കോഴിക്കോട് മീഞ്ചന്തയിലുള്ള പോപ്പുലർ ഫ്രണ്ട് സംസ്ഥാനകമ്മിറ്റി ഓഫീസ് ഇന്ന് സീൽ ചെയ്യും

നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾക്ക് നേരെ പൊലീസ് നടപടി തുടരുകയാണ്. കോഴിക്കോട് മീഞ്ചന്തയിലുള്ള പോപ്പുലർ ഫ്രണ്ട് സംസ്ഥാനകമ്മിറ്റി ഓഫീസ് ഇന്ന് സീൽ ചെയ്യും. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുളള നഗരത്തിലെ പത്തോളം സ്ഥാപനങ്ങളും ഇന്ന് പൂട്ടിയേക്കും.

അതേസമയം, രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ എൻ ഐ എ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ലക്ഷ്യമിട്ട് ഗൂഡാലോചന നട്തതിയെന്നും ലഷ്കർ ഇ തൊയ്ബ, ഐഎസ് പോലയുള്ള ഭീകര സംഘടകളിലേക്ക് യുവാക്കളെ ആകർഷിക്കാൻ പദ്ധതികൾ തയ്യാറാക്കിയെന്നുമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ എൻ ഐ എ ചുമത്തിയിട്ടുള്ളത്.

എൻഐഎ ഓഫീസിലാണ് 11 പ്രതികളേയും ചോദ്യം ചെയ്തത്. കൊച്ചി യൂണിറ്റിനു പുറമേ ദില്ലി യൂണിറ്റുകളിലെ എൻഐഎ ഉദ്യോഗസ്ഥരും പ്രതികളെ ചോദ്യം ചെയ്തിട്ടുണ്ട്. നിര്‍ണായകമായ പല വിവരങ്ങളും ചോദ്യം ചെയ്യലില്‍ എൻ.ഐ.എക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.

ആലുവയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസായ പെരിയാർ വാലി ക്യാംപസ് സീൽ ചെയ്തു. തഹസിൽദാർ, എൻഐഎ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് പൊലീസ് നടപടികൾ. എറണാകുളം ജില്ലയിലെ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ആലുവയിലെ പെരിയാർ വാലി ക്യാമ്പസ്‌.

പിഎഫ്ഐയുടെ ഓഫീസുകൾ സീൽ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള സർക്കുലർ ഇതിനോടകം പുറത്തിറങ്ങി. പോപ്പുലർ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടേയും ഓഫീസുകൾ കണ്ടെത്തി സീൽ ചെയ്യാനാണ് നിർദേശം. ജില്ലാ കളക്ടറുടെ ഉത്തരവോടെയാകും സീൽ ചെയ്യുക. അക്കൗണ്ടുകൾ മരവിപ്പിക്കാനും പിഎഫ്ഐ പ്രവർത്തകരെ നിരീക്ഷിക്കാനും ഡിജിപിയുടെ നിർദേശമുണ്ട്.

നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിൻ്റെ ഓഫീസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിർദേശം ഡിജിപി അനിൽ കാന്ത് നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News