മോനേ ആദര്‍ശേ.. നീയാണ് വിസ്മയം തീർത്തത്; സോഷ്യൽ മീഡിയയിൽ വൈറലായ സൗഹൃദം

ജീവിതത്തില്‍ പലപ്പോഴും ഏറ്റവും കരുത്തും സ്‌നേഹവും നല്‍കി കൂടെ നില്‍ക്കുന്നവരാണ് സുഹൃത്തുക്കള്‍. ജീവിതത്തിലെ പല പരാജയങ്ങളില്‍ നിന്നും കൈ പിടിച്ച് കയറ്റുന്നവരും വിഷമം വരുമ്പോള്‍ കട്ടയ്ക്ക് കൂടെ നില്‍ക്കുന്നവരുമായ ഒരു സുഹൃത്തെങ്കിലും നമുക്ക് എല്ലാവര്‍ക്കും കാണും. ചില സൗഹൃദങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹമായിരിക്കും. ഇത്തരത്തിലുള്ള പല സൗഹൃദങ്ങളുടെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

മലപ്പുറത്തെ ഒരു സ്‌കൂളില്‍ നിന്നുള്ള ഒരു സുന്ദര സൗഹൃദ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. കലോത്സവ വേദിയില്‍ മാപ്പിള പാട്ട് മത്സരം നടക്കുന്നതിനിടെ ആയിരുന്നു ഈ സുന്ദര നിമിഷം അരങ്ങേറിയത്. വീല്‍ ചെയറില്‍ ഇരിക്കുന്ന സുഹൃത്തിന് ചോറ് വാരി നല്‍കുന്ന ഒരു കൂട്ടുകാരനാണ് വീഡിയോയിലെ സൂപ്പര്‍ ഹീറോ. മലപ്പുറം കോട്ടയ്ക്കല്‍ കോട്ടൂര്‍ എകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. മാപ്പിള പാട്ട് കാണാന്‍ എത്തിയ മുഹമ്മദ് ഷിഫിന്‍ എന്ന കൂട്ടുകാരനാണ് ആദര്‍ശ് ഭക്ഷണം വാരി കൊടുത്തത്.

സന്തോഷത്തോടെ അവന്‍ മാപ്പിളപ്പാട്ട് ആസ്വദിക്കുമ്പോള്‍ സ്‌നേഹത്തോടെ അവന്റെ വിശപ്പ് അകറ്റാന്‍ ചോറ് വാരി നല്‍കുന്ന ആദര്‍ശ് എല്ലാവരുടെ മനസില്‍ ഇടം പിടിച്ചു. ഇതിലും മികച്ചൊരു സൗഹൃദ കാഴ്ച ചിലപ്പോള്‍ നമുക്ക് കാണാന്‍ കഴിഞ്ഞിട്ട് ഉണ്ടാകില്ല. സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ അധ്യാപിക പകര്‍ത്തിയ ദൃശ്യങ്ങള്‍ കോട്ടയ്ക്കല്‍ സിറ്റി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വന്നത്. വേദിയിലിരിക്കുന്ന പലരും ഈ സുന്ദര നിമിഷം ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം. ആ കാഴ്ച അവരുടെ മുഖത്ത് പുഞ്ചിരി വിരിയ്ക്കുന്നതും ടീച്ചറിന്റെ വീഡിയോയിലുണ്ട്. സ്വന്തം സുഹൃത്തിന്റെ വിശപ്പ് അകറ്റാന്‍ യാതൊരു മടിയും കാണിക്കാത്ത കുഞ്ഞ് ആദര്‍ശ് മനസിൻ്റെ നന്മയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയയിൽ.

വീഡിയോ പുറത്ത് വന്നതോടെ നിരവധി പേരാണ് ആദര്‍ശിന് പ്രശംസിച്ച് കമന്റുകളിട്ടത്. ആ കുഞ്ഞിലും നിന്നും നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണ് പലരും കമന്റിട്ടിരിക്കുന്നത്. ചോറ് കഴിക്കുന്നതിനൊപ്പം ഷിഫിന്‍ മാപ്പിള പാട്ട് ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം. ആദര്‍ശിന്റെ ചോറ് പൊതി മേശപ്പുറത്തിരിക്കുന്നുണ്ട്. പലപ്പോഴും പണം കൊണ്ടാല്ല നമ്മള്‍ സമ്പരാകുന്ന മനസിലെ നന്മ കൊണ്ടാണ്. അതിനുള്ള ഉത്തമ ഉദ്ദാഹരണമാണ് ഈ സുഹൃത്തുക്കള്‍. ജീവിതത്തില്‍ നമുക്ക് ഇതു പോലെ നല്ല സുഹൃത്തുക്കളെ കണ്ടെത്താന്‍ കഴിയട്ടെ. നാളെയുടെ നന്മയാണ് ഈ കുഞ്ഞുങ്ങളെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News