National Games: നാഷണല്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കം

36-ാമത് നാഷണല്‍ ഗെയിംസിന്(National Games) ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടക്കമായി. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പ്രൗഢ ഗംഭീര ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi) ഗെയിംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഒളിമ്പിക് മെഡല്‍ ജേതാക്കളായ നീരജ് ചോപ്രയും പി.വി.സിന്ധുവും ഗഗന്‍ നാരംഗും മീരാബായി ചാനുവും കേരളത്തിന്റെ സ്വന്തം അഞ്ജു ബോബി ജോര്‍ജും പങ്കെടുത്തു. ഗെയിംസ് മുദ്ര ആലേഖനം ചെയ്ത, ഭാഗ്യചിഹ്നം സാവജ് എന്ന സിംഹത്തെ സ്ഥാപിച്ച രഥസമാനമായ വാഹനത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം ഗ്രൗണ്ട് ചുറ്റി കാണികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി സ്റ്റേഡിയത്തിലേക്കെത്തിയത്. തുടര്‍ന്ന് കായികതാരങ്ങള്‍ കൈമാറിയ ദീപശിഖയില്‍ നിന്ന് നരേന്ദ്രമോദി ഗെയിംസ് ദീപത്തിന് വെളിച്ചം പകര്‍ന്നു.

ഒപ്പം ബറോഡയിലെ ലോകോത്തര നിലവാരത്തിലുള്ള സ്വര്‍ണിം കായിക സര്‍വകലാശാലയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ചടങ്ങില്‍വെച്ച് നിര്‍വഹിച്ചു. കേന്ദ്ര സ്‌പോര്‍ട്‌സ്, യുവജനകാര്യ മന്ത്രി അനുരാഗ് താക്കുര്‍, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, സംസ്ഥാന സ്‌പോര്‍ട്‌സ്മന്ത്രി ഹര്‍ഷ സാംഗ്വി, ഗവര്‍ണര്‍ ആചാര്യ ദേവ്രഥ്, സി.ആര്‍. പാട്ടില്‍ എം.പി, അഹമ്മദാബാദ് ഗവര്‍ണര്‍ കിരിത് പാര്‍മര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി രാജീവ് മേത്ത സ്വാഗതം പറഞ്ഞു.

ശങ്കര്‍ മഹാദേവനും, മോഹിത് ചൗഹാനും നയിച്ച ഗാനസന്ധ്യയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. 600 ഗുജറാത്തി കലാകാരന്മാരുടെ പരമ്പരാഗത നൃത്തത്തിന്റെ മെഡ്ലെയും ഓഗ്മെന്റഡ് റിയാലിറ്റി ഷോയുമെല്ലാം ചടങ്ങിനെ ആവേശലഹരിയിലാഴ്ത്തി. പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസംഗത്തിനുശേഷം കേരളത്തിന്റെ പുലിക്കളിയും ഗ്രൗണ്ടില്‍ ഇടംപിടിച്ചു. ഉദ്ഘാടനത്തിനുശേഷം കളിക്കാരുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. നിലവിലെ ഓവറോള്‍ ചാമ്പ്യന്മാരായ സര്‍വീസസായിരുന്നു ആദ്യം ഗ്രൗണ്ടിലെത്തിയത്. കോമണ്‍വെല്‍ത്ത് വെള്ളി മെഡല്‍ ജേതാവ് എം. ശ്രീശങ്കറാണ് കേരളത്തിന്റെ പതാകയേന്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News