PFI: കേന്ദ്ര സര്‍ക്കാര്‍ നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ക്കെതിരെ എന്‍ ഐ എ നടപടി തുടങ്ങി

കേന്ദ്ര സര്‍ക്കാര്‍ നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ക്കെതിരെ എന്‍ ഐ എ നടപടി തുടങ്ങി, കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസടക്കം വിവിധ ജില്ലകളില്‍ ഉദ്യോഗസ്ഥര്‍ ഓഫീസുകള്‍ സീല്‍ ചെയ്തു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ എന്‍ ഐ എ കോടതി റിമാന്റ് ചെയ്തു.

കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസടക്കം വടകരയിലെയും നാദാപുരത്തെയും ഓഫീസുകളില്‍ എന്‍ ഐ എ സംഘമെത്തി. ഓഫീസുകള്‍ അടയ്ക്കുന്നതിന്റെ ഭാഗമായി നോട്ടീസ് പതിപ്പിച്ച ശേഷം സീല്‍ ചെയ്താണ് സംഘം മടങ്ങിയത്. കാസര്‍കോട് പെരുമ്പളക്കടവിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് എന്‍ ഐ എ അടച്ചുപൂട്ടി. കാസര്‍ഗോഡ് ജില്ലയിലെ മറ്റ് ഓഫീസുകള്‍ കണ്ടുകെട്ടാന്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന വിജ്ഞാപനമിറക്കി. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലം ,പത്തനംതിട്ട പന്തളം, കൊല്ലം പള്ളിമുക്ക്, എന്നിവിടങ്ങളിലെയും കരുനാഗപ്പള്ളി പുതിയകാവിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ദക്ഷിണ മേഖലാ ഓഫീസും പോലീസിന്റെ സഹായത്തോടെ എന്‍ ഐ എ സംഘം സീല്‍ ചെയ്തു.

ഇതിനിടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ റിമാന്റ് ചെയ്തു. കേസില്‍ നേരത്തെ അറസ്റ്റിലായ പതിനൊന്ന് പ്രതികളെയും അടുത്ത മാസം 20 വരെയാണ് കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതി റിമാന്റ് ചെയ്തത്. അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കി. സത്താറിനെ തിങ്കളാഴ്ച എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here