ഹാജിയാരും പശുവും ശ്രീനിവാസൻ പറഞ്ഞ കഥ

നിങ്ങൾ ആരെങ്കിലും ഹാജിയാരുടെയും ഒരു വളഞ്ഞ കൊമ്പുള്ള പശുവിന്റെയും കഥ കേട്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇതാ കേട്ടോളു …കഥ പറയുന്നത് നടൻ ശ്രീനിവാസൻ ആണ് . അതെ .ഹാജിയാരുടെയും പശുവിനെയും കഥ പറഞ്ഞാണ് നടൻ ശ്രീനിവാസൻ കൈരളി ന്യൂസുമായുള്ള അഭിമുഖം തുടങ്ങിയത് .

ഹാജിയാരെ പറ്റിയുള്ള കഥയാണ് എനിക്ക് പറയാനുള്ളത് . ഹാജിയാർക്ക് ഒരു പശു ഉണ്ടായിരുന്നു . അതിന്റെ കൊമ്പ് രണ്ടും നല്ല വളഞ്ഞാണ് ഇരുന്നിരുന്നത് .ഹാജിയാർക്ക് അങ്ങനെ ഇരിക്കുമ്പോ ഒരു ആഗ്രഹം .വളഞ്ഞു കൂട്ടി മുട്ടുന്ന പശുവിന്റെ കൊമ്പിനിടയിലൂടെ തന്റെ തല ഒന്നിടണം . അങ്ങനെ ഹാജിയാർ പശുവിന്റെ കൊമ്പും പിടിച്ച് തല അതിനിടയിലൂടെ ഇട്ടു . ഓർക്കണേ ..പശുവിന്റെ കൊമ്പ് രണ്ടും വളഞ്ഞ് കൂട്ടിമുട്ടുന്നതാണ് .

പശു ഇത് ഒട്ടും പ്രതീക്ഷിക്കാത്തത്കൊണ്ട് പെട്ടന്ന് ഒറ്റ ഓട്ടം ഓടി . പശു ഓടുന്നു , ഹാജിയാർ തല കുടുങ്ങി കൂടെ ഓടുന്നു ..ഓടടാ ഓട്ടം . അങ്ങനെ ആ ഓട്ടം കണ്ട നാടുകാർ ഓടിക്കൂടി . അവർ എങ്ങനെയൊക്കെയോ പശുവിനെ പിടിച്ച് നിർത്തി ഹാജിയാരുടെ തല വലിച്ചൂരി . എന്നിട്ട് ഹാജിയാരോട് ചോദിച്ചു . നിങ്ങൾക്ക് ഒരിത്തിരി ബോധം പോലും ഇല്ലേ …എന്ത് പണിയാണ് ചെയ്തത് ..ആലോചിക്കണ്ടേ ഇതൊക്കെ ചെയ്യുമ്പോ ..അപ്പൊ നമ്മുടെ ഹാജിയാർ പറഞ്ഞു .

പോടോ ..ഞാൻ ഇത് കുറെ കാലം ആലോചിച്ചെടുത്ത തീരുമാനം ആണ് . അതുപോലെ ആണ് എന്റെയും ചില കാര്യങ്ങൾ ..കുറെ കാലം ആലോചിച്ച് എടുത്ത തീരുമാനം ആയിരിക്കും .പക്ഷെ ശരിയായിക്കോളണം എന്നില്ല അതൊന്നും . ജീവിതത്തിൽ നമുക്കൊരു തീരുമാനം എടുക്കാൻ പറ്റാത്ത ഘട്ടത്തിൽ നമ്മൾ മറ്റൊരാളോട് അഭിപ്രായം ചോദിക്കുന്നതിൽ തെറ്റില്ല . സമയം ഒരിക്കലും പാഴാക്കാനുള്ളതല്ല . അത് കൃത്യമായി വിനിയോഗിക്കണം .. അത് ചെയ്യാത്തതാണ് പലരുടെയും പ്രശനം ..ശ്രീനിവാസൻ പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel