മണ്ണിൽ നിന്ന് ഉയർന്നുവന്ന വേറിട്ട രണ്ട് നക്ഷത്രങ്ങൾ ഒരേ വേദിയിൽ ! Nanjiyamma

ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ദ്രൗപതി മുർമുവിന്റെ കയ്യിൽ നിന്നും, എഴുത്തും വായനയും അറിയാത്ത ഗോത്രവർഗ്ഗത്തിൽ നിന്നും ഉയർന്നുവന്ന് ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നഞ്ചിയമ്മ അവാർഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂർത്തത്തിനാണ് ഇന്ന് രാജ്യം സാക്ഷിയായത്.

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മലയാളത്തിന്റെ സ്വന്തം നഞ്ചിയമ്മ ഏറ്റുവാങ്ങി. നഞ്ചിയമ്മയുടെ പേര് വായിച്ചപ്പോൾ സദസ്സിൽ നിന്ന് കയ്യടികൾ ഉയർന്നു. നിറചിരിയോടെ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നഞ്ചിയമ്മ പുരസ്‌കാരം വാങ്ങുമ്പോൾ എഴുന്നേറ്റ് നിന്ന് സദസ്സ് ആദരവ് പ്രകടിപ്പിച്ചു.

നഞ്ചിയമ്മയുടെ പുരസ്‌കാരത്തിൽ അഭിമാനം തോന്നുന്നുവെന്നാണ് കേന്ദ്രവാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞത്. തന്റെ സ്വാഗത പ്രസംഗത്തിലാണ് മന്ത്രി നഞ്ചിയമ്മയുടെ പേരെടുത്ത് പറഞ്ഞത്.

68 -ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച ഗായികയായി തിര‍ഞ്ഞെടുത്തത് നഞ്ചിയമ്മയെയായിരുന്നു. ആടുംമാടും മേച്ചു നടന്ന അട്ടപ്പാടിയുടെ സ്വന്തം ഗായിക. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെയാണ് പുരസ്കാരം സ്വന്തമാക്കിയത്.

നഞ്ചിയമ്മയ്ക്ക് പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രഥമ വനിതയായി ദ്രൗപദി മുർമു എത്തിയത്.ആദിവാസി ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി.

മന്ത്രി കെ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് നഞ്ചിയമ്മയ്ക്ക് അഭിനന്ദനങ്ങളുമായെത്തിയത്.

മന്ത്രി കെ രാധാകൃഷ്ണന്‍റെ  അഭിനന്ദനക്കുറിപ്പ്

ഗോത്ര സംസ്‌കൃതിയുടെ തനിമയും ജൈവികതയും മൗലികമായി അനുഭവിപ്പിക്കുന്ന ‘കളക്കാത്ത സന്ദനമേരം’ എന്ന ഗാനത്തിലൂടെ ഒരു നഷ്ടകാലത്തിന്റെ ഓർമ്മകളിലേക്ക് നമ്മെ കൊണ്ടുപോയ നാഞ്ചിയമ്മയ്ക്ക് ഇന്നലെ 2020ലെ കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡ് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ബഹു.മുഖ്യമന്ത്രി സമ്മാനിച്ചു.

അട്ടപ്പാടിയിലെ നാക്കുപതി ഊരില്‍ താമസിക്കുന്ന നാഞ്ചിയമ്മ ആദിവാസി കലാകാരന്‍ പഴനി സ്വാമിയുടെ നേതൃത്വത്തിലുള്ള ആസാദ് കലാ സമിതിയിലെ നാടന്‍പാട്ടുകാരിയുമാണ്. കൃഷിയും കാലി മേയ്ക്കലുമാണ് നാഞ്ചിയമ്മയുടെ ഉപജീവനമാര്‍ഗം. തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ നാടന്‍ പാട്ടുകളാണ് നാഞ്ചിയമ്മ പാടാറ്.
നാഞ്ചിയമ്മയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ…

ഗായകൻ പന്തളം ബാലൻറെ കുറിപ്പ്

നഞ്ചിയമ്മയ്ക്ക് അഭിനന്ദനങ്ങൾ. മണ്ണിന്റെ മകൾക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്കാരം. സംഗീതത്തിന് ജാതിയില്ല മതമില്ല നിറമില്ല. കർണ്ണ സുഖമുള്ള സംഗീതം അത് ആര് പാടിയാലും അംഗീകരിക്കാനുള്ള മനസ്സാണ് മനുഷ്യന് വേണ്ടത്. കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നതുപോലെ. ഒരു പാവം അമ്മ പാടിയ പാട്ട് ജനങ്ങൾ എല്ലാവരും ആസ്വദിച്ചു.

