍ നിന്നും പുറത്തായതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇത് സംബന്ധിച്ച് ബി.സി.സി.ഐ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഒക്ടോബര്‍ 16 ന് ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബൂംറ ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടുവേദനയാണ് ഇന്ത്യന്‍ പേസര്‍ക്ക് ലോകകപ്പ് നഷ്ടമാക്കിയത്. നടുവേദനയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏഷ്യാ കപ്പ് മുഴുവനായി നഷ്ടപ്പെട്ട ബൂംറ ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങളില്‍ കളിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി-20യില്‍ നിന്നും പരുക്കി നെ തുടര്‍ന്ന് താരം വിട്ടു നിന്നു. ബൂംറയുടെ പരുക്ക് ഭേദമാക്കാന്‍ ചുരുങ്ങിയത് 6 മാസമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

ആധുനിക ക്രിക്കറ്റിലെ മുന്‍നിര പേസര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബൂംറ 60 ട്വന്റി-20 മത്സരങ്ങളില്‍ നിന്നും 70 വിക്കറ്റുകള്‍ വീഴ്ത്തി. ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബോളറാണ് ഈ 28 കാരന്‍.നേരത്തെ കാല്‍മുട്ടിന് പരുക്കേറ്റ രവീന്ദ്ര ജഡേജ ട്വന്റി-20 ലോകകപ്പ് ടീമില്‍ നിന്നും പുറത്തായിരുന്നു. ഇരുവരുടെയും അഭാവം ലോകകപ്പില്‍ ഹിറ്റ്മാന്റെ ടീം ഇന്ത്യക്ക് കനത്ത പ്രഹരമാണ്.ബൂംറയുടെ പകരക്കാരനായി മുഹമ്മദ് ഷമി, ദീപക് ചഹര്‍ എന്നിവരുടെ പേരുകള്‍ക്കാണ് പ്രധാന പരിഗണനയെങ്കിലും ഷമി ലോകകപ്പ് ടീമിലെത്താനാണ് കൂടുതല്‍ സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here