K. Chandru: ഗവര്‍ണര്‍ രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റുന്നു: ജസ്റ്റിസ് കെ ചന്ദ്രു

കേരള ഗവര്‍ണര്‍ രാജ്ഭവനെ ബിജെപിയുടെ പാര്‍ടി ഓഫീസാക്കി മാറ്റുകയാണെന്ന് ജസ്റ്റിസ് കെ ചന്ദ്രു. എകെജി പഠന ഗവേഷണ കേന്ദ്രവും ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആടിന് താടിയെന്തിന്, നാടിന് ഗവര്‍ണര്‍ എന്തിന് എന്ന അണ്ണാദുരൈയുടെ ചോദ്യം വീണ്ടും ഉറക്കെ ചോദിക്കേണ്ട സാഹചര്യമാണ്. ജനാധിപത്യത്തില്‍ ഏറ്റവും കുറഞ്ഞ യോഗ്യത ആവശ്യമുള്ള പദവിയാണ് ഗവര്‍ണറുടേത്. തെലങ്കാന, കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ ബിജെപി ഇതര സര്‍ക്കാരുകളാണ് ഭരിക്കുന്നത്. കര്‍ണാടകയില്‍ ബിജെപിയും. ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡി നിലപാട് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. ഇക്കാരണത്താല്‍ ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഇടപെടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനായി ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുകയെന്ന ഏക ഉത്തരവാദിത്തമാണ് കേന്ദ്രം ഗവര്‍ണര്‍മാരെ ഏല്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ താല്‍പര്യപ്രകാരമാണ് ഗവര്‍ണര്‍മാരെ നിയമിക്കുന്നത്. എന്നാല്‍, ഫലത്തില്‍ ആഭ്യന്തരമന്ത്രാലമാണ് ഇവരെ നിയന്ത്രിക്കുന്നത്.

രാജ്ഭവനുകളെ കാര്യഭവനാക്കി മാറ്റാനും കാവിവല്‍ക്കരണം നടപ്പാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. കറവ വറ്റിയ പശുവിനെ ഗോശാലയിലേക്ക് മാറ്റുന്നതുപോലെ സജീവ രാഷ്ട്രീയത്തില്‍ ആവശ്യമില്ലാത്തവരെ രാജ്ഭവനിലേക്ക് അയക്കാന്‍ തുടങ്ങിയത് കോണ്‍ഗ്രസാണ്. ഇവരെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം 1960ന് മുമ്പേ തുടങ്ങിയിട്ടുണ്ട്. 1957ല്‍ തെരഞ്ഞെടുക്കപ്പെട്ട ഇഎംഎസ് സര്‍ക്കാരിനെ 1959ല്‍ പിരിച്ചുവിട്ടത് ഇതിന് ഉദാഹരണമാണ്. ഭരണഘടനയോട് ബഹുമാനമില്ലാതെ പെരുമാറുന്നതിലും ഗവര്‍ണര്‍ പദവി ദുരുപയോഗപ്പെടുത്തുന്നതിലും കോണ്‍ഗ്രസും ബിജെപിയും ഒരേ നിലപാടാണ് സ്വീകരിച്ചത്. നല്ലതും മോശവും ഏറ്റവും മോശവുമായ ഗവര്‍ണര്‍മാരുണ്ട്. ഇതില്‍ മൂന്നാമത്തെ ഗണത്തിലാണ് ദക്ഷിണേന്ത്യയിലെ ഗവര്‍ണര്‍മാര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News