ADVERTISEMENT
സാങ്കേതിക ശാസ്ത്ര രംഗങ്ങളിലെ നൂതന പഠന ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ എ. പി. ജെ. അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു. സുസ്ഥിര വികസനം, കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്നീ മേഖലകളിലെ ഗവേഷണ മികവിന്റെ കേന്ദ്രം കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് കാമ്പസിലാണ് ആരംഭിക്കുന്നത്.
നിര്‍മ്മിത ബുദ്ധി, യന്ത്ര ബുദ്ധി, റോബോട്ടിക്‌സ്, ഓട്ടോമേഷന്‍ എന്നീ മേഖലകളിലെ മികവിന്റെ കേന്ദ്രം എറണാകുളം മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലും, എമര്‍ജിംഗ് മെറ്റീരിയല്‍സ് അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട കേന്ദ്രം കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസിലുമാണ് ആരംഭിക്കുന്നത്.
നിര്‍ദിഷ്ട മികവിന്റെ കേന്ദ്രങ്ങളില്‍ നടപ്പിലാക്കുന്ന അക്കാദമിക ഗവേഷണ പദ്ധതികളുടെ വിശദാംശങ്ങളും, കേന്ദ്രങ്ങളുടെ പ്രവര്‍ത്തന ഭരണ നിര്‍വ്വഹണ രീതികളും തയ്യാറാക്കാന്‍ അക്കാദമിക- ഗവേഷണ സിന്‍ഡിക്കേറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. 2022-23 വര്‍ഷത്തെ ബജറ്റില്‍ 30 കോടി രൂപയാണ് മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സര്‍വകലാശാല വകയിരുത്തിയിട്ടുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.