അത് ജനഹൃദയങ്ങളിൽ എത്തുകയും ചെയ്തു. പത്മശ്രീയും പത്മവിഭൂഷനും ദേശീയ പുരസ്കാരങ്ങളും ഒക്കെ എപ്പോഴും ഒരേ കൈകളിൽ തന്നെ ചെന്നെത്താറുണ്ട്. ഇപ്രാവശ്യം അതിനൊരു വലിയ മാറ്റം ഉണ്ടായി. എന്നെപ്പോലുള്ള പാട്ടുകാർക്കും കലാകാരന്മാർക്കും ഒരുപാട് പേർക്ക് ഏറെ സന്തോഷം നൽകിയ വാർത്തയാണ് നഞ്ചി അമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു എന്നത്. അവിടെ ഇരിക്കുന്ന ജൂറികളെ നാഞ്ചിയമ്മ സ്വാധീനിച്ചു എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ.

ആ സിനിമ പൂർണമായി കണ്ടപ്പോൾ ആ സീനിന് ചേരുന്ന പാട്ട് അമ്മയുടെ ശബ്ദത്തിൽ അവർ ആസ്വദിച്ചു. അതൊരു തെറ്റായിപ്പോയി എന്നെനിക്ക് തോന്നുന്നില്ല. എത്രയോ കഴിവില്ലാത്തവർക്ക് പത്മശ്രീയും മറ്റു പുരസ്കാരങ്ങളും ഒക്കെ ഇതിന് മുമ്പ് കൊടുത്തിരിക്കുന്നു.

അന്നൊന്നും ഉയരാത്ത ഒരു ശബ്ദം നഞ്ചിയമ്മയുടെ അവാർഡ് കാര്യത്തിൽ ചില കോണുകളിൽ നിന്ന് ഉയർന്നുകൊണ്ടിരിക്കുന്നു. ഏറെ വിഷമം തോന്നി. യഥാർത്ഥത്തിൽ ഈ നാഷണൽ അവാർഡ് എന്താണെന്ന് പോലും നഞ്ചിയമ്മയ്ക്ക് അറിയും എന്ന് എനിക്ക് തോന്നുന്നില്ല.

അമ്മയ്ക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണിത്.അതിൽ നമ്മൾ ഓരോരുത്തരും സന്തോഷിക്കുകയും അഭിമാനിക്കുകയും ആണ് വേണ്ടത്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഞാൻ ഒരു ഗായകനാണ്. ഒരുപാട് മാറ്റിനിർത്തപ്പെടലുകൾ അനുഭവിച്ച ഒരു വ്യക്തി കൂടിയാണ്. കൊടുത്തവർക്ക് വീണ്ടും കൊടുക്കണം എന്നുള്ള ഒരു വാശി അതിനി മുമ്പോട്ട് നടക്കും എന്ന് എനിക്ക് തോന്നുന്നില്ല. മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാകട്ടെ.

ഒരു നല്ലതിന്റെ തുടക്കമായിട്ട് നമുക്ക് ഇതിനെ കാണാം. പ്രിയപ്പെട്ട അമ്മയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ. എല്ലാവിധ നന്മകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു ഒരുപാട് സ്നേഹത്തോടെ…..

ആദിവാസിവിഭാഗത്തിൽ നിന്നുള്ള ഗായികയായ നഞ്ചിയമ്മയ്ക്ക് ഗോത്രവിഭാഗത്തിൽ നിന്ന് ഉയർന്നുവന്ന ദ്രൗപദി മുർമു പുരസ്കാരം നൽകിയത്  ദേശീയ ചലച്ചിത്ര പുരസ്കാരവിതരണ ചരിത്രത്തിലെ തിളക്കമുള്ള അധ്യായമായി.മണ്ണിൽ നിന്ന് ഉയർന്നുവന്ന വേറിട്ട രണ്ട് നക്ഷത്രങ്ങൾ ഒരു വേദിയിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here