PFI: ഏറ്റവും കൂടുതൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായത് കേരളത്തിൽ; ശക്തമായ നടപടികളുമായി സർക്കാർ

ഹർത്താലും വിവിധ അക്രമ സംഭവങ്ങളുമായും ബന്ധപ്പെട്ട്‌ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോപ്പുലർ ഫ്രണ്ട്(popular front) പ്രവർത്തകർ അറസ്റ്റിലായത് കേരളത്തിൽ. ഇന്നത്തെ കണക്ക്‌ പ്രകാരമാണിത്‌. ഏകദേശം 2500 ഓളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും നേതാക്കളുമാണ് കേരളത്തിൽ അറസ്റ്റിലായിട്ടുള്ളത്.

ഇന്ത്യ(india)യിലെ മറ്റൊരു സംസ്ഥാനത്തും ഇത്രയധികം പേരെ സംഘടന നിരോധിച്ചതിന് പിന്നാലെ അറസ്റ്റ്‌ ചെയ്‌തിട്ടില്ല. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സർക്കാർ നിരോധിച്ചതിനു പിന്നാലെ സംസ്ഥാന സർക്കാരും തുടർ നടപടികൾ നിയമാനുസൃതമായി സമയബന്ധിതമായി സ്വീകരിച്ചു. 28 നാണ് പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്.

അന്നു തന്നെ സംസ്ഥാനത്തും തുടർനടപടികളുടെ ഭാഗമായ പ്രവർത്തനങ്ങൾ ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതമായിട്ടാണ് സംസ്ഥാന സർക്കാരും പോലീസും പ്രവർത്തിച്ചത്.

സംസ്ഥാന ആഭ്യന്തര വകുപ്പ് നിരോധനവുമായി ബന്ധപ്പെട്ട നിയമനടപടികൾ സ്വീകരിക്കാൻ അതത് ജില്ലകളിലെ ജില്ലാ മജിസ്റ്റ്ട്രേറ്റ് / പോലീസ് കമ്മീഷ്‌ണർ / പോലീസ് സുപ്രണ്ട് എന്നിവർക്ക് നിർദ്ദേശം നൽകികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

ഡൽഹിയിലും കർണ്ണാടകയിലും യുപിയിലും ബീഹാറിലും പോപ്പുലർ ഫ്രണ്ടിന് വേരോട്ടമുണ്ട്, എന്നാൽ അവിടെയെങ്ങും നിരോധിച്ച ഉടൻ ഈ രീതിയിലുള്ള നിയമ നടപടികൾ ഉണ്ടായതായി വിവരങ്ങളില്ല. നേതാക്കളെ അറസ്റ്റു ചെയ്‌തതിന് എതിരെ നടത്തിയ ഹർത്താലിൽ ഉണ്ടായ അക്രമത്തിന് വലിയ തുക നഷ്‌ട‌പരിഹാരം അവരിൽ നിന്നും ഈടാക്കണമെന്ന നിലപാടാണ് സർക്കാരും പൊലീസും കോടതിയിൽ സ്വീകരിച്ചത്.

അതിന്റെ ഭാ​ഗമായാണ് 5.20 കോടി രൂപ ഇവരിൽ നിന്ന് ഈടാക്കണമെന്നും പിഴതുക ആഭ്യന്തരവകുപ്പിൽ കെട്ടിവയ്ക്കാതെ ഒരാൾക്കും ജാമ്യം നൽകരുതെന്നും, മജിസ്റ്റ്ട്രേറ്റ് കോടതികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്. മാത്രമല്ല പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്‌ദുൾ സത്താറിനെ എല്ലാ കേസുകളിലും പ്രതിചേർക്കാനും കോടതി നിർദ്ദേശിച്ചു. ഇതെല്ലാം എൽഡിഎഫ് സർക്കാർ പിഎഫ്ഐക്കെതിരെ സ്വീകരിച്ച കർശന നടപടികളുടെ ഭാ​ഗമാണ്.

സർക്കാർ പിഎഫ്ഐക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ കാലതാമസം ഉണ്ടായി എന്ന ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്ന്‌ ഈ നടപടികളിലൂടെ വ്യക്തമാണ്‌. സർക്കാരെന്ന നിലയിൽ നിയമാനുസൃതമായി മാത്രമേ നടപടികൾ സ്വീകരിക്കാനാകൂ. ബിജെപിയെയോ കെ സുരേന്ദ്രനെയോ തൃപ്‌തിപെടുത്താനായി സർക്കാരിനോ പൊലീസിനോ പ്രവർത്തിക്കാൻ കഴിയില്ല.

