ആര്‍ത്തവദിനങ്ങളില്‍ അമിത രക്തസ്രാവമോ ? കാരണം ഇതാവാം | Health

ചിലരിൽ ആർത്തവ ദിവസങ്ങളിൽ അമിതമായ രക്തസ്രാവം ഉണ്ടാകാറുണ്ട്.ഒരു ദിവസം എത്ര തവണ പാഡ് മാറ്റേണ്ടി വരുന്നുവെന്ന് കണക്കാക്കുന്നതിലൂടെ അമിത രക്തസ്രാവം ഉണ്ടോ എന്ന് തിരിച്ചറിയാൻ കഴിയും.

അമിത ആർത്തവ രക്തസ്രാവമുള്ളവർക്ക് പെട്ടെന്നുതന്നെ, അതായത് ഒന്നു രണ്ടു മണിക്കൂറിനുള്ളിൽ പാഡ് മാറ്റേണ്ടതായി വരും. കൂടാതെ ഇവരിൽ ഒരാഴ്ച മുഴുവൻ രക്തസ്രാവം നീണ്ടുനിൽക്കുകയും ചെയ്യും. അമിതമായ രക്തം പോക്ക് വിളർച്ചയ്ക്കും ക്ഷീണത്തിനുമിടയാക്കും.

ഗർഭനിരോധന മാർഗം (ഐയുഡി) ഗർഭധാരണം തടയുന്നതിനുള്ള ഉപകരണം ഗർഭപാത്രത്തിനുള്ളിൽ കടത്തി വയ്ക്കുന്നത് ആർത്തവ സമയത്ത് രക്തസ്രാവം അമിതമാവാൻ കാരണമാകാറുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ഉടൻ തന്നെ ഐയുഡി മാറ്റി മറ്റേതെങ്കിലും മാർഗം സ്വീകരിക്കുക.

ലക്ഷണങ്ങൾ

ഓരോ മണിക്കൂറിലും അല്ലെങ്കിൽ അടുത്തടുത്ത ഇടവേളകളിൽ പാഡ് മാറ്റേണ്ടിവരിക, രക്തസ്രാവം അമിതമാകുന്നതു മൂലം രണ്ട് പാഡുകൾ ഉപയോഗിക്കേണ്ടിവരിക, രക്തസ്രാവം ഒരാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുക രാത്രി കാലങ്ങളിൽപ്പോലും ഇടയ്ക്കിടെ പാഡ്മാറ്റേണ്ടിവരിക, ക്ഷീണവും തലവേദനയുമുണ്ടാവുക, അമിത രക്തസ്രാവം മൂലം ദൈനം ദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുക, ആർത്തവരക്തത്തിനൊപ്പം വലിയ രക്തക്കട്ടകൾ പുറന്തള്ളുക തുടങ്ങിയവയാണ് അമിതരക്തസ്രാവത്തിന്റെ ലക്ഷണങ്ങൾ.

കാരണങ്ങൾ പലത്

ഗർഭനിരോധനോപാധികൾ ഗർഭാശയത്തിനുള്ളിൽ നിക്ഷേപിക്കുക, ഗർഭാശയ വീക്കം, പ്രസവശേഷം ഗർഭാശയം ചുരുങ്ങാതിരിക്കുക തുടങ്ങി അമിത രക്തസ്രാവത്തിന് പലവിധ കാരണങ്ങളുണ്ട്. ഗർഭാശയമുഴകൾ, ചില ഗർഭനിരോധനോപാധികൾ എന്നിവയും കാരണമാകാം.

ആർത്തവ വിരാമ കാലത്തുണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥയാണ് സാധാരണയായി അമിത രക്തസ്രാവത്തിന് കാരണമാവുക. ആദ്യ ആർത്തവത്തിന് ശേഷവും ആർത്തവ വിരാമത്തിന് തൊട്ട് മുമ്പുള്ള കാലയളവിലും ഹോർമോണിന്റെ അളവിൽ വ്യത്യാസമുണ്ടാകുന്നത് രക്തസ്രാവം അമിതമാകുന്നതിന് കാരണമാകാറുണ്ട്.

ഗർഭാശയ മുഴകളും ഹോർമോൺ തകരാറും

ഗർഭപാത്രത്തിൽ ഉണ്ടാകുന്ന ചെറിയ ചെറിയ മുഴകളാണ് ഫൈബ്രോയിഡുകൾ. ഈ ഫൈബ്രോയിഡുകൾ അമിത ആർത്തവ രക്തസ്രാവത്തിന് കാരണമാകാം. ആർത്തവ സമയത്ത് കൃത്യമായി അണ്ഡവിസർജനം നടക്കാത്തവരിൽ ഹോർമോൺ ഉൽപാദനവും ശരിയായ രീതിയിൽ നടക്കുകയില്ല.

ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കു കാരണമാവുകയും അമിതരക്തസ്രാവത്തിന് കാരണമാവുകയും ചെയ്യുന്നു. ശരീരത്തിൽ രക്തം ശരിയായി കട്ടപിടിക്കാതിരിക്കുന്ന തരത്തിലുള്ള തകരാറുകൾ പാരമ്പര്യമായി ഉള്ളവരിലും ആർത്തവകാലത്ത് അമിത രക്തസ്രാവം ഉണ്ടാകാം. ഗർഭാശയമുഖ കാൻസർ പോലുള്ള രോഗങ്ങളും ഇതിന് കാരണമാണ്. അണ്ഡാശയം, ഗർഭപാത്രം, ഗർഭാശയമുഖം എന്നീ ഭാഗങ്ങളെ ബാധിക്കുന്ന ക്യാൻസറുകൾ അമിതരക്തസ്രാവത്തിന് കാരണമായേക്കാം.

ഗർഭാശയ പോളിപ്പുകൾ മറ്റൊരു കാരണമാണ്. ഗർഭപാത്രത്തിന്റെ അകത്തെ പാളിയിൽ ഉണ്ടാകുന്ന അപകടകരമല്ലാത്ത വളർച്ചകളാണ് പോളിപ്പുകൾ. ഇതു കാരണം ആർത്തവസമയത്ത് നീണ്ടുനിൽക്കുന്ന രക്തസ്രാവമോ അമിത രക്തസ്രാവമോ ഉണ്ടായേക്കാം. തൈറോയ്ഡ് പ്രശ്‌നങ്ങൾ, വൃക്ക, കരൾ എന്നിവയുടെ തകരാറുകൾ എന്നിവയെത്തുടർന്നും അമിത രക്തസ്രാവം ഉണ്ടാകാറുണ്ട്..

ചികിത്സ വേണം

ആർത്തവരക്തസ്രാവത്തിൽ അസ്വഭാവികതകൾ അനുഭവപ്പെടുകയാണെങ്കിൽ ഗൈനക്കോളജിസ്റ്റിനെ കാണുകയും ആവശ്യമെങ്കിൽ പരിശോനകൾ നത്തേണ്ടതുമാണ്. കാരണം അമിതരക്തസ്രാവം ഉൾപ്പെടെയുള്ള ആർത്തവ തകരാറുകൾ നേരത്തെ ചികിത്സിച്ച് ഭേദമാക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഭാവിയിൽ ഗർഭധാരണത്തെ ഉൾപ്പെടെ ബാധിക്കാൻ സാധ്യതയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News