
ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്ന കാലഘട്ടമാണ് ഇത്. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ഇതിന്‍റെ പ്രധാന കാരണം. ഹൃദയത്തെ ആരോഗ്യത്തോടെയും ശക്തമായും കാത്ത് സൂക്ഷിക്കാന്‍ ഇനി പറയുന്ന അഞ്ച് ഭക്ഷണവിഭവങ്ങള്‍ ജീവിതക്രമത്തിന്‍റെ ഭാഗമാക്കാം.
1. ബെറിപഴങ്ങള്‍
സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങള്‍ വ്യത്യസ്ത നിറങ്ങളില്‍ ഇന്ന് ലഭ്യമാണ്. ഇവ രുചിമുകുളങ്ങളെ മാത്രമല്ല ഹൃദയത്തെയും സന്തോഷിപ്പിക്കും. ഈ ബെറി പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ ഹൃദ്രോഗത്തിന് കാരണമാകുന്ന നീര്‍ക്കെട്ടുകളെ കുറയ്ക്കും. പച്ചയ്ക്കോ, പ്രഭാത ഭക്ഷണത്തിനൊപ്പമോ സ്മൂത്തിയായോ ഒക്കെ ബെറി പഴങ്ങള്‍ കഴിക്കാവുന്നതാണ്.
2. വാള്‍നട്ടുകള്‍
ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് വാള്‍നട്ടുകള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. വാൾനട്ടിലെ ആരോഗ്യകരമായ കൊഴുപ്പ് ദീര്‍ഘനേരം വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുമെന്നതിനാല്‍ ചിപ്സ് പോലെ അനാരോഗ്യകരമായ സ്നാക്സുകള്‍ ഒഴിവാക്കാം. സാലഡിനൊപ്പം വാള്‍നട്ട് ഓയിലും ഉപയോഗിക്കാവുന്നതാണ്.
3. പയര്‍വര്‍ഗങ്ങള്‍
ഇന്ത്യന്‍ അടുക്കളകളില്‍ പല തരത്തിലുള്ള പയര്‍വര്‍ഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഇവയില്‍ പ്രോട്ടീനുകളും ധാതുക്കളും ഫൈബറുമെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു. സാച്ചുറേറ്റഡ് കൊഴുപ്പ് ഇല്ലാത്ത പയര്‍വര്‍ഗങ്ങള്‍ കൊളസ്ട്രോള്‍ തോതും ഹൃദ്രോഗസാധ്യതയും കുറയ്ക്കുന്നു. കറി വച്ചോ മുളപ്പിച്ച് സാലഡ് ആക്കിയോ എല്ലാം പയര്‍വര്‍ഗങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.
4. ഒലീവ് എണ്ണ
സാധാരണ ഗതിയില്‍ ഹൃദയാരോഗ്യത്തിന് എണ്ണകളുടെ ഉപയോഗം കുറയ്ക്കാനാണ് നിര്‍ദ്ദേശിക്കപ്പെടുക. എന്നാല്‍ ഒലീവ് എണ്ണ ഇക്കാര്യത്തില്‍ വ്യത്യസ്തമാണ്. പ്രതിദിനം അര ടേബിള്‍സ്പൂണിന് മേല്‍ ഒലീവ് എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത 15 ശതമാനം കുറവായിരിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകളും മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുമാണ് ഒലീവ് എണ്ണയെ ഹൃദ്രോഗികള്‍ക്ക് ധൈര്യമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന വിഭവമാക്കി മാറ്റുന്നത്.
5. മീന്‍
സാല്‍മണ്‍, ചൂര, മത്തി, അയല പോലുള്ള മീനുകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും. മീന്‍ ഗുളികകളായും ഇവ കഴിക്കാവുന്നതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here