സർക്കാർ നടപടികൾ ആരുടെയെങ്കിലും ഗൂഡ്‌ബുക്കിൽ ഇടം പിടിക്കാനല്ല, മറിച്ച് നാട്ടിൽ ക്രമസമാധാനവും നിയമവാഴ്ച്ചയും ഉറപ്പ് വരുത്തുക എന്നതാണ് പ്രധാനം, അതിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഇടതുപക്ഷ സർക്കാർ തയ്യാറാവില്ലെന്നും വ്യക്തം. പിഎഫ്ഐക്കെതിരെയുള്ള നടപടികൾ വേട്ടയാടൽ ആകരുതെന്ന് മുഖ്യമന്ത്രി പൊലീസ്\കലക്‌ടർമാരുടെ യോഗത്തിൽ പറഞ്ഞു എന്ന വാർത്തയെ അടിസ്ഥാനപ്പെടുത്തി സർക്കാർ നടപടികളെ തെറ്റായി ചിത്രീകരിക്കാനാണ് സംഘപരിവാറും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്.

വേട്ടയാടൽ അല്ല വേണ്ടത് മറിച്ച് നിയമപരമായ നടപടികളാണ് വേണ്ടത് എന്നത് എൽഡിഎഫിന്റെ നയമാണ്, അതിൽ ഒരു ഘട്ടത്തിലും മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാകരുത് എന്നത് ഇടതുപക്ഷ നിലപാടിന്റെ ഭാഗമാണ്. അതിന്റെ അർഥം ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്‌ച ഒരു അക്രമസംഭവങ്ങളോടും തീവ്രവാദ സംഘങ്ങളോടും ഉണ്ടാകും എന്നല്ല

കേന്ദ്ര സർക്കാർ നിരോധിച്ചിട്ടും നടപടി വൈകി എന്ന കെ സുരേന്ദ്രന്റെ ആരോപണം വസ്‌തുത മനസിലാക്കാതെ തെറ്റിദ്ധാരണ പരത്താനാണ്. കേന്ദ്ര സർക്കാർ ഒരു രഹസ്യ ഓപ്പറേഷന്റെ ഭാഗമായാണ് പിഎഫ്ഐ അടക്കമുള്ള സംഘടനകളെ നിരോധിക്കാൻ തീരുമാനിച്ചത്. നിരോധനം അല്ല മറിച്ച് ജനങ്ങളെ ബോധവൽകരിക്കുകയും ഇത്തരം സംഘങ്ങളെ ഒറ്റപ്പെടുത്തുകയും ആണ് സിപിഐ എമ്മിന്റെയും എൽഡിഫിന്റെയും നയം.

വർഗീയതക്കെതിരെ മതേതര ശക്തികളെ അണിനിരത്തി ജനങ്ങളെ ഒറ്റകെട്ടായി മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ശരിയായ മാർഗം. പിഎഫ്ഐ നിരോധിച്ചതുകൊണ്ട് മാത്രം നാട്ടിൽ സമാധാനം പുലരില്ല. എല്ലാ അക്രമങ്ങളുടെയും വർഗീയ കലാപങ്ങളുടെയും മറുവശത്തുള്ള ആർഎസ്എസിനെയും അനുബന്ധ സംഘപരിവാർ സംഘങ്ങളെയും നിരോധിക്കുക കൂടി വേണം.

ഇത്തരം ഹിന്ദുത്വ വർഗീയ ശക്തികളുടെ ചാമ്പ്യൻ ആർഎസ്എസ് ആണ്, ആ ആർഎസ്‌എസിനെ തള്ളിപ്പറയാൻ സുരേന്ദ്രനും ബിജെപിക്കും കഴിയുമോ?. പൗരാവകാശങ്ങളും ജനാധിപത്യ മതേതര അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് ഭീകരവാദത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും തടയിടാൻ നിയനുസൃത നടപടികൾ സ്വീകരിക്കുക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയം അത് തുടരുക തന്നെ ചെയ്യുമെന്ന്‌ സർക്കാർ ഓരോ നടപടികളിലൂടെയും വ്യക്തമാക്കുന്നു. ആർഎസ്എസും കെ സുരേന്ദ്രനും ഉന്നയിക്കുന്ന കപട ആരോപണങ്ങളിൽ കേരളം വിശ്വാസം അർപ്പിക്കുന്നില്ല എന്ന് പലകുറി തെളിയിക്കപ്പെട്ടതാണ്. ഇക്കാര്യത്തിലും അതുതന്നെ ആണ് ജനങ്ങളുടെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News