
മണിരത്നത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവൻ’ ഇന്ന് പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. വിസ്‍മയിപ്പിക്കുന്ന ദൃശ്യക്കാഴ്‍ചകളുള്ള ഗംഭീര സിനിമയാണ് ‘പൊന്നിയിൻ സെൽവൻ’ എന്നാണ് അഭിപ്രായങ്ങൾ.
വൻ താരനിര അണിനിരക്കുന്ന ചിത്രം ആഘോഷപൂർവമായിട്ടാണ് പ്രദർശനത്തിന് എത്തിയത് എന്നതിനാൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം അറിയാൻ കാത്തിരിക്കുകയാണ്.
‘പൊന്നിയിൻ സെൽവനെ’ കുറിച്ച് മികച്ച അഭിപ്രായങ്ങൾ കേൾക്കുന്നതിൽ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളി താരം ദുൽഖർ.
‘പൊന്നിയിൻ സെൽവനെ’ കുറിച്ച് അതിശയകരമായ കാര്യങ്ങളാണ് കേൾക്കുന്നത്. കുടുംബത്തെ പോലെയുള്ള നിരവധി സുഹൃത്തുക്കൾ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ ഇത് ഒരു വ്യക്തികരമായ വിജയമായി തോന്നുന്നുവെന്നും ദുൽഖർ എഴുതിയിരിക്കുന്നു. ആഗോളതലത്തിൽ രണ്ടായിരത്തിലധികം തിയറ്ററുകളിലാണ് ‘പൊന്നിയിൻ സെൽവൻ’ ഒന്നാം ഭാഗം ഇന്ന് പ്രദർശനത്തിന് എത്തിയിരിക്കുന്നത്.
വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ട്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. എ ആർ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. രവി വർമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്‍ണമൂർത്തിയാണ് സൗണ്ട് ഡിസൈനർ. ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here