‘സ്വര്‍ഗ്ഗത്തിലിരുന്ന് നീയിത് കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്’; ഹൃദയസ്പർശിയായ കുറിപ്പുമായി സിജി സച്ചി | Siji Sachy

ഇന്ന് ദേശീയ ചലച്ചിത്ര അവാർഡ് രാഷ്‍ട്രപതി വിതരണം ചെയ്യും.’അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ സച്ചിയായിരുന്നു മികച്ച സംവിധായകനായി ദേശീയ അവാർഡിൽ തെരഞ്ഞെടുക്കപ്പെട്ടത്. അന്തരിച്ച സച്ചിക്ക് വേണ്ടി അവാർഡ് ഏറ്റുവാങ്ങാൻ ഭാര്യ സിജി ദില്ലിയിലെത്തി.

അവാർഡ് ഏറ്റുവാങ്ങുന്നത് സ്വർഗത്തിൽ നിന്ന് സച്ചി കാണുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സിജി ഫേസ്ബുക്കിൽ കുറിച്ചു.

നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്‍റിന്റെ കൂടെ ഡിന്നർ കഴിക്കും. നാഷണൽ അവാർഡ് വാങ്ങും. അന്ന് നിന്റെ മൂർദ്ധാവിൽ ചുംബനം നൽകിയിട്ടു ഞാനതു സ്വീകരിക്കും . ഇന്ന് മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അത് ഏറ്റുവാങ്ങും.

ഈ പാട്ട് ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നാഞ്ചിയമ്മയേയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയിൽ തന്നെ എത്തിച്ചു. അതെ നീ ചരിത്രം തേടുന്നില്ല. നിന്നെ തേടുന്നവർക്കൊരു ചരിത്രം ആണ് നീ. ഇന്ന് വൈകിട്ട് ആണ് ചരിത്രമുഹൂർത്തം.

ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ശ്രീമതി ദ്രൗപതി മുർമുവിന്റെ കയ്യിൽ നിന്നും, എഴുത്തും വായനയും അറിയാത്ത ഗോത്രവർഗ്ഗത്തിൽനിന്നും ഉയർന്നുവന്നു ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നാഞ്ചിയമ്മ അവാർഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂർത്തം. കൂടെ അയ്യപ്പനും കോശിയും നാഞ്ചിയമ്മയും ഒക്കെ പിറന്ന സിനിമയുടെ കാരണവരായ നിന്നക്കുള്ള അവാർഡും പ്രഥമ വനിതയിൽ നിന്നും ഞാൻ സ്വീകരിക്കും.

പ്രിയപ്പെട്ട സച്ചീ. ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിന്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സ്വർഗ്ഗത്തിൽ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സ്വപ്‍നം സാക്ഷാത്കരിക്കപെടുകയാണ്. നീ കണ്ട സ്വപ്‍നങ്ങളിലേക്കുള്ള യാത്രയിൽ ആണ് ഞാൻ എന്നും സിജി ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നു.

നാല് ദേശീയ അവാർഡുകളായിരുന്നു ‘അയ്യപ്പനും കോശിയും’ സ്വന്തമാക്കിയത്. സച്ചിയെ മികച്ച സംവിധായകനാക്കിയ ചിത്രത്തിലെ ഗാനം പാടി നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായി. മികച്ച സഹനടനുള്ള അവാർഡും ബിജു മേനോനും സ്വന്തമാക്കി. രാജശേഖർ, മാഫിയ ശശി, സുപ്രീം സുന്ദർ എന്നിവർ ചിത്രത്തിലൂടെ മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫിക്കുള്ള ദേശീയ അവാർഡും സ്വന്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News