ADVERTISEMENT
കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. 8 മണിക്കൂര്‍ ഡ്യൂട്ടി സംബന്ധിച്ച് ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും യൂണിയനുകളുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി പ്രതികരിച്ചു.
‘അഞ്ചാം തിയതിക്കുള്ളില്‍ ശമ്പളം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. സമരം ചെയ്യുന്നവര്‍ക്ക് ശമ്പളമില്ല. തിരിച്ചു വരുമ്പോള്‍ ജോലി പോലും ഉണ്ടാകില്ല. ഡ്യൂട്ടി തടഞ്ഞാല്‍ ക്രിമിനല്‍ കേസെടുക്കും. യൂണിയന്‍ നേതാവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാല്‍ അവരെ സഹായിക്കാന്‍ യൂണിയന് കഴിയില്ല. സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല’, ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെഎസ്ആര്‍ടിസിയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ പാറശാല ഡിപ്പോയില്‍ പദ്ധതി നടപ്പിലാക്കും. സിഐടിയു തീരുമാനം അംഗീകരിച്ചു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് സമരം പ്രഖ്യാപിക്കുകയായിരുന്നു.
കഴിഞ്ഞദിവസം യൂണിയൻ നേതാക്കളുമായി നടന്ന ചർച്ചയിൽ പരാതികൾ ഇല്ലാത്ത പാറശാല ഡിപ്പോയിൽ മാത്രമാണ് തുടക്കത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാൻ തീരുമാനിച്ചത്. ശേഷം ടിഡിഎഫ് ആഹ്വാനം ചെയ്ത രാഷ്ട്രീയ പ്രേരിത പണിമുടക്കിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് സിഐടിയു പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.