John Brittas: ഗെഹലോട്ട് പോയപ്പോള്‍ മറ്റൊരു ഉപഗ്രഹത്തെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഖാര്‍ഗെ സ്ഥാനാര്‍ത്ഥിയായത്: ജോണ്‍ ബ്രിട്ടാസ് എം പി

ഗെഹലോട്ട്(Gehlot) പോയപ്പോള്‍ മറ്റൊരു ഉപഗ്രഹത്തെ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ(Mallikarjun Kharge) സ്ഥാനാര്‍ത്ഥിയായി രംഗത്ത് വന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി(Dr. John Brittas MP). ബിജെപി(BJP) കണ്ണ് വെച്ചിരിക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ ആരോഗ്യത്തിന് വലിയ ആഘാതം ഉണ്ടാകുന്നതിനാണ് അശോക് ഗെഹലോട്ടിന്റെ മലക്കം മറച്ചിലുകള്‍ വഴിവെച്ചത്. കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ പദവി എന്നത് ഗാന്ധി കുടുംബത്തിന്റെ ഉപഗ്രഹ പദവി ആണെന്നതുകൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം മുറുകെ പിടിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് എം പി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തെക്കുറിച്ച് എന്തിനാണ് ചിന്തിക്കുകയും പറയുകയും ചെയ്യുന്നത് എന്ന് ചിലര്‍ക്ക് തോന്നിയേക്കാം. പാര്‍ട്ടികളെ അടിസ്ഥാനപ്പെടുത്തിയുള്ള പാര്‍ലമെന്ററി ഭരണസംവിധാനമാണ് നമ്മുടെ ഭരണഘടന അംഗീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ പശ്ചാത്തലത്തില്‍ പ്രധാനപ്പെട്ട ഒരു ഘടകവുമാണ്.

ഒറ്റനോട്ടത്തില്‍ കാര്യങ്ങള്‍ വ്യക്തമാണ്. ഔദ്യോഗികം, അനൗദ്യോഗികം എന്ന പരിവേഷങ്ങളൊന്നുമില്ലെങ്കിലും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെയാണ് ഗാന്ധി കുടുംബത്തിന്റെ നോമിനി. ഇക്കാരണം കൊണ്ടുതന്നെയാണ് എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പട്ടികയില്‍ ഒപ്പു ചാര്‍ത്തിയിരിക്കുന്നത്.

തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പറഞ്ഞുവെന്ന് ശശി തരൂര്‍ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷപ്പെടുത്തട്ടെ എന്നു മാത്രമേ എനിക്ക് പറയാനുള്ളൂ. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ തുടക്കം മുതല്‍ തന്നെ താല്പര്യം പരസ്യമായി പ്രകടിപ്പിച്ചയാളാണ് ശശി തരൂര്‍. അദ്ദേഹം ചെയര്‍മാനായ ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത് എന്നതുകൊണ്ട് തന്നെ ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ സംസാരിക്കാന്‍ മുമ്പും അവസരം ലഭിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര പ്രഭാവമുള്ള ശശി തരൂരിന്റെ യോഗ്യതയെ കുറിച്ച് ആര്‍ക്കും ഭിന്നാഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല. ജനപിന്തുണയുള്ള, കഴിവു തെളിയിച്ച, നേതൃശേഷിയുള്ള വ്യക്തിത്വമാണ് അദ്ദേഹം. എന്നാല്‍ കോണ്‍ഗ്രസില്‍ അതുമാത്രം പോരാ എന്നതാണ് വാസ്തവം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ തന്റെ പംക്തിയില്‍ ഒരു കാര്യം പച്ചയ്ക്ക് പറഞ്ഞിട്ടുണ്ട് :- ആര് പ്രസിഡന്റായാലും യഥാര്‍ത്ഥ നേതൃത്വം ഗാന്ധി കുടുംബത്തിനായിരിക്കും. ഈ ബ്രാക്കറ്റില്‍ പെടാത്തതുകൊണ്ടാണ് ശശി തരൂര്‍ ”ഔദ്യോഗിക” സ്ഥാനാര്‍ത്ഥി ആകാതിരിക്കുന്നത്. അദ്ദേഹത്തിന് എത്ര വോട്ട് കിട്ടും എന്നതാണ് പ്രസക്തമായ ചോദ്യം.

കോണ്‍ഗ്രസിനെ നവീകരിക്കാന്‍ ലഭിച്ച ഒരു സുവര്‍ണാവസരമായിരുന്നു ഇത്. എന്നാല്‍ ഗാന്ധി കുടുംബത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഒരാളെ കണ്ടെത്താനുള്ള വ്യഗ്രതയില്‍ അവസരം നഷ്ടമാക്കി എന്നു മാത്രമല്ല കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ബിജെപി കണ്ണ് വെച്ചിരിക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ ആരോഗ്യത്തിന് വലിയ ആഘാതം ഉണ്ടാകുന്നതിനാണ് അശോക് ഗെഹലോട്ടിന്റെ മലക്കം മറച്ചിലുകള്‍ വഴിവെച്ചത്. കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ പദവി എന്നത് ഗാന്ധി കുടുംബത്തിന്റെ ഉപഗ്രഹ പദവി ആണെന്നതുകൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം മുറുകെ പിടിച്ചത്. ഗെഹലോട്ട് പോയപ്പോള്‍ മറ്റൊരു ഉപഗ്രഹത്തെ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സ്ഥാനാര്‍ത്ഥിയായി രംഗത്ത് വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News