എസ്.ഡി.പി.ഐ നേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളും പൂട്ടിച്ചു

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും പാർട്ടി നേതാക്കളുടെയും ട്വിറ്റർ അക്കൗണ്ടുകൾക്ക് പുറമേ എസ്.ഡി.പി.ഐ നേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളും പൂട്ടിച്ചു. ദേശീയ പ്രസിഡന്റ് എം.കെ ഫൈസി, കർണ്ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് തുടങ്ങിയവരുടെ അക്കൗണ്ടുകളാണ് പൂട്ടിച്ചത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ട്വിറ്റർ പേജ് നേരത്തെ നീക്കം ചെയ്തിരുന്നു.

കേന്ദ്രസർക്കാറിന്റെ നിർദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചിരുന്നത്. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളും നീക്കംചെയ്തിരുന്നു. പിഎഫ്‌ഐ ഒഫീഷ്യൽ എന്ന ട്വിറ്റർ അക്കൗണ്ടിന് ഏകദേശം 81,000 ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നത്. കൂടാതെ, പിഎഫ്‌ഐയുടെ നിരോധനത്തെ തുടർന്ന് അറസ്റ്റിലായ സംഘടനാ ചെയർമാൻ ഒഎംഎ സലാം, ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളും നീക്കിയിരുന്നു.

തീവ്രവാദ ബന്ധം ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിഎഫ്‌ഐക്കും അനുബന്ധ സംഘടനകൾക്കും അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഒരു ദിവസം പിന്നിട്ടപ്പോഴാണ് നടപടി. നേരത്തെ, ഇത് സംബന്ധിച്ച നീക്കം കേന്ദ്രം ആരംഭിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പത്രക്കുറിപ്പുകൾ ഇറക്കരുതെന്നും നിർദേശമുണ്ടായിരുന്നു. കൂടാതെ, പോപ്പുലർ ഫ്രണ്ടിന്റെയും അനുകൂല സംഘടനകളുടേയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നിരോധിച്ച സംഘടനകളുടെ ഓഫീസുകൾ സീൽ ചെയ്യണമെന്നും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

അതേസമയം, പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ തുടർ നടപടികൾ സ്വീകരിക്കാൻ കലക്ടർമാരെയും ജില്ല പൊലീസ് മേധാവിമാരെയും സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 17 ഓഫീസുകൾ പൂട്ടും. ഡിജിപി വിളിച്ച യോഗം നടക്കുകയാണ്. എ ഡി.ജിപിമാരും റേഞ്ച് ഐജിമാരും പങ്കെടുക്കും.

ഇന്നലെ രാവിലെയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടൊപ്പം കാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസെഷൻ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. യുപി, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ശുപാർശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങൾ കൂടി നിരോധനത്തിന് കാരണമായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പി.എഫ്.ഐയ്ക്ക് ഐ.എസ്, ജമാഅത്തുൽ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here