V Sivankutty: പാഠ്യപദ്ധതി പരിഷ്‌കരണം: ജനകീയ ചര്‍ച്ചകളുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായി ചര്‍ച്ച നടത്തി മന്ത്രി വി ശിവന്‍കുട്ടി

പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് ജനകീയ ചര്‍ച്ചകളുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായി ചര്‍ച്ച നടത്തി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഈ വിഷയത്തില്‍ ജില്ലാ കളക്ടര്‍മാര്‍, മേയര്‍മാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, വിവിധ മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, കരിക്കുലം കോര്‍ കമ്മിറ്റി എന്നിവ രൂപീകരിക്കുകയും പ്രസ്തുത കമ്മിറ്റികളുടെ ആദ്യ യോഗവും സംസ്ഥാന തല ആശയരൂപീകരണ ശില്‍പശാലയും 2022 ജൂണ്‍ 16 ന് നടത്തുകയുണ്ടായി.

പാഠ്യപദ്ധതിയെ സംബന്ധിച്ചുള്ള പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കുന്നതിന് വിപുലമായ ജനകീയ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. അതിനായി 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ട് ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ വിശദമായ ജനകീയ ചര്‍ച്ചകള്‍ നടത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, നേരിട്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള ഒരു ടെക് – പ്ലാറ്റ് ഫോം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നതാണ്.

ഫോക്കസ് ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്ത് മെച്ചപ്പെടുത്തിയ സമൂഹ ചര്‍ച്ചയ്ക്കുള്ള കുറിപ്പുകള്‍ അടങ്ങിയ കൈപ്പുസ്തകത്തിന് 2022 സെപ്റ്റംബര്‍ 2 ന് ചേര്‍ന്ന പാഠ്യപദ്ധതി കോര്‍ കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ കൈപുസ്തകത്തിന്റെ പകര്‍പ്പ് പി ഡി എഫ് (PDF) ആയി എല്ലാവര്‍ക്കും അയച്ചിട്ടുള്ളതാണ്. ജനകീയ ചര്‍ച്ചകളുടെ സംഘാടനത്തിന് ജില്ലാ ഭരണകൂടം മുതല്‍ ഗ്രാമപഞ്ചായത്ത് തലം വരെയുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം ആവശ്യമാണ്.

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഗുണഭോക്താക്കള്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വിദ്യാര്‍ത്ഥികളുമായി നേരില്‍ സംവദിക്കുന്ന തലം എന്നത് കൂടി പരിഗണിച്ചാണ് ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായി പ്രത്യേക യോഗം ചേര്‍ന്നത്. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആര്‍.ടി. യില്‍ നിന്നും ലഭ്യമാക്കിയിട്ടുള്ള കൈപ്പുസ്തകത്തിന്റെ പി.ഡി.എഫ് എല്ലാവരും പരിശോധിക്കേണ്ടതുണ്ട്.
അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടതുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ ബാബു കെ ഐ എ എസ്, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍ കെ,സ്‌കോള്‍ കേരള വൈസ് ചെയര്‍മാന്‍ ഡോ.പി. പ്രമോദ്, സീമാറ്റ് കേരള ഡയറക്ടര്‍ ബി അബുരാജ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News