
വർണങ്ങൾ പെയ്തിറങ്ങിയ വേദിയിൽ 36-ാ മത് ദേശിയ ഗെയിംസിന് തിരിതെളിഞ്ഞു. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയിംസ് ഉദ്ഘാടനം ചെയ്തു.ഇനിയുള്ള രണ്ടാഴ്ചക്കാലം രാജ്യത്തെ കായികപ്രേമികൾക്ക് ഉത്സവ ദിനങ്ങളാണ്.
വർണാഭമായ ദൃശ്യങ്ങളും താള വിസ്മയവും രാവിനെ പകലാക്കിയ കരിമരുന്ന് കലാ വിരുന്നും സമ്മാനിച്ച് രാജ്യത്തിന്റെ ഒളിമ്പിക്സിന് പ്രൗഡോജ്വല തുടക്കം. മൊട്ടേര സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഗവർണർ ആചാര്യ ദേവവ്രത്, കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ ,ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര, പി.വി സിന്ധു , അഞ്ജു ബോബി ജോർജ് , മീരാഭായ് ചാനു , ഗഗൻ നാരംഗ്, ദിലീപ് ടിർക്കി, രവികുമാർ ദഹിയ തുടങ്ങി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തിന് മുന്നോടിയായി ശങ്കർ മഹാദേവൻ, മോഹിത് ചൗഹാൻ അടക്കമുള്ള സെലിബ്രിറ്റികൾ അണിനിരന്ന സംഗീത-സാംസ്കാരിക പരിപാടികളും പരമ്പരാഗത കലാരൂപങ്ങളും ഏറെ ശ്രദ്ധേയമായി.
Glimpses of drone show in Ahmedabad as the city prepares for the National Games 2022 opening ceremony 😍#NationalGames2022 | #36thNationalGames pic.twitter.com/F8AB6SMKCX
— DD Sports – National Games 2022 🇮🇳 (@ddsportschannel) September 29, 2022
ടെന്നീസ് താരം അങ്കിത റെയ്ന ഒളിമ്പിക്സ് അസോസിയേഷന്റെ പതാക ഉയർത്തി. മാർച്ച് പാസ്റ്റിൽ ഒന്നാമത് അണിനിരന്നത് കഴിഞ്ഞ ദേശീയ ഗെയിംസിലെ ഓവറോൾ ചാമ്പ്യന്മാരായ സർവ്വീസസാണ്. തുടർന്ന് ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ഓരോ സംസ്ഥാനങ്ങളും കടന്നുവന്നു. നിലവിലെ രണ്ടാം സ്ഥാനക്കാരായ കേരളത്തിനായി പതാകയേന്തി മാർച്ച് പാസ്റ്റിന് നേതൃത്വം നൽകിയത് ഒളിമ്പ്യൻ എം ശ്രീശങ്കറാണ്. തനത് മലയാളി വേഷമായ സെറ്റ് സാരി അണിഞ്ഞ് വനിതാ താരങ്ങളും ജുബ്ബയും മുണ്ടുമായി പുരുഷ താരങ്ങളും കായിക പ്രേമികൾക്ക് ബിഗ് സല്യൂട്ട് നൽകിയപ്പോൾ സദസ് കരഘോഷം മുഴക്കി.26 ഇനങ്ങളിൽ മത്സരിക്കുന്ന കേരള ടീമിൽ 436 താരങ്ങളാണ് ഉള്ളത്. കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ കരുത്തോടെ, ഒരുമിച്ച് എന്ന മുദ്രാവാക്യവുമായി ഇനിയുള്ള രണ്ടാഴ്ചക്കാലം ഗുജറാത്തിലെ 6 നഗരങ്ങളിലായി 36 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.ഒക്ടോബർ 12 ന് സൂറത്തിലാണ് ഗെയിംസിന് കൊടിയിറങ്ങുക.
2015ല്‍ കേരളത്തിലാണ് അവസാനം ദേശീയ ഗെയിംസ് നടന്നത്. അന്ന് 54 സ്വർണവുമായി കേരളം രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. 91 സ്വർണവുമായി സർവീസസായിരുന്നു ഒന്നാം സ്ഥാനത്ത്. തുടർന്ന് 36–ാം ഗെയിംസ് 2016 നവംബറിൽ ഗോവയിൽ നടത്താനാൻ തീരുമാനിച്ചിരുന്നെങ്കിലും ഒരുക്കങ്ങൾ വൈകിയതോടെ പലതവണ നീട്ടിവയ്ക